പ്രതിരോധത്തിന് 'ഉറവിടം തേടി' കാമ്പെയിൻ
കോഴിക്കോട്: ജില്ലയിൽ ഡെങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ ഊർജ്ജിത പ്രതിരോധനപ്രവർത്തനത്തിന് തുടക്കമായി. കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം 22 കേസുകൾ സ്ഥിരീകരിച്ചു. 33 പേർക്ക് രോഗം ബാധിച്ചതായി സംശയിക്കുന്നുണ്ട്. ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ മാത്രം കണക്കാണിത്. ഒളവണ്ണ പഞ്ചായത്തിലാണ് കൂടുതൽ രോഗികളുള്ളത്.
ജില്ല ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ 'ഉറവിടം തേടി' എന്ന പേരിലാണ് കാമ്പെയിൻ.
മേയ് 6 വരെ ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഊർജ്ജിത ഉറവിട നശീകരണവും ബോധവത്കരണവുമാണ് ലക്ഷ്യമിടുന്നത്. ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് കാമ്പെയിൻ. ജില്ലാതല ഉദ്ഘാടനം ഒളവണ്ണ ഇരിങ്ങല്ലൂർ ഗവ. എൽ.പി സ്‌കൂളിൽ ജില്ലമെഡിക്കൽ ഓഫീസർ ഡോ. കെ.കെ രാജാറാം നിർവഹിച്ചു. ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കെ സിന്ധുകല അദ്ധ്യക്ഷയായി.
ജില്ല മെഡിക്കൽ ഓഫീസ് ടെക്നിക്കൽ അസിസ്റ്റന്റുമാരായ എൻ.സുരേന്ദ്രൻ, എം.പ്രമോദ്, ജില്ല ഡെപ്യൂട്ടി എഡ്യുക്കേഷൻ മീഡിയാ ഓഫീസർ ഡോ. കെ.ടി മുഹസിൻ, ജില്ല വെക്ടർ കൺട്രോൾ യൂണിറ്റ് ഹെൽത്ത് സൂപ്പർവൈസർ പി.ഹരി, ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ വി കെ പത്മനാഭൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആർ.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
കാമ്പെയിനിന്റെ ബ്രോഷർ പ്രകാശനം ജില്ലാ മെഡിക്കൽ ഓഫീസർ നിർവഹിച്ചു. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെയും സോണൽ എന്റമോളജി യൂണിറ്റിന്റെയും നേതൃത്വത്തിൽ വ്യത്യസ്ത ഇനം കൊതുകുകളുടെയും അവയുടെ ലാർവകളുടെയും പ്രദർശനവും നടന്നു. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തുകയും ഉറവിട നശീകരണത്തിന് നിർദ്ദേശം നൽകുകയും ചെയ്തു. ഡെങ്കിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
നാല് ദിവസത്തെ കണക്ക്
(തിയതി, സംശയിക്കുന്നവ, സ്ഥിരീകരിച്ചവ)
19....07....01
20....07....01
21....09....20
22....10....0
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |