• ഫെൻസിംഗ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തം
കോഴിക്കോട്: വേനൽ കടുത്തതോടെ ഭക്ഷണവും വെള്ളവും തേടി കാടുവിട്ടെത്തുന്ന വന്യമൃഗങ്ങൾ മലയോര വാസികളുടെ ഉറക്കം കെടുത്തുന്നു. കാട്ടാനകളടക്കം കൂട്ടമായെത്തി ദിവസങ്ങളോളം ജനവാസ മേഖലകളിൽ തമ്പടിക്കുകയാണ്. ഉൾക്കാട്ടിൽ ഭക്ഷണവും വെള്ളവും കുറഞ്ഞതാണ് വന്യമൃഗങ്ങൾ കൂട്ടമായെത്തുന്നതിന് കാരണമായി പറയുന്നത് . കഴിഞ്ഞ ദിവസം പെരുവണ്ണാമൂഴി പയ്യാനിക്കോട്ടയിൽ കമ്പി തുളഞ്ഞു കയറി കാട്ടാന ചരിഞ്ഞിരുന്നു. രാത്രി രണ്ടുമണിയോടെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകൂട്ടത്തെ തുരത്തുന്നതിനിടെയാണ് സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് അക്രമാസക്തയായ പിടിയാന അവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. തൊട്ടടുത്തെ വീട്ടിൽ കയറിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത്. വീടിന് മുന്നിലെത്തിയ ആന വീട്ടിലെ കാർ ഷെഡ് തകർക്കുന്നതിനിടെ ദേഹത്ത് കമ്പി തുളഞ്ഞു കയറുകയായിരുന്നു. രാപ്പകൽ ഭേദമില്ലാതെ കാട്ടാനകൾ കൃഷിയിടത്തിൽ എത്തിത്തുടങ്ങിയതോടെ വലിയ ഭീതിയിലാണ് മലയോരത്തെ ജനങ്ങൾ. നേരത്തെ രാത്രിയിൽ മാത്രമായിരുന്നു കാട്ടാന ശല്യം. ഇപ്പോൾ സദാസമയവും ആനകൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയാണ്. പലരും തലനാരിഴയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നത്. പലയിടത്തായി വാഴത്തോപ്പുകളും കമുകിൻ തോട്ടങ്ങളും ചേന, ചേമ്പ് കൃഷിയിടങ്ങളും ആനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. കാട്ടാനക്ക് പുറമെ കാട്ടുപന്നി, മുള്ളൻ പന്നി, മലയണ്ണാൻ, കുരങ്ങ്, പുലി, കാട്ടുപൂച്ച ശല്യത്താലും വലയുകയാണ് ജനങ്ങൾ. വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ ഉൾക്കാട്ടിൽ ആവശ്യമായ കുടിവെള്ളവും ഭക്ഷണവും ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. മൃഗങ്ങൾ നാട്ടിൽ ഇറങ്ങാതിരിക്കാൻ ഫെൻസിംഗ് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
മലയോരത്ത് 5 വർഷത്തിനിടെ
കൊന്നത് 26 മനുഷ്യരെ
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മലയോരത്ത് വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടാകുന്നത്. കോഴിക്കോടിന്റെ മലയോര മേഖലയിൽ മാത്രം അഞ്ചുവർഷത്തിനിടെ കൊല്ലപ്പെട്ടത് 26 പേരാണ്.
കാട്ടാനശല്യം
ഇവിടങ്ങളിൽ
കൂരാച്ചുണ്ട്, പേരാമ്പ്ര, താമരശേരി, പനങ്ങാട്, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിൽ
മരണം
വർഷം, എണ്ണം
2021 - 1
2022 - 5
2023 - 4
2024 - 6
2025 - 10
"രാപ്പകൽ വ്യത്യാസമില്ലാതെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുകയാണ്. കടമെടുത്തും കഷ്ടപ്പെട്ടും ഉണ്ടാക്കിയ കൃഷിയെല്ലാം ഇവ നശിപ്പിക്കുന്നു. ഇതിനൊരു ശാശ്വത പരിഹാരം കാണാൻ അധികൃതർ തയ്യാറാകണം"
പുഷ്പ.വി, പൂവാറൻതോട്, കൂടരഞ്ഞി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |