മലപ്പുറം: ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പെയ്തത് ഈ മൺസൂൺ സീസണിലെ പെരുമഴ. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്കുപ്രകാരം ബുധനാഴ്ച രാവിലെ 8.30 മുതൽ ഇന്നലെ രാവിലെ 8.30 വരെ 24 മണിക്കൂറിനിടെ മിക്കയിടങ്ങളിലും 100 മില്ലീമീറ്ററിന് മുകളിൽ മഴ ലഭിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഏറനാട്, നിലമ്പൂർ താലൂക്കുകളിൽ അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. തൃക്കലങ്ങോട് മേഖലയിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് - 170 മില്ലിമീറ്റർ. വേഴക്കോട് 141 മില്ലിമീറ്ററും, വലിയകുന്നിൽ 136 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. നിലമ്പൂർ, അരീക്കോട്, പാണക്കാട് തുടങ്ങിയ ഇടങ്ങളിലും നൂറിലധികം മില്ലിമീറ്റർ മഴയാണ് പെയ്തിറങ്ങിയത്. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെയും ഹൈട്രോളജി വിഭാഗത്തിന്റെയും മഴമാപിനികളിലെ കണക്കുപ്രകാരമാണിത്.
ജില്ലയിൽ കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ മുൻകൂട്ടി അവധി പ്രഖ്യാപിച്ചിരുന്നെങ്കിലും, കഴിഞ്ഞ ദിവസത്തെ അത്ര കനത്ത മഴ ഇന്നലെ അനുഭവപ്പെട്ടില്ല. രാവിലെ മുതൽ പലയിടങ്ങളിലും മഴ മാറിനിൽക്കുകയോ നേരിയ തോതിൽ മാത്രം പെയ്യുകയോ ആണ് ചെയ്തത്. നിലമ്പൂർ മേഖലയിൽ മാത്രമാണ് ഭേദപ്പെട്ട മഴ ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ അതിശക്തമായ മഴയെത്തുടർന്ന് ചാലിയാർ, കടലുണ്ടി ഉൾപ്പെടെയുള്ള ജില്ലയിലെ പ്രധാന പുഴകളും കൈത്തോടുകളും ഇപ്പോഴും നിറഞ്ഞൊഴുകുകയാണ്. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിച്ചിടിയൽ സാദ്ധ്യത നിലനിൽക്കുന്നതിനാൽ ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം പൂർണ്ണമായി പിൻവലിച്ചിട്ടില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാന കേന്ദ്രങ്ങളിലെ മഴക്കണക്ക്:
പ്രദേശങ്ങൾ................രേഖപ്പെടുത്തിയ മഴ (മില്ലിമീറ്റർ)
തൃക്കലങ്ങോട്.............. 170
വേഴക്കോട്....................141
വലിയകുന്ന്..................136
കൽക്കുണ്ട്...................134
നിലമ്പൂർ.......................129
നിലമ്പൂർ മാനവേദൻ............126.4
ചെക്കുന്ന്..................122
അരീക്കോട്................120
പാണക്കാട്................119
ചേലോട്......................118
എടവണ്ണ......................113.9
പാണ്ടിക്കാട്................108.2
മലപ്പുറം........................106.2
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |