ആവേശം പകരാൻ മുഖ്യമന്ത്രി ഇന്നെത്തും
കോഴിക്കോട്: പോളിംഗ് ബൂത്തിലേക്ക് നീങ്ങാൻ എട്ട് ദിനങ്ങൾ മാത്രം ശേഷിക്കെ എങ്ങും തീപാറുന്ന പ്രചാരണ കോലാഹലം. ആരോപണ പ്രത്യാരോപണങ്ങളുമായി വോട്ടറുടെ മനസിളക്കാൻ മുന്നണികൾ ഓടി നടക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളിൽ റീലുകളായും തുറന്ന സംവാദങ്ങളായും മുന്നണികളുടെ കൊമ്പുകോർക്കലുകൾ വേറെയും. വീട് കയറിയുള്ള പ്രചാരണവും ചെറുയോഗങ്ങളും പരമാവധി വേഗത്തിൽ പൂർത്തിയാക്കുകയാണ് മുന്നണികളുടെ ലക്ഷ്യം.എൽ.ഡി.എഫിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കളത്തിലിറങ്ങുന്നതോടെ അണികളിൽ ആവേശം നിറയും.
പോരാട്ടം അവസാന നാളുകളിലേക്ക് കടന്നതോടെ പ്രമുഖ നേതാക്കളെയെല്ലാം എത്തിച്ച് അടിയൊഴുക്കുകൾ തങ്ങൾക്കനുകൂലമാക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണികൾ. ലഭിക്കാൻ സാദ്ധ്യതയുള്ള വോട്ടുകൾ ബൂത്ത് അടിസ്ഥാനത്തിൽ പരിശോധിച്ച് തുടങ്ങി. വേനൽചൂടിൽ നിന്ന് ആശ്വാസം തേടി അതിരാവിലെ തന്നെ സ്ഥാനാർത്ഥികളെല്ലാം പ്രചരണവുമായി സജീവമാണ്. ഉച്ചവെയിൽ കനക്കുന്നതിന് മുമ്പായി പകുതി വോട്ടർമാരെയെങ്കിലും കാണുകയാണ് ലക്ഷ്യം. ഉച്ചയ്ക്ക് ചെറിയൊരു ഇടവേള നൽകി വെെകീട്ടും രാത്രിയിലുമാണ് റോഡ് ഷോയും റാലികളുമെല്ലാം. ചിലയിടങ്ങളിൽ പ്രചാരണ കൊഴുപ്പ് കുറവാണെങ്കിലും പോരാട്ട വീര്യത്തിന് കുറവൊന്നുമില്ല. ചർച്ചകളും സജീവം. പ്രധാന കേന്ദ്രങ്ങളിലെല്ലാം ചൂടു പോലും വകവെയ്ക്കാതെ വൻജനാവലിയാണ് സ്ഥാനാർത്ഥികളെ സ്വീകരിക്കാനെത്തുന്നത്. കാച്ചിക്കുറുക്കിയ പ്രസംഗങ്ങളിലൂടെയും വഴിയിൽ കാണുന്നവരോട് കുശലാന്വേഷണം നടത്തിയും വോട്ട് ഉറപ്പിക്കുകയാണ് ഇവർ.
മണ്ഡലങ്ങളിൽ പോരാട്ടം
പതിമൂന്ന് മണ്ഡലങ്ങളിലും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സ്ഥാനാർത്ഥികൾ വോട്ട് തേടുന്നത്. ഇതിനോടകം പ്രമുഖ നേതാക്കളെയെല്ലാം കളത്തിലിറക്കി മുന്നണികൾ സ്ഥാനാർത്ഥികളിൽ ആത്മവിശ്വാസവും കൂട്ടിത്തുടങ്ങി. യു.ഡി.എഫ്
നേതാക്കളായ രാഹുൽ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി തുടങ്ങിയ പാർട്ടി നേതാക്കൾ ജില്ലയിലെത്തിയിരുന്നു. ബസ്‌സ്റ്റാൻഡിൽ, ചായക്കടകളിൽ, ബസിൽ, പാർട്ടി ആസ്ഥാനങ്ങളിൽ, മറ്റ് സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് തന്നെയാണ് പ്രധാന ചർച്ചാ വിഷയം.
വയനാട്ടിൽ മുന്നണികൾ കൊണ്ടും കൊടുത്തും
പ്രത്യേക ലേഖകൻ
കൽപ്പറ്റ: രണ്ടാം ഘട്ട പ്രചാരണ പരിപാടിക്ക് വയനാട്ടിൽ മീനച്ചൂടിനെക്കാൾ കാഠിന്യമേറെ. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും വിഷയങ്ങൾക്ക് ഒട്ടും പഞ്ഞമില്ല. രാജ്യത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾ ദുരന്തം മാത്രം മതി പ്രചാരണത്തിന് കൊഴുപ്പേകാൻ. മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്തം വരുത്തി വച്ച വിന വയനാട്ടിനേക്കാൾ കൂടുതൽ കത്തുന്നത് ഇപ്പോൾ ജില്ലയ്ക്ക് പുറത്താണ്. ഇടതുമുന്നണി വികസന നേട്ടങ്ങൾ പറയുമ്പോൾ അതിനെ പാടെ വിമർശിച്ചുകൊണ്ടാണ് യു.ഡി.എഫിന്റെയും എൻ.ഡി.എയുടെയും പ്രചാരണം. വയനാട്ടിലെത്തിയ സംസ്ഥാന ദേശീയ നേതാക്കളൊക്കെ ഇതിന് മൂർച്ച കൂട്ടുന്നു. തുരങ്കപാത പൂർത്തിയാകണമെങ്കിൽ എൽ.ഡി.എഫ് സർക്കാർ തുടരണമെന്ന അഭ്യർത്ഥനയും ഇടത് മുന്നണി ജനങ്ങൾക്ക് മുമ്പാകെ വയ്ക്കുന്നു.
നാടിനെ ബാധിക്കുന്ന പ്രശ്നങ്ങളൊന്നുമല്ല വയനാട്ടിൽ ഇപ്പോൾ വിഷയം. മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്തബാധിതരുടെ പേരിൽ പണം പിരിച്ച് വഞ്ചിച്ച കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നിലപാട് അവർക്ക് മാത്രമല്ല കേരളത്തിനാകെയും അപമാനമാണെന്ന് പറഞ്ഞാണ് സി.പി.എം ജനറൽ സെക്രട്ടറി എം. എ.ബേബി ചുരമിറങ്ങിയത്.
ഇലക്ഷൻ സ്റ്റണ്ടെന്ന നിലയിലാണ് കൽപ്പറ്റയിലെ ടൗൺ ഷിപ്പ് തട്ടിക്കൂട്ടി ഉദ്ഘാടനം നടത്തിയത്. യാതൊരു സൗകര്യവും ഒരുക്കാതെ ഉദ്ഘാടന മാമാങ്കം തന്നെ നടത്തി. താക്കോൽ നൽകിയവരിൽ ആർക്കും തന്നെ ടൗൺ ഷിപ്പിൽ കയറിക്കൂടാൻ ഇതേവരെ കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവും ഘടകകക്ഷികളും തിരിച്ചടിക്കുന്നു. കോൺഗ്രസ് നിർമ്മിച്ച് നൽകുമെന്ന് പറഞ്ഞ ഭൂമിയിലേക്ക് മാർച്ച് നടത്തിയ ഡി.വൈ.എഫ്. ഐ പ്രതീകാത്മകമായ കുടിൽ കെട്ടൽ സമരവും നടത്തി.കുടിൽ കെട്ടൽ സമരം നടത്തേണ്ടത് കൊട്ടി ആഘോഷിച്ച് നടത്തിയ ടൗൺഷിപ്പ് ഭൂമിയിലാണെന്ന് ടി.സിദ്ദീഖ് എം.എൽ.എ. ഉൾപ്പെടെയുളളവർ പറയുന്നു. സി.പി.എം നിയന്ത്രണത്തിലുളള സുൽത്താൻബത്തേരിയിലെ ബ്രഹ്മഗിരി സൊസൈറ്റിയിലെ നിക്ഷേപകർക്ക് കൊടുത്ത് തീർക്കാനുളള കോടികൾ ആദ്യം കൊടുത്ത് തീർക്കൂ എന്നിട്ടാകാം വിമർശനമെന്നും പ്രതിപക്ഷം തിരിച്ചടിക്കുന്നു. വോട്ടില്ലെന്ന് പറഞ്ഞ് ബ്രഹ്മഗിരിയിലെ ഇരകൾ വീടുകൾക്ക് മുമ്പിൽ പ്ളക്കാർഡുകൾ ഉയർത്തി രംഗത്തുവരുന്നതും യു.ഡി.എഫ് ആയുധമാക്കുന്നു. ഇങ്ങനെ ആരോപണ പ്രത്യാരോപണങ്ങളുമായി തിളച്ച് മറിയുകയാണ് വയനാട്ടിലെ തിരഞ്ഞെടുപ്പ് രംഗം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |