കാളികാവ്: ഇടവേളയ്ക്കു ശേഷം കരുവാരക്കുണ്ടിൽ ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങി. ഇതോടെ പുലർച്ചെ ജോലിക്കിറങ്ങുന്ന ടാപ്പിംഗ് തൊഴിലാളികളടക്കമുള്ളവർ ഭീതിയിലായി.
കേരള എസ്റ്റേറ്റ് സി ഡിവിഷനിലെ കുനിയൻമാടിലാണ് കടുവയെ തൊഴിലാളികൾ കണ്ടത്.
ജാർഖണ്ഡ് സ്വദേശി നവീൻ, ഒഡീഷ സ്വദേശി മോഹൻ എന്നിവരാണ് കടുവയുടെ മുന്നിൽ പെട്ടത്. വെള്ളിയാഴ്ച രാവിലെ അഞ്ചോടെയാണ് സംഭവം. പുലർച്ചെ റബർ ടാപ്പിംഗിനെത്തിയ പത്തോളം തൊഴിലാളികളാണ് കടുവയെ കണ്ടതായി സ്ഥിരീകരിച്ചത്.
രണ്ടു തൊഴിലാളികൾ കടുവയുടെ മുന്നിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ വർഷം ഇതേ മേഖലയിൽ കടുവയുടെ ഭീഷണി നേരിടുന്നതിന് കെണി വെച്ചിരുന്നു.
തൊട്ടടുത്ത അടക്കാക്കുണ്ട് റാവുത്തൻ കാട്ടിൽ നിന്നാണ് കഴിഞ്ഞ വർഷം തൊഴിലാളിയെ കടുവ കൊന്നത്.
സംഭവം അറിഞ്ഞയുടനെ വനപാലകരും ആർ.ആർ.ടി സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.സംഭവത്തോടെ മേഖലയിലെ തൊഴിലാളികൾ ജോലി നിറുത്തി മടങ്ങി.
കേരള പഴയ കടക്കൽ ജി.യു.പി സ്‌കൂളിന് തൊട്ടടുത്തുള്ള റബർ തോട്ടത്തിലാണ് കടുവയെ കണ്ടത്. തനിക്ക് നേരെ കടുവ ചാടിയെന്ന് നവീൻ പറഞ്ഞു.
ഒപ്പമുണ്ടായിരുന്നവർ കൂട്ടത്തോടെ ബഹളം വച്ചതോടെ കടുവ തിരിഞ്ഞോടുകയായിരുന്നു.
വീണ്ടും ഭീതിയിൽ
നേരത്തെ കടുത്ത കടുവാ ഭീതിയിലായ മലയോരത്ത് റബർ ടാപ്പിംഗിന് ആളെ കിട്ടാതെ തോട്ടം ഉടമകൾ പ്രതിസന്ധിയിലാണ്.
അന്യസംസ്ഥാന തൊഴിലാളികളാണ് നിലവിൽ മിക്ക തോട്ടങ്ങളിലും ജോലിചെയ്യുന്നത്.
നേരത്തെ കടുവയുടെ സാന്നിദ്ധ്യം സ്ഥിരമായി ഉണ്ടായിരുന്ന സി വൺ എസ്റ്റേറ്റിലാണ് വീണ്ടും കടുവയെ കണ്ടത്.
കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് വനം വകുപ്പിന്റെ ക്യാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞതോടെ കൂട് സ്ഥാപിച്ചിരുന്നു. പിന്നീട് പുള്ളിപ്പുലി കെണിയിലകപ്പെട്ടു. പിന്നീട് രണ്ടാഴ്ച്ചക്ക് ശേഷം മദാരി എസ്റ്റേറ്റിൽ നിന്നാണ് ഒരു കടുവ കെണിയിലായത്.
ജനവാസമേഖലയിൽ വീണ്ടും കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ ജനങ്ങൾ ഭീതിയിലാണ്.
കടുവയെ കണ്ടതായി സ്ഥിരീകരിച്ചതിനാൽ മറ്റൊരു ദുരന്തമുണ്ടാകും മുമ്പ് കടുവയെ പിടികൂടാൻ വനം വകുപ്പ് നടപടിയെടുക്കണം
മാത്യു സെബാസ്റ്റ്യൻ, കിഫ .ജില്ല പ്രസിഡന്റ്.
തൊഴിലാളികളാണ് കടുവയെ കണ്ടതായി പറയുന്നത് .കാൽപ്പാടുകൾ കണ്ടെത്താനായില്ല.മേഖലയിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.വനം വകുപ്പിന്റെ നേതൃത്വത്തിൽ നിരീക്ഷണം നടത്തുന്നുണ്ട്.കടുവയെ പിടികൂടാൻ നടപടിയെടുക്കും.
റെയ്ഞ്ച് ഓഫീസർ,കാളികാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |