ഇന്ന് യെല്ലോ അലേർട്ട്
കോഴിക്കോട്: വീശിയടിച്ച കാറ്റിലും മഴയിലും കനത്ത് പെയ്ത മഴയിലും ജില്ലയിൽ വ്യാപക നാശം. മരങ്ങൾ കടപുഴകി വീണും ഒടിഞ്ഞും നിരവധി വീടുകൾ തകർന്നു. ചാലിയാർപ്പുഴ, ഇരുവഴിഞ്ഞിപ്പുഴ, കുറ്റ്യാടിപ്പുഴ, ചെറുപ്പുഴ, പൂനൂർപ്പുഴ തുടങ്ങിയവ കരകവിഞ്ഞൊഴുകയാണ്. ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ 16 ഷട്ടറുകളും ഉയർത്തി. ഇതോടെ ചാലിയാറിന്റെ താഴ്ന്ന ഭാഗങ്ങളിൽ ശക്തമായ ഒഴുക്കിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീതിയിലാണ്. പലയിടത്തും വെള്ളം കയറിയതോടെ ആളുകൾ ബന്ധുവീടുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. മലയോര മേഖലകളിൽ തിമിർത്തുപെയ്ത മഴയോടൊപ്പം കാറ്റും ആഞ്ഞുവീശുന്നുണ്ട്. വിവിധയിടങ്ങളിൽ ഒട്ടേറെ മരങ്ങൾ കടപുഴകിവീണു. മരങ്ങൾ വീണ് വൈദ്യുത ലൈനുകൾ പൊട്ടിയതിനാൽ പലയിടത്തും വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടു. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുകളും രൂക്ഷമാണ്. എടച്ചേരിയിൽ വെള്ളപുതിയോട്ടിൽ ലീനയുടെ വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞു താഴ്ന്നു. ഇന്നലെ പുലർച്ചയോടെയാണ് സംഭവം. സമീപത്തെ വീടും അപകടഭീഷണിയിൽ തുടരുകയാണ്.
വെള്ളക്കെട്ടും നാശനഷ്ടവും
കോഴിക്കോട് - തലശ്ശേരി ദേശീയപാതയിൽ വടകര മീത്തലെ മുക്കാളിക്ക് സമീപം വൻ മണ്ണിടിച്ചിലുണ്ടായി. റോഡിനോട് ചേർന്നുള്ള ഉയർന്ന തിട്ട ഇടിഞ്ഞു വീഴുകയായിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്താണ് സംഭവം. മുകളിൽ ഉണ്ടായിരുന്ന സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം പൂർണ്ണമായും തകരുകയും വൻതോതിൽ മണ്ണും കല്ലും റോഡിലേക്ക് പതിക്കുകയും ചെയ്തു. കനത്ത മഴ തുടരുന്നതിനാൽ മുകളിൽ നിന്ന് വീണ്ടും മണ്ണിടിഞ്ഞു വീഴാനുള്ള സാദ്ധ്യതയുണ്ട്. ചേമഞ്ചേരി തിരുവങ്ങൂരിൽ ദേശീയപാതയുടെ കോഴിക്കോട് ഭാഗത്ത് നിന്ന് കൊയിലാണ്ടിയിലേയ്ക്കുള്ള സർവീസ് റോഡിൽ കൂറ്റൻ ഗർത്തം രൂപപ്പെട്ടു. അണ്ടിക്കമ്പനി, കള്ളുഷാപ്പ് എന്നിവയുടെ ഇടയിലുള്ള, പ്രധാന ദേശീയപാതയോട് ചേർന്നുള്ള ഭാഗത്തായാണ് റോഡ് ഇടിഞ്ഞു താഴ്ന്നത്. ടാറിംഗ് പാടേ പൊട്ടി ഉൾഭാഗത്തേയ്ക്ക് വീണ നിലയിലാണ്. മാങ്കാവ് പട്ടേരിത്താഴം സ്വദേശികളായ ഷിജു, ദിനേശ് എന്നിവരുടെ വീട്ടിന്റെ മതിലുകൾ ഇടിഞ്ഞു. പുലർച്ചെ അഞ്ച് മണിയോടെയാണ് മതിൽ ഇടിഞ്ഞതോടെ നടവഴി ഇല്ലാതെയായി. ഇതോടെ പുറത്തിറങ്ങാനാവാതെ കുടുങ്ങിയിരിക്കുകയാണ് കുടുംബങ്ങൾ. പ്രദേശത്തെ പലയിടത്തും മതിൽ ഇത്തരത്തിൽ ഇടിഞ്ഞു വീണിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. ഇവിടങ്ങളിലൂടെയുള്ള കാൽനടയാത്ര പോലും അപകടകരമാണ്.കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിലും ബീച്ചിലെ ഫുഡ്സ്ട്രീറ്റിലും ഒരു മഴപെയ്താൽ വെള്ളക്കെട്ട് രൂക്ഷമാണ്. ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുള്ളതിനാൽ മലയോര മേഖലകളിലേക്ക് രാത്രി യാത്ര ഒഴിവാക്കാനും ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാനും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി.
ഡോൾഫിൻ കരയ്ക്കടിഞ്ഞു
കോഴിക്കോട്: നൈനാംവളപ്പ് ബീച്ചിൽ ഡോൾഫിൻ വർഗത്തിൽപ്പെട്ട ഏകദേശം 200 കിലോഗ്രാം ഭാരമുള്ള ഏടി (ഡോൾഫിൻ) കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെയാണ് മത്സ്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് കോർപ്പറേഷന്റെ ആരോഗ്യവിഭാഗവും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് ആരോഗ്യവകുപ്പിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തിൽ ശാസ്ത്രീയ രീതിയിൽ സംസ്കരിച്ചു. മത്സ്യം ഭക്ഷിക്കാൻ ഇത്തരം ഡോൾഫിനുകൾ ഇടക്കിടെ തീരത്തോട് ചേർന്ന് എത്താറുണ്ട്. ഇവ മനുഷ്യരെ ഉപദ്രവിക്കുന്നവയല്ല. തീരത്തേക്ക് അടുക്കുമ്പോൾ സാധാരണ കല്ലെറിഞ്ഞ് തിരിച്ചോടിക്കുകയാണ് പതിവെന്നും നാട്ടുകാരനായ സുബൈർ നൈനാംവളപ്പ് പറഞ്ഞു.
ജില്ലയിൽ ഉയർന്ന തിരമാല മുന്നറിയിപ്പ്;
തീരദേശത്ത് അതീവ ജാഗ്രത
കോഴിക്കോട്: ചോമ്പാല ഫിഷിംഗ് ഹാർബർ മുതൽ രാമനാട്ടുകര വരെയുള്ള തീരത്ത് ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലിറക്കരുതെന്നും തിരമാല ശക്തമാകുന്ന സമയത്ത് മത്സ്യബന്ധന യാനങ്ങൾ കടലിലിറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കണമെന്നും നിർദേശമുണ്ട്. മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
വീടിന് മുകളിൽ മരംവീണു
കൊയിലാണ്ടി: കനത്ത മഴയിലും കാറ്റിലും തെങ്ങ് വീണ് വീടിന് കേട്പാടുകൾ സംഭവിച്ചു. കുറുവങ്ങാട് എടക്കണ്ടിയിൽ സാരംഗിയിൽ സുന്ദരന്റെ വീടിന് പിൻഭാഗത്തെ തെങ്ങാണ് മുറിഞ്ഞ് വീണത്. പുലർച്ചെ നാലുമണിയോടെയാണ് അപകടം. വീടിന്റെ മുകൾ നിലയിലെ കിടപ്പ് മുറിയുടെ കോൺക്രീറ്റിനും തൊട്ടടുത്ത തേങ്ങാക്കൂടക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
മൂടാടി പാലക്കുളങ്ങര ഗോഖലെ സ്കൂളിന് സമീപം വീടിനു മുകളിൽ പുളിമരം കടപുഴകി വീണ് വീടു തകർന്നു. പുലർച്ചെ രണ്ടോടെയായിരുന്നു മണലോടിക്കുനി ബഷീറിന്റെവീടിനു മരംവീണത്. വീടിൻറെ മേൽക്കൂരയും സ്ലാബും വാട്ടർടാങ്കും തകർന്നു.
മുക്കം: നഗരസഭയിലെ കണക്കുപറമ്പ് ഡിവിഷനിലെ ആറ്റുപുറം നാല് സെന്റ് ഉന്നതിയിൽ കനത്ത മഴയെ തുടർന്ന് വീടിന്റെ മതിലിടിഞ്ഞു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ സാജിത എന്ന വീട്ടമ്മയുടെ വീടിന്റെ മതിൽ ഇടിഞ്ഞ്, തൊട്ടു താഴെ താമസിക്കുന്ന പാത്തുമ്മയുടെ വീടിന് പിറകിലേക്ക് വീഴുകയായിരുന്നു. സുരക്ഷാ ഭീഷണിയെ തുടർന്ന് പാത്തുമ്മയുടെ കുടുംബത്തെ മാറ്റി താമസിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |