SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.43 PM IST

മലപ്പുറത്ത് അതിസാരരോഗം കുതിക്കുന്നു; പത്ത് ദിവസത്തിനിടെ 4,512 ബാധിതർ

മലപ്പുറം: ജില്ലയിൽ അതിസാര രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നു. മഴക്കാലം തുടങ്ങിയതിന് പിന്നാലെ കിണറുകളും മറ്റ് കുടിവെള്ള സ്രോതസ്സുകളും മലിനമാകുന്നതാണ് രോഗവ്യാപനം വർദ്ധിക്കാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. പത്ത് ദിവസത്തിനിടെ ജില്ലയിൽ എ.ഡി.ഡി (അതിസാര രോഗങ്ങൾ) ലക്ഷണങ്ങളോടെ 4,512 പേരാണ് ചികിത്സ തേടിയത്. ഈ പ്രതിസന്ധിക്കൊപ്പം ജില്ലയിൽ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) ബാധിക്കുന്നവരുടെ എണ്ണവും ഉയരുന്നത് ആരോഗ്യവകുപ്പിന് തലവേദനയായി മാറിയിട്ടുണ്ട്. പത്ത് ദിവസത്തിനിടെ 44 പേർക്കാണ് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്. മഴയ്ക്ക് പിന്നാലെ കിണറുകൾ, കുളങ്ങൾ, മറ്റ് ജലസ്രോതസ്സുകൾ എന്നിവയിലേക്ക് മലിന ജലവും മാലിന്യങ്ങളും കലരുന്നതാണ് അതിസാരത്തിന്റെയും മഞ്ഞപ്പിത്തത്തിന്റേയും വ്യാപനത്തിന് പ്രധാന വഴിയൊരുക്കുന്നത്. കുടിവെള്ളത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയും ഹെപ്പറ്റൈറ്റിസ് എ വൈറസ് പകരാനുള്ള സാദ്ധ്യത മഴക്കാലത്ത് കൂടുതലായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

തിളപ്പിക്കാത്ത വെള്ളം കുടിക്കുന്നത്, തുറന്നുകിടക്കുന്ന ഭക്ഷണം ഉപയോഗിക്കുന്നത്, വ്യക്തിശുചിത്വത്തിലെ വീഴ്ചകൾ, വീടുകളിലെ കുടിവെള്ള സംഭരണത്തിലെ അശ്രദ്ധ എന്നിവ രോഗസാദ്ധ്യത ഇരട്ടിയാക്കും. എലിപ്പനി, ഡെങ്കിപ്പനി, ഷിഗെല്ല ഉൾപ്പെടെയുള്ള മറ്റ് മഴക്കാല രോഗങ്ങളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കുട്ടികളിൽ ജാഗ്രത വേണം

മുതിർന്നവരെ അപേക്ഷിച്ച് രോഗപ്രതിരോധ ശേഷി കുറവായതിനാൽ കുട്ടികളെയും പ്രായമായവരെയുമാണ് ജലജന്യ രോഗങ്ങൾ അതിവേഗം ബാധിക്കുന്നത്.

കുട്ടികളിൽ അതിസാരം ഉണ്ടായാൽ അത് ശരീരത്തിലെ ജലാംശവും ലവണങ്ങളും അതിവേഗം നഷ്ടപ്പെടുത്തി കടുത്ത തളർച്ചയിലേക്കും മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും. അതിനാൽ കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.

സ്‌കൂളുകളിലും വീടുകളിലും കുട്ടികൾ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കുന്നുള്ളൂ എന്ന് രക്ഷിതാക്കളും അദ്ധ്യാപകരും ഉറപ്പുവരുത്തേണ്ടതുണ്ട്.

വയറിളക്കം, ഛർദി, പനി, മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളായ കണ്ണിനും ശരീരത്തിനും മഞ്ഞനിറം, കടുത്ത ക്ഷീണം, വിശപ്പില്ലായ്മ എന്നിവ അനുഭവപ്പെട്ടാൽ സ്വയംചികിത്സയ്ക്ക് മുതിരാതെ ഉടൻ സമീപത്തെ സർക്കാർ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL