
ഒരു ദിവസം ശരാശരി ഒന്നര ലിറ്റർ പാൽ
കോഴിക്കോട്: മെഡിക്കൽ കോളേജ് മാതൃസംസംരക്ഷണ കേന്ദ്രത്തിലൊരുക്കിയ മുലപ്പാൽ ബാങ്കിലൂടെ അമ്മമധുരം നുണഞ്ഞ് ജീവിതത്തിലേക്ക് പിച്ചവെച്ചത് 3037 കുരുന്നുകൾ. 6266 അമ്മമാർ മുലപ്പാൽ ദാനം ചെയ്തു. 2021 ൽ ആരംഭിച്ച മുലപ്പാൽ ബാങ്ക് അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ ഇതുവരെ ലഭ്യമായത് 1,197.510 മില്ലി ലിറ്റർ മുലപ്പാൽ. പാസ്ച്‌റൈസേഷൻ ചെയ്തു അണുവിമുക്തമാക്കിയ 1,13,954 മില്ലി ലിറ്റർ പാൽ 14,987 തവണയായി കുഞ്ഞുങ്ങൾക്ക് വിതരണം ചെയ്തിട്ടുണ്ട്. ഒരേ അമ്മമാർ തന്നെ നിരവധി തവണ പാൽ വിതരണം ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ 19,093 തവണയാണ് അമ്മമാർ പാൽ നൽകാനെത്തിയത്. ഒരു കുഞ്ഞിന് തന്നെ പല തവണ പാൽ നൽകുകയും ചെയ്യുന്നുണ്ട്. അമ്മമാർക്ക് പാൽ നൽകാനാകാത്ത സാഹചര്യത്തിൽ ജനിക്കുന്ന കുട്ടികൾക്ക് സമ്പുഷ്ടമായ പാൽ എത്തിക്കുകയാണ് മുലപ്പാൽ ബാങ്കിന്റെ ലക്ഷ്യം.
ആർക്കൊക്കെ പാൽ
അമ്മയുടെ രോഗം, മരണം, പാൽ കുറയൽ, കുഞ്ഞിന് തൂക്കക്കുറവ്, വളർച്ചക്കുറവ്, പ്രസവം കഴിഞ്ഞ ശേഷം അമ്മയും കുഞ്ഞും വ്യത്യസ്ത ആശുപത്രികളിലാവുക, തുടങ്ങിയ കാരണങ്ങളാൽ പാൽ ലഭിക്കാതെ വരുന്ന കുഞ്ഞുങ്ങൾക്കാണ് ഇവിടെ നിന്ന് പാൽ നൽകുക. നിലവിൽ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ഐ.സി.യു വിൽ കഴിയുന്ന കുഞ്ഞുങ്ങൾക്കാണ് മുൻഗണന. ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് കുഞ്ഞുങ്ങൾക്ക് പാൽ നൽകുന്നത്.
പ്രവർത്തനം
സൗജന്യമായാണ് മിൽക്ക് ബാങ്കുകളിലെ പാൽ കുഞ്ഞുങ്ങൾക്ക് നൽകുന്നത്. ഓരോ ദിവസവും ശരാശരി പതിനഞ്ചോളം അമ്മമാർ പാൽ നൽകാനെത്തുന്നുണ്ട്. അമ്മമാരുടെ ആരോഗ്യ സ്ഥിതി വിലയിരുത്തി അണുവിമുക്തമാക്കിയ മുറിയിൽ ബ്രെസ്റ്റ് മിൽക്ക് പമ്പ് ഉപയോഗിച്ചാണ് മുലപ്പാൽ ശേഖരിക്കുന്നത്. ഇത്തരത്തിൽ ഒരു ദിവസം ഒന്നര ലിറ്ററോളം പാൽ ശേഖരിക്കുന്നുണ്ട്. പാൽ ഒരുമിച്ച് 60 ഡിഗ്രി സെന്റിഗ്രേഡിൽ പാസ്ച്‌റൈസ് ചെയ്യും. അണുവിമുക്തമാണെന്നു ഉറപ്പുവരുത്തി ഡീപ് ഫ്രീസറിൽ സൂക്ഷിക്കും. ബാക്ടീരിയകളുടെ സാന്നിദ്ധ്യമില്ല എന്നുറപ്പിക്കാനുള്ള കൾച്ചർ പരിശോധനകളും നടത്തിയ ശേഷമാണ് പാൽ നൽകുക. സ്വന്തം കുഞ്ഞിന് അസുഖം കാരണം മുലപ്പാൽ കുടിക്കാൻ പറ്റാത്ത സാഹചര്യത്തിലും അമ്മമാർക്ക് പാൽ ദാനം ചെയ്യാം. അമ്മമാരുടെ പാൽ അതത് കുഞ്ഞുങ്ങൾക്ക് ഉറപ്പുവരുത്തുന്നതിനായി കോട്ടപ്പറമ്പ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ ലാക്‌റ്റേഷണൽ മാനേജ്മെന്റ് യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. ഇവിടെ മുലയൂട്ടാൻ ബുദ്ധിമുട്ടുന്ന അമ്മമാർക്ക് മാനസികമായ പിന്തുണയും നൽകും.
ദാതാക്കൾ - 6266
ശേഖരിച്ചത് - 1,197.510 മി.ലി
പാൽ നൽകിയത് - 3037 കുട്ടികൾക്ക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |