SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.47 AM IST

തീർത്ഥ-ഉല്ലാസ യാത്രയുമായി കെ.എസ്.ആർ.ടി.സി ആറൻമുള വള്ളസദ്യയുണ്ണാം മഹാഭാരത ചരിത്രമറിയാം

ksrtc
ksrtc

കോഴിക്കോട്: മഹാഭാരതചരിത്രം തേടി ഒരു യാത്ര പോയാലോ, അതും ആനവണ്ടിയിൽ. ഒപ്പം ആറന്മുള വള്ളസദ്യയുടെ രുചിയും ആറന്മുള കണ്ണാടിയുടെ പൈതൃകവും അടുത്തറിയാം. ഇതിനായി ചുരുങ്ങിയ ചെലവിൽ തീർത്ഥ-ഉല്ലാസ യാത്ര പാക്കേജുമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ഒരുങ്ങിക്കഴിഞ്ഞു. കോഴിക്കോട് ഡിപ്പോയിൽ നിന്ന് 27നാണ് യാത്ര പുറപ്പെടുക. എൻട്രി ഫീസും ഒരു നേരത്തെ ഉച്ചഭക്ഷണവും പാക്കേജിലുണ്ട്.

'മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്ര’ എന്ന ടാഗ് ലൈനിലാണ് മദ്ധ്യ തിരുവിതാംകൂറിലെ മഹാഭാരത ചരിത്രവുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രങ്ങളെ കോർത്തിണക്കി പ്രത്യേക ഉല്ലാസ, തീർത്ഥയാത്ര സംഘടിപ്പിക്കുന്നത്. ചങ്ങനാശ്ശേരി, ചെങ്ങന്നൂർ താലൂക്കുകളിലെ ഇന്ത്യയിലെ തന്നെ അപൂർവമായ പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ, ആറന്മുള വള്ളസദ്യ, ആറന്മുള കണ്ണാടിയുടെ നിർമ്മാണം എന്നിവ ഒന്നര ദിവസം നീണ്ടു നിൽക്കുന്ന യാത്രയിലൂടെ അടുത്തറിയാം. 2180 രൂപയാണ് യാത്രാനിരക്ക്.

ധർമ്മപുത്രർ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠയെന്നാണ് വിശ്വാസം. യാത്രയിലെ മറ്റൊരു പ്രധാന ആകർഷണം ആറന്മുള വള്ളസദ്യയാണ്. ഭക്തിയും പാരമ്പര്യവും ഭക്ഷണസംസ്കാരവും സമന്വയിക്കുന്ന വള്ളസദ്യയുടെ രുചി ആസ്വദിക്കാനുള്ള അവസരവും സഞ്ചാരികൾക്ക് ലഭിക്കും. ഇതോടൊപ്പം കണ്ണൂർ , എറണാകുളം നാലമ്പല ദർശനവും ഉൾപ്പെടെയുള്ള പ്രത്യേക തീർത്ഥാടന പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ അഞ്ച് ഡിപ്പോകളിൽ നിന്നും യാത്രയുണ്ട്.

 മഴക്കാല യാത്രകളുമുണ്ട്

മഴക്കാലത്തിന്റെ സൗന്ദര്യം ആസ്വദിച്ച് കേരളത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഉല്ലാസയാത്രാ പാക്കേജുകളും കെ.എസ്.ആർ.ടി.സി ഒരുക്കുന്നുണ്ട്. അതിരപ്പിള്ളി, മൂന്നാർ, ഇല്ലിക്കൽക്കല്ല്, വാഗമൺ, ജംഗിൾ സഫാരി, മൈസൂർ, നെല്ലിയാമ്പതി, വട്ടവട, ഗവി,പെെതൽമല, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകുന്ന്, ഊട്ടി, മലക്കപ്പാറ, ആലപ്പുഴ ഹൗസ് ബോട്ട്

പോകാം, ഹൈദരാബാദിലേക്കും

അഞ്ച് പകലും നാല് രാത്രിയും നീളുന്ന ഹൈദരാബാദ് സമ്പൂർണ പാക്കേജും കെ.എസ്.ആർ.ടി.സി പുറത്തിറക്കിയിട്ടുണ്ട്. പൂർണമായും ശീതീകരിച്ച ബസുകളിൽ ക്രമീകരിച്ചിരിക്കുന്ന ഹൈദരാബാദ് യാത്രയിൽ ഭക്ഷണം, താമസം, രാമോജി ഫിലിം സിറ്റി എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. തിയതി നിശ്ചയിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL