കൽപ്പറ്റ: സുൽത്താൻ ബത്തേരി ഗുണ്ടൽപേട്ട റൂട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് കാർ യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തൃക്കൈപ്പറ്റ സെന്റ് തോമസ് യാക്കോബായ പള്ളി വികാരി ഫാ. റെജി പോളും കുടുംബവുമാണ് കാട്ടാനക്കൂട്ടത്തിന് മുന്നിൽപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ഗുണ്ടൽപേട്ടയിൽ പോയി മടങ്ങിവരികയായിരുന്നു. റോഡിന്റെ താഴെ ഭാഗത്ത് നിന്ന് കയറിവന്ന ആനക്കൂട്ടത്തിന് റോഡ് മുറിച്ചുകടക്കാനായി വാഹനങ്ങൾ നിറുത്തിയതായിരുന്നു. ആനകൾ വനത്തിലേക്ക് മാറിയ ശേഷം മുന്നിലുണ്ടായിരുന്ന ട്രാവലർ മുന്നോട്ടെടുത്തു. ഈ സമയത്തായിരുന്നു കൂട്ടത്തിലുണ്ടായ ഒരാന കാറിന് നേരെ പാഞ്ഞടുത്തത്. വാഹനത്തിന് തൊട്ടരികിൽ വരെ കാട്ടാന എത്തി. ഭാഗ്യം കൊണ്ട് ആന ആക്രമിക്കാതെ പിന്തിരിഞ്ഞതെന്ന് ഫാ. റെജി പോൾ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽമീഡിയകളിൽ ചിലർ തെറ്റിദ്ധാരണ പരത്തുംവിധം പ്രചരിപ്പിക്കുന്നത് വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങൾ ആനയുടെ ചിത്രം പകർത്താൻ വാഹനം നിർത്തിയതല്ലെന്നും വീഡിയോ പരിശോധിച്ചാൽ വ്യക്തമാകുമെന്നും ഫാ. റെജി പോൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |