പട്ടാമ്പി: പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി കൊപ്പത്തെ റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിന് ഒടുവിൽ പരിഹാരമായി. പൊട്ടിയ പൈപ്പിന്റെ തകർച്ച പരിഹരിച്ചാണ് കുടിവെള്ളം പാഴാകുന്നതിനും റോഡിലെ വെള്ളക്കെട്ടിനും പരിഹാരം കണ്ടത്. പൈപ്പ് നന്നാക്കാനായി എടുത്ത കുഴി മൂടാനുള്ള പണിയാണ് ഇനി അവശേഷിക്കുന്നത്.
കൊപ്പം പുലാമന്തോൾ പാതയിലെ കൊപ്പം സാമൂഹികാരോഗ്യകേന്ദ്രത്തിനു മുന്നിലൂടെ പോകുന്ന കുടിവെള്ളപൈപ്പ് ഒരു മാസത്തിലേറെയായി തകർന്നു കിടക്കുകയായിരുന്നു. വെള്ളം പമ്പ് ചെയ്യുന്ന സമയം റോഡരികിൽ വെളളം കെട്ടിനിൽക്കുന്ന സ്ഥിതിയായിരുന്നു. ഇത് യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. വാഹനങ്ങൾ വെള്ളക്കെട്ടിലൂടെ സഞ്ചരിക്കുമ്പോൾ
സമീപ പ്രദേശങ്ങളിലുള്ളവർക്ക് അഴുക്ക് വെള്ളം കൊണ്ട് അഭിഷേകമായിരുന്നു. ബന്ധപ്പെട്ട വകുപ്പുകൾ തമ്മിലുള്ള സ്വര ചേർച്ച ഇല്ലായ്മയായിരുന്നു പ്രധാന കാരണം. ഇതേക്കുറിച്ച് കേരള കൗമുദി വാർത്ത നൽകിയിരുന്നു. കടുത്ത വേനലിൽ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശത്തുകൂടിയാണ് കുടിവെള്ളം പാഴായിപ്പോയിരുന്നത്. ഇത് കടുത്ത വിമർശനങ്ങൾക്കും ഇടവരുത്തിയിരുന്നു. തുടർന്ന് അധികൃതർ ഇടപെട്ടാണ് പൈപ്പിന്റെ തകർച്ച പരിഹരിക്കാൻ നടപടി സ്വീകരിച്ചത്. റോഡിനോടുചേർന്ന് പോകുന്ന കൊപ്പം-വിളയൂർ സമഗ്ര കുടിവെള്ളപദ്ധതിയുടെ വിതരണപൈപ്പാണ് തകർന്നത്. ദിവസങ്ങളോളമായി ഇത് നന്നാക്കാനുള്ള പരിശ്രമത്തിലായിരുന്നു അധികൃതർ. ചോർച്ച പരിഹരിക്കാൻ എടുത്ത കുഴി മൂടാൻ എത്രകാലം കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |