
കോട്ടയം : വേമ്പനാട്ടുകായലിന് ഉൾക്കൊള്ളാവുന്നത് 913 ജലയാനങ്ങൾ, നിലവിൽ സർവീസ് നടത്തുന്നത് 2263 ബോട്ടുകൾ. സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്പ്മെന്റ് ആൻഡ് മാനേജ്മെന്റ് (സി.ഡബ്ല്യു.ആർ.ഡി.എം) നടത്തിയ പഠനത്തിലാണ് കായലിലെ ആവാസവ്യവസ്ഥ തകർത്ത് മലിനീകരണത്തിന് വഴിയൊരുക്കുന്ന ബോട്ടുകളുടെ എണ്ണം രണ്ടര ഇരട്ടിയിലേറെയായെന്ന കണ്ടെത്തൽ. കായലിൽ ജലയാത്രയ്ക്ക് അനുയോജ്യമായുള്ളത് 738 ചതുരശ്രകിലോമീറ്റർ ഭാഗമാണ്. സുരക്ഷിത യാത്രയ്ക്ക് ഒരു ജലയാനത്തിന് 0.809 ചതുരശ്ര കിലോമീറ്റർ വിസ്തൃതി വേണം. ഇതനുസരിച്ച് 461 ഹൗസ് ബോട്ടുകൾ, 135 ശിക്കാര വള്ളങ്ങൾ, 228 മോട്ടോർ ബോട്ടുകൾ എന്നിവയേ പാടുള്ളൂ. ആലപ്പുഴ കോട്ടയം ഭാഗത്ത് 954 ഹൗസ്ബോട്ടുകളാണുള്ളത്. രണ്ടു ജില്ലകളിലായി 821 ഹൗസ്ബോട്ടുകൾ, 241 ശിക്കാരവള്ളങ്ങൾ, 404 മോട്ടോർ ബോട്ടുകൾ ഉൾപ്പെടെ രജിസ്റ്റർ ചെയ്ത ജലയാനങ്ങൾ 1625 ആണ്.
എല്ലാം തള്ളും, കുപ്പത്തൊട്ടി
2013 ലെ പഠനത്തിൽ 315 ഹൗസ് ബോട്ടുകൾ ഉൾപ്പെടെ 605 ജലയാനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയേ കായലിന് ഉണ്ടായിരുന്നുള്ളൂ . അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പുതുക്കിയതോടെ ഇത് കുത്തനെ ഉയർന്നു. കായൽ മലിനീകരണത്തിന് പ്രധാന കാരണങ്ങളിലൊന്ന് ബോട്ടുകളുടെ അനിയന്ത്രിതമായ വർദ്ധനവാണ്. ബോട്ടുകളിൽ നിന്നുള്ള ശൗചാലയ മാലിന്യം വൻതോതിലാണ് കായലിൽ കലരുന്നത്. കോളിഫോം ബാക്ടീരിയയുടെ അളവും വർദ്ധിച്ചു. സഞ്ചാരികൾ ഉപയോഗിച്ച ശേഷം കായലിൽ തള്ളുന്ന പ്ലാസ്റ്റിക് കുപ്പികൾ ടൺ കണക്കിനാണ് അടിത്തട്ടിൽ നിറഞ്ഞു കിടക്കുന്നത്. ബോട്ടുകളിൽ നിന്നുള്ള എണ്ണ കായലിൽ പടരുന്നത് മത്സ്യസമ്പത്തിനെയും, കക്കയുടെ വളർച്ചയെയും ഗുരുതരമായി ബാധിക്കുന്നു.
അനധികൃത ബോട്ടുകൾ ഭീഷണി
ലൈസൻസില്ലാതെയും പുതുക്കാതെയും ബോട്ടുകളുടെ അനധികൃത സർവീസ്
നിലവിൽ സർവീസ് നടത്തുന്ന 661 ബോട്ടുകൾക്ക് ലൈസൻസില്ലെന്ന് കണ്ടെത്തി
ഫിഷിംഗ് ബോട്ടുകൾ രൂപമാറ്റം വരുത്തി ഹൗസ് ബോട്ടുകളാക്കി മാറ്റുന്നുവെന്ന്
മറ്റ് സ്ഥലങ്ങളിൽ രജിസ്ട്രേഷൻ നടത്തിയ ഇവയാണ് അപകടത്തിൽപ്പെടുന്നതിലേറെയും
''നിയമം ലംഘിച്ച് സർവീസ് നടത്തുന്ന അനധികൃത ഹൗസ് ബോട്ടുകൾക്കും വ്യാജ രജിസ്ട്രേഷനുമെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തും.
-ഹൗസ് ബോട്ട് ഓണേഴ്സ് കോർ കമ്മിറ്റി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |