കോഴിക്കോട്: റെയിൽവേ സ്റ്റേഷനിലേക്കാണെങ്കിൽ അൽപം വൈകിയാൽ പെട്ടതുതന്നെ..... കൈയിൽ ലഗേജുമായി ഓടിയെത്തുന്ന യാത്രക്കാരെ മുഖ്യ പ്രവേശന കവാടത്തിൽ കാത്തിരിക്കുന്നത് വെള്ളക്കെട്ടും അപകടക്കെണിയായ നടപ്പാതയും. ചെറിയൊരു മഴ പെയ്താൽ മതി കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ മുൻവശം വെള്ളത്തിൽ മുങ്ങും. 450 കോടി ചെലവിട്ട് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. കുണ്ടും കുഴിയും വെള്ളക്കെട്ടും ഇളകി നിൽക്കുന്ന സിമന്റ് കട്ടയും കമ്പിയും തുടങ്ങി കണ്ണുതെറ്റിയാൽ യാത്രക്കാരെ ആശുപത്രിയിലാക്കുന്ന കെണികളല്ലാം റെയിൽവേ സ്റ്റേഷൻ പരിസരത്തും പ്ലാറ്റും ഫോമുകളിലുമുണ്ട്.
അടിതെറ്റി വീഴ്ത്തും ' ഇന്റർലോക്ക് പാത'
പ്രധാന പ്രവേശന കവാടത്തിൽ വെള്ളകെട്ട് പതിവായതോടെ പരിഹാരമായാണ് നടന്നുപോകാൻ പാകത്തിൽ ഇന്റർലോക്ക് വിരിച്ചത്. എന്നാൽ സിമന്റ് കട്ടകൾ നിര തെറ്റിയതോടെ സൂക്ഷിച്ചില്ലേൽ കാൽതെറ്റി വീഴുന്ന സ്ഥിതിയാണ്. പ്രായമായവർ, കൈക്കുഞ്ഞുമായി എത്തുന്നവർ, സ്ത്രീകൾ എന്നിവരാണ് വല്ലാതെ കഷ്ടപ്പെടുന്നത്. നടപ്പാതയുടെ നടുവിലായി സ്ഥാപിച്ച ഇരുമ്പ് കമ്പിയാണ് മറ്റൊരു പ്രശ്നം. തിരക്കേറിയ സമയങ്ങളിൽ ഇതുവഴിയുള്ള നടത്തം ദുഷ്ക്കരമാണ്. ലഗേജുകളുമായി ഓടുമ്പോൾ കട്ടയിൽ തട്ടി വീഴുന്നവരും നിരവധി. അടുത്തിടെ സ്റ്റേഷനിലെ പഴയ ക്ലോക്ക് ടവറിന്റെ ഒരു ഭാഗം തകർന്നുവീണത് ആശങ്ക ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷമായ വെള്ളക്കെട്ടും അപകടക്കെണിയായ നടപ്പാതയും.
ബസ് സ്റ്റോപ്പും പ്രശ്നം തന്നെ
ലിങ്ക് റോഡിലെ ബസ് സ്റ്റോപ്പിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടവും റോഡിന് നടുവിലുള്ള നിർത്തലും രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാവുകയാണ്. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരേസമയം നൂറുകണക്കിന് യാത്രക്കാർ എത്തുമ്പോൾ ബസ് സ്റ്റോപ്പിൽ ആവശ്യത്തിന് സ്ഥലമില്ലാത്തതിനാൽ പലരും റോഡിലിറങ്ങി നിൽക്കേണ്ടി വരുന്നു. നിയമലംഘനം നടത്തുന്ന ബസുകൾക്കെതിരെ നടപടി കർശനമാക്കിയിട്ടുണ്ടെങ്കിലും
റെയിൽവേ സ്റ്റേഷൻ വഴി പോകുന്ന ബസുകൾക്ക് ഇതൊന്നും ബാധകമല്ലെന്ന മട്ടാണ്.
"ബാക്കിയുള്ള കോൺക്രീറ്റ് ഉപയോഗിച്ചെങ്കിലും പ്രവേശന കവാടം സഞ്ചാരയോഗ്യമാക്കാൻ റെയിൽവേ നടപടി സ്വീകരിക്കണം. സ്റ്റേഷൻ എൻട്രൻസിൽ ബസുകൾ തലങ്ങും വിലങ്ങും നിർത്തുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാവുകയാണ് ".
എം. ഫിറോസ് ഫിസ, ഓർഗനൈസിംഗ് സെക്രട്ടറി,
മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |