സുനിലിന്റെ മരണത്തിൽ കണ്ണീരണിഞ്ഞ് നാട്, വനം വകുപ്പിനെതിരെ പ്രതിഷേധം
കോഴിക്കോട്: കാട്ടുപോത്ത്, ആന ഉൾപ്പെടെ വന്യമൃഗ ശല്യത്തിൽ വലഞ്ഞ് മലയോരം. കഴിഞ്ഞ ദിവസം വിലങ്ങാട് വായാട് ഉന്നതിയിലെ സുനിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ ജില്ലയിലെ മലയോര കർഷകർ ഉൾപ്പെടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
മൃതദേഹം സംസ്കരിക്കാതെയാണ് പ്രദേശവാസികൾ ഇന്നലെ പ്രതിഷേധിച്ചത്. മതിയായ നഷ്ട പരിഹാരം നൽകണമെന്നും സുനിലിനെ ആക്രമിച്ച കാട്ടുപോത്തിനെ വെടിവച്ചു കൊല്ലണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് അവർ ഉന്നയിക്കുന്നത്. ജില്ലയിലെ പത്തോളം പഞ്ചായത്തുകളിലാണ് വന്യമൃഗശല്യം രൂക്ഷമായിട്ടുള്ളത്. വനംവകുപ്പ് ഗുരുതര അനാസ്ഥകാട്ടുകയാണെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു.
വനംവകുപ്പിന്റെ കണക്കിനെക്കാൾ കൂടുതലാണ് മരിച്ചവരുടെ എണ്ണം. മരിച്ചവരുടെ കുടുംബങ്ങൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരവും തുച്ഛം. സുനിലിന്റേത് ഉൾപ്പെടെ ആശ്രിതനിയമന കാര്യങ്ങളിലും അടയന്തര നടപടി വേണമെന്നാണ് ആവശ്യം. വന്യമൃഗ ഭീഷണിയുള്ള സ്ഥലങ്ങളിൽ ആവശ്യമായത്ര വെെദ്യുതി വേലി സ്ഥാപിക്കുന്നതിലും വനംവകുപ്പിന് വീഴ്ചയുണ്ടെന്നാണ് ആക്ഷേപം. സുനിലിന്റെ മരണത്തിന് കാരണമായത് പ്രദേശത്തെ വെെദ്യുതി വേലി പ്രവർത്തന രഹിതമായതാണെന്നും പറയുന്നു. ചെങ്ങന്നൂർ കോടതി ജഡ്ജിയുടെ ഡ്രെെവറാണ് കൊല്ലപ്പെട്ട സുനിൽ. പ്രദേശത്തെ കൃഷിയിടത്തിൽ രണ്ടാഴ്ചയായി കാട്ടുപോത്ത് ഇറങ്ങിയിരുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിനെ ഓടിക്കാനായി പോയ വനംവകുപ്പ് ഉദ്യോഗസ്ഥർ സുനിൽ, ദാരപ്പൻ, കുങ്കൻ എന്നിവരെയും കൂടെക്കൂട്ടുകയായിരുന്നു.
വന്യമൃഗ ഭീഷണിയുള്ള ചില പഞ്ചായത്തുകൾ
ചക്കിട്ടപ്പാറ, ചെമ്പനോട, കട്ടിപ്പാറ, കെടവൂർ, കോടഞ്ചേരി, നെല്ലിപ്പൊയിൽ, പുതുപ്പാടി, തിരുവമ്പാടി, കാവിലുമ്പാറ, തിനൂർ...
രണ്ട് മരണത്തിൽ വിറങ്ങലിച്ച് വിലങ്ങാട്
വിലങ്ങാട്: കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സുനിലിന്റെ സഹോദരൻ ജിനേഷ് കുഴഞ്ഞുവീണ് മരിച്ചത് നാടിന് തീരാവേദനയായി. സുനിലിന്റെ വേർപാടിന്റെ വേദനയിൽ നിന്ന് മുക്തമാകും മുൻപ് മണിക്കൂറുകൾക്കകമാണ് മറ്റൊരു മരണം. സുനിലിന്റെ പിതൃസഹോദര പുത്രനാണ് ജിനേഷ്. അവിവാഹിതനാണ്. സുനിലിന്റെ മരണവിവരം അറിഞ്ഞ ജിനേഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കുറ്റ്യാടി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വന്യമൃഗ ആക്രമണത്തെ തുടർന്നുണ്ടായ രണ്ടു മരണങ്ങൾ വിലങ്ങാടിനെയാകെ ദുഃഖത്തിലാഴ്ത്തി. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് വനം വകുപ്പ് കാട്ടുപോത്തിനായി തെരച്ചിൽ തുടങ്ങി. ഡ്രോണടക്കം ഉപയോഗിച്ച് തെരച്ചിൽ തുടരുമെന്ന് ഡി എഫ് ഒ അറിയിച്ചു. രണ്ടു ജീവൻ നഷ്ടപ്പെടുത്തിയ കാട്ടുപോത്തിനെ കൊല്ലുംവരെ പ്രതിഷേധം തുടരാനാണ് നാട്ടുകാരുടെ തീരുമാനം. കെ എം അഭിജിത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ അധികൃതൽ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |