വീടുകൾ തകർന്നു, കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ പുലർച്ചെ മുതലുണ്ടായ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. മരം വീണും മണ്ണിടിഞ്ഞും വീടുകൾ തകർന്നു. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പുഴകൾ കരകവിഞ്ഞൊഴുകി. കൂടരഞ്ഞി പൂവാറൻതോടിൽ ഉരുൾപൊട്ടലുണ്ടായി. ആളുകളെ മാറ്റി പാർപ്പിച്ചു. ആളപായമില്ല. ചുരം ഒമ്പതാംവളവിൽ ചെറിയ മണ്ണിടിച്ചിലുണ്ടായി. കനത്ത വെള്ളക്കെട്ടും ഗതാഗതക്കുരുക്കും മൂലം ജനങ്ങൾ വലഞ്ഞു. വീടുകളും കടകളും വെള്ളത്തിൽ മുങ്ങി. മൊകവൂർ തുരുത്തിക്കുന്നത്ത് ബാബുവിന്റെ വീട്ടിലെ കിണർ ഭൂമിക്കടിയിലേക്ക് ഒന്നര അടിയോളം താഴ്ന്നു. ഇന്നലെ ശനിയാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം. വീടിന് തൊട്ടടുത്തായിരുന്നു കിണർ. വീട്ടുകാരോട് മാറിത്താമസിക്കാൻ നിർദ്ദേശിച്ചു. മലാപ്പറമ്പ് പ്രോവിഡൻസ് കോളേജിന് സമീപം റീജിയണൽ ഫാമിലി വെൽഫെയർ സ്റ്റോർ കെട്ടിടത്തിന് മുകളിൽ മരം വീണു. ചാലിയത്ത് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. ഈങ്ങാപ്പുഴ, വില്ല്യാപ്പിള്ളി ടൗണുകൾ വെള്ളത്തിൽ മുങ്ങി. ഈങ്ങാപ്പുഴയിൽ കടകളിലും ഹെൽത്ത് സെന്ററിലും സ്വകാര്യ ആശുപത്രിയിലും മറ്റും വെള്ളം കയറി. അണ്ടിത്തോട്ടത്തിൽ ബഷീറിന്റെ വീടിന് മണ്ണിടിച്ചിലിൽ നാശനഷ്ടമുണ്ടായി. ഇതുവഴി വയനാട്ടിലേക്കുള്ളതടക്കം ഗതാഗതം പൂർണമായും തടസപ്പെട്ടു. വയനാട്ടിൽ നിന്നു വന്ന വാഹനങ്ങൾ കെെതപ്പൊയിലിൽ നിന്ന് നോളജ് സിറ്റി വഴി കോടഞ്ചേരിയിലൂടെയാണ് കോഴിക്കോട്ടെത്തിയത്. കോഴിക്കോട് ഭാഗത്തു നിന്നുള്ളവ ഇതുവഴി വയനാട്ടിലേക്ക് പോയി.
സ്കൂൾ മതിലിടിഞ്ഞു, കയാക്കിംഗ് നിറുത്തി
കോഴിക്കോട് പാലത്ത് ഊട്ടുകുളം ജനത എ.യു.പി സ്കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞു. കോഴിക്കോട് സ്റ്റേഡിയം ജംഗ്ഷൻ, പാവമണി റോഡ്, തൊണ്ടയാട് എന്നിവിടങ്ങളിൽ വെള്ളം കയറി. കാരശ്ശേരി മലാംകുന്നിൽ മതിലിടിഞ്ഞതിനെ തുടർന്ന് വീട് അപകടാവസ്ഥയിലായ രണ്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കിനാലൂർ പാലംതല കുന്നത്തുകണ്ടി ലൈലയുടെ വീടിന് മുകളിൽ പന വീണ് കേടുപാടുണ്ടായി. കനത്ത മഴയെ തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. പുഴയിലെ ഒഴുക്ക് കൂടിയതിനാൽ അപകട സാദ്ധ്യത കണക്കിലെടുത്ത് കയാക്കിംഗ് മത്സരങ്ങൾ ഇന്നലെ നിറുത്തിവച്ചിരുന്നു.
വിവിധയിടങ്ങളിൽ നാശനഷ്ടം
പേരാമ്പ്ര ഒറ്റത്തെങ്ങിൽ പോക്കറുടെ വീടിന്റെ അടുക്കള മണ്ണിനിടിയിലായി. കൂടരഞ്ഞി പൂവാറൻതോട് ഉറുമി ജലവൈദ്യുത പദ്ധതി പ്രദേശത്തിന് സമീപം കെ.എസ്.ഇ.ബി നിക്ഷേപിച്ച മണ്ണും പാറകളും കണിപ്പള്ളിൽ മറിയക്കുട്ടിയുടെ വീടിന് ഭീഷണിയായി. കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. പുതുപ്പാടി മട്ടിക്കുന്നിൽ മണ്ണിടിച്ചിലുണ്ടായി. തൊട്ടടുത്തുള്ള കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി. കോടഞ്ചേരി വെണ്ടക്കയം പൊയിൽ ഉന്നതിയിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് പ്രദേശ വാസികളെ ചെമ്പുകടവ് യു.പി. സ്കൂൾ ക്യാമ്പിലേക്ക് മാറ്റി. കോടഞ്ചേരി വേഞ്ചേരിയിൽ ഇരുതുള്ളി പുഴ കരകവിഞ്ഞ് നാലോളം വീടുകളിൽ വെള്ളം കയറി. ആളുകളെ തത്കാലം സമീപത്തെ വീടുകളിലേക്ക് മാറ്റി. ഇവരെ എം.ഇ.എസ്. സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റും. തിരുവമ്പാടി മുത്തപ്പൻ പുഴയിലെ താത്കാലിക ചപ്പാത്ത് ഒലിച്ചുപോയി. നിർമ്മാണത്തിലിരിക്കുന്ന പാലത്തിലൂടെ ചെറുവാഹനങ്ങൾ മാത്രം കടത്തിവിട്ടു. അഴിയൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ ശക്തമായ മഴയെ തുടർന്ന് മുപ്പതോളം വീടുകളിലും നിരവധി കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറി ഏറെ നാശനഷ്ടമുണ്ടായി.
ബസ് വെള്ളത്തിലായി
പൂനൂരിൽ നിറയെ യാത്രക്കാരുമായി പോയ ബസ് വെള്ളത്തിൽ കുടുങ്ങി. പൂനൂർ-കട്ടിപ്പാറ റൂട്ടിൽ കുണ്ടത്തിൽ സ്ഥലത്താണ് സ്വകാര്യ ബസ് യാത്രക്കിടെ വെള്ളത്തിൽ കുടുങ്ങിയത്. സമീപവാസികളും നാട്ടുകാരും ഇടപെട്ടാണ് ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചത്.ബസിന്റെ പകുതി ഭാഗത്തോളം വെള്ളത്തിനടിയിലായിരുന്നു.
തീരത്ത് ആശങ്ക, വ്യാപക നാശം
കോഴിക്കോട്: അതിതീവ്ര മഴ ജില്ലയുടെ തീരദേശ മേഖലകളെ ആശങ്കയിലാഴ്ത്തി. തീരപ്രദേശങ്ങളിലെല്ലാം ശക്തമായ തിരമാലയാണ് വീശിയടിച്ചത്. കോതി മുതൽ പുതിയാപ്പ വരെയും വടകര, കൊയിലാണ്ടി തീരപ്രദേശങ്ങളിലുമെല്ലാം കടൽവെള്ളം കരയിലേക്ക് ഇരച്ചുകയറി. കടലാക്രമണ ഭീഷണിയും നിലനിൽക്കുന്നുണ്ട്. വീടുകളിൽ വെള്ളം കയറിയതോടെ പല കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് മാറി. മറ്റ് ചിലർ ഭീതിയോടെയാണ് വീടുകളിൽ കഴിയുന്നത്. ഭട്ട് റോഡ് ബീച്ച്, കോന്നാട് ബീച്ച്, പുതിയാപ്പ, കടലുണ്ടി, വെള്ളയിൽ തുടങ്ങിയ തീരപ്രദേശങ്ങളിലെ നിരവധി വീടുകൾ കടലാക്രമണ ഭീഷണിയിലാണ്. ശക്തമായ തിരയടിയിൽ വീടുകളിൽ കിടന്നുറങ്ങാനോ ഭക്ഷണം പാകം ചെയ്യാനോ പോലും കഴിയാത്ത സ്ഥിതിയാണ്. പാത്രങ്ങളിലും വീട്ടുപകരണങ്ങളിലും ഉപ്പുവെള്ളം കയറിയതോടെ നാശനഷ്ടവും വർദ്ധിച്ചു. തിരമാലകളിൽ നിന്ന് സംരക്ഷണം നേടാൻ പലരും വീടുകൾക്ക് മുന്നിൽ വലിയ ഷീറ്റുകൾ വലിച്ചുകെട്ടിയിരിക്കുകയാണ്. ശക്തമായ തിരയിൽ പലയിടത്തും കടൽഭിത്തികൾ ഇടിഞ്ഞു.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകിവീണും മതിലുകൾ തകർന്നും നാശനഷ്ടമുണ്ടായി. ഒരു കോടിയോളം വില വരുന്ന ബോട്ട് യന്ത്രത്തകരാർ മൂലം ദിശ നഷ്ടപ്പെട്ട് കരിങ്കൽ ഭിത്തിയിലിടിച്ച് തകർന്നു.
ബേപ്പൂർ ഹാർബറിൽ നിന്നും ഇന്നലെ പുലർച്ച നാലുമണിയോടെ പുറപ്പെട്ട അറക്കൽ തൊടി സലീമിൻ്റെ ഉടമസ്ഥയിലുള്ള മിഹ്റാജ് എന്ന ബോട്ടാണ് അഴിമുഖത്ത് 100 മീറ്റർ അകലെ വെച്ച് കടലിൽ കുടുങ്ങിയത്. മത്സ്യബന്ധന വലകളും മറ്റ് യന്ത്രഭാഗങ്ങളും കടലിൽ മുങ്ങി. എഞ്ചിൻ പൂർണ്ണമായും വെള്ളത്തിലാണ്. ദിശ നഷ്ടപ്പെട്ട് നീങ്ങിയ ബോട്ട് കരയിലേക്ക് അടിച്ച ശക്തമായ കാറ്റിൽ ചാലിയം കപ്പലങ്ങാടി ഭാഗത്ത് കടൽ ഭിത്തിക്ക് സമീപത്തേക്ക് അടുക്കുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന 17 തൊഴിലാളികളും നാട്ടുകാരുടെ സഹായത്തോടെ കരയിലേക്ക് റോപ്പിൻ്റെ സഹായത്തോടെ നീന്തി രക്ഷപ്പെട്ടു.
കൃഷിക്ക് കനത്ത പ്രഹരം
കഴിഞ്ഞ രണ്ട് ദിവസമായി വീശിയടിച്ച മഴയിൽ തുറയൂർ, പുറമേരി, വടകര എന്നീ മൂന്ന് പഞ്ചായത്തുകളിൽ മാത്രം ശരാശരി 2.55 ലക്ഷം രൂപയുടെ നാശമാണുണ്ടായത്. 40ഓളം കർഷകർക്ക് നാശനശഷ്ടമുണ്ടായി. ഏത്തവാഴ, തെങ്ങ്, അടയ്ക്ക, നെല്ല്, കുരുമുളക് എന്നിവയാണ് പ്രധാനമായും നശിച്ചത്. മറ്റ് പഞ്ചായത്തുകളിലെ നാശവും കണക്ക് കൂട്ടുമ്പോൾ നാശന്ഷ്ടം ഇനിയും ഉയരും. ഓണച്ചന്ത ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകർക്ക് ഏറ്റവും വലിയ ആഘാതമായത് ഏത്തവാഴ കൃഷി നാശമാണ്. ജില്ലയിൽ കുലയ്ക്കാൻ പാകമായ ആയിരക്കണക്കിവ് ഏത്തവാഴകൾ ഒടിഞ്ഞുവീണു. മാവൂർ, ചാത്തമംഗലം, കുന്ദമംഗലം പഞ്ചായത്തുകളിലെ ഏക്കർകണക്കിന് വാഴത്തോട്ടങ്ങൾ മഴയിലും കാറ്റിലും തകർന്നു. കൊയ്ത്തിന് തയ്യാറായ നെൽച്ചെടികൾ നശിച്ചതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. ഓണവിപണി പ്രതീക്ഷിച്ച് മാസങ്ങളായി നടത്തിയ അധ്വാനമാണ് ദിവസങ്ങൾക്കകം മഴയിൽ തകർന്നതെന്ന് കർഷകർ പറയുന്നു.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്; പുഴയിൽ ഇറങ്ങരുത്
കോഴിക്കോട്: ജില്ലയിൽ ശക്തമായ മഴ തുടരുകയും ജലാശയങ്ങളിൽ ജലനിരപ്പും നീരൊഴുക്കും അപകടകരമായി ഉയരുകയും ചെയ്ത സാഹചര്യത്തിൽ കക്കയം, കരിയാത്തുംപാറ ഉൾപ്പെടെയുള്ള ജില്ലയിലെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ജലാശയങ്ങളിലേക്കും വിനോദസഞ്ചാരികളുടെയും പൊതുജനങ്ങളുടെയും പ്രവേശനം വിലക്കിക്കൊണ്ട് ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. ജില്ലയിൽ തുടർച്ചയായി രണ്ട് ദിവസം ഗ്രീൻ അലർട്ട് പ്രഖ്യാപിക്കുന്നതുവരെ വിലക്ക് തുടരും. പുഴകൾ, അരുവികൾ, തടയണകൾ, ജലാശയങ്ങൾ എന്നിവയിൽ ഇറങ്ങരുത്. മീൻപിടിത്തം, കുളി, നീന്തൽ, ട്രക്കിംഗ് തുടങ്ങിയവയും കർശനമായി നിരോധിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവേശന കവാടങ്ങൾ അടച്ചിടാനും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി. ഉത്തരവ് കർശനമായി നടപ്പാക്കാൻ പൊലീസിനും വനം വകുപ്പിനും ഡി.ടി.പി.സിക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ചുമതല നൽകി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരവും ബന്ധപ്പെട്ട മറ്റു നിയമങ്ങൾ പ്രകാരവും നടപടിയെടുക്കും.
കക്കയത്ത് ബ്ലൂ അലേർട്ട്
കോഴിക്കോട്: കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്ന് 755.50 മീറ്ററിറായതിനാൽ ഡാമിലെ അധികജലം ഒഴുക്കിവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു.
13 ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് വടകര, താമരശ്ശേരി, കൊയിലാണ്ടി,കോഴിക്കോട് താലൂക്കുകളിലായി 13 ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. ആകെ 120 കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്. ഇവരിൽ 146 പുരുഷന്മാരും 134 സ്ത്രീകളും84 കുട്ടികളുമുണ്ട്. ആകെ 364 പേർ.
വയനാട്ടിൽ മഴ ശക്തം; സുരക്ഷ കർശനമാക്കി
പ്രത്യേക ലേഖകൻ
കൽപ്പറ്റ: മലയോര മേഖലകൾ ഉൾപ്പെടെ വയനാട്ടിൽ മഴ ശക്തമായതോടെ സുരക്ഷ കർശനമാക്കി. ചുരം മേഖലകളിലൂടെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുമുളള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. ചുരം മേഖലയിൽ അതിതീവ്രമഴ അനുഭവപ്പെടുന്നതിനാൽ മേഖല നിരീക്ഷണത്തിലാണ്. വയനാടിനെ കണ്ണൂർ ജില്ലയുമായി ബന്ധപ്പിക്കുന്ന ബോയ്സ് ടൗൺ പാൽചുരം റോഡിലൂടെയുളള യാത്ര ഇന്നലെ വൈകിട്ട് മുതൽ പൂർണ്ണമായും നിരോധിച്ചു. അതിശക്തമായ കുത്തൊഴുക്ക് കാരണം ഇവിടെ മണ്ണിടിച്ചിൽ അനുഭവപ്പെട്ടു. ഇതോടെയാണ് ഗതാഗതം നിരോധിച്ചത്. പേര്യ ചുരം റോഡിലും മല വെളളം കുത്തിയൊലിക്കുന്നുണ്ട്. ഇവിടെ ഏലപ്പീടികക്ക് സമീപത്ത് വെളളച്ചാട്ടം റോഡിലേക്ക് പതിക്കുന്നുണ്ട്. താമരശ്ശേരി ചുരത്തിലും ഗതാഗത നിയന്ത്രണമുണ്ട്. കുറ്റ്യാടി പക്രംതളം ചുരം വഴിയാണ് ഇപ്പോൾ കൂടുതലും വാഹനങ്ങൾ കടന്ന് വരുന്നത്. ഇതുകാരണം ശക്തമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്. മേപ്പാടി കളളാടി ഭാഗത്തേേക്കുളള ഗതാഗതവും നിരോധിച്ചിട്ടുണ്ട്. വൈത്തിരി, പൊഴുതന, തരിയോട്, തവിഞ്ഞാൽ മേഖലകളിലാണ് അതിതീവ്രമഴ അനുഭവപ്പെട്ടത്. വെളളപ്പൊക്കം കാരണം ഒറ്റപ്പെട്ട തരിയോട് പന്നിയോറഭാഗത്തെ ഉന്നതിയിലളളവരെയടക്കം ബോട്ടിൽ രക്ഷപ്പെടുത്തി. മഴ ശക്തമായി തുടരുന്നതിനാൽ വെള്ളപൊക്ക, മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെ മാറ്റിതാമസിപ്പിക്കുന്നതിന് വൈത്തിരി, മാനന്തവാടി താലൂക്കുകളിലായി എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. എട്ട് ക്യാമ്പുകളിലായി 76 കുടുംബങ്ങളിലെ 181 പേരെയാണ് മാറ്റി താമസിപ്പിച്ചിട്ടുള്ളത്.മാറ്റിപ്പാർപ്പിക്കുന്ന നടപടികൾ രാത്രിയിലും തുടരുന്നു.
ചുരം മേഖലയിൽ അതിതീവ്ര മഴ
കൽപ്പറ്റ: വയനാട്, കോഴിക്കോട് ജില്ലകളുടെ വനമേഖലകളിൽ അതിതീവ്ര മഴ. ചുരം ഉൾപ്പെടുന്ന വനമേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ താമരശ്ശേരി ചുരത്തിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഹെവി വാഹനങ്ങൾ, മൾട്ടി ആക്സിൽ ലോറികൾ, ട്രെയിലറുകൾ, ഭാരവാഹനങ്ങൾ എന്നിവയുടെ ഗതാഗതം നിരോധിച്ച് ജില്ല കളക്ടർ ഉത്തരവിറക്കി. ഇത്തരം വാഹനങ്ങൾ കുറ്റ്യാടി, നാടുകാണി ചുരം വഴി പോകണം. വിനോദസഞ്ചാര വാഹനങ്ങൾ, അത്യാവശ്യമല്ലാത്ത സ്വകാര്യ വാഹനങ്ങൾ എന്നിവക്ക് താമരശ്ശേരി ചുരം വഴി വയനാട്ടിലേക്കുള്ള പ്രവേശനവും താത്കാലികമായി വിലക്കി.അതേസമയം കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങൾ, ആംബുലൻസുകൾ, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, സിവിൽ ഡിഫൻസ്, പൊലീസ് വാഹനങ്ങൾ, അവശ്യദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി നേരിട്ട് നിയോഗിച്ചിട്ടുള്ള വാഹനങ്ങൾ എന്നിവക്ക് നിയന്ത്രണമില്ല. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെയാണ് നിയന്ത്രണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |