
വടക്കഞ്ചേരി: സംവരണ മണ്ഡലമായ തരൂരിൽ ഇത്തവണ തിരഞ്ഞെടുപ്പ് ചിത്രം മാറുന്ന സൂചനകൾ. ഇടതുമുന്നണിയുടെ കോട്ടയായി കണക്കാക്കപ്പെട്ട മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ.സി.സുബ്രഹ്മണ്യന്റെ രംഗപ്രവേശം മത്സരം കടുപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലും സിവിൽ സർവീസിലും വ്യക്തിമുദ്ര പതിപ്പിച്ച കെ.സി.സുബ്രഹ്മണ്യൻ ശക്തമായ പ്രചാരണവുമായി മുന്നേറുമ്പോൾ മണ്ഡലത്തിൽ പുതുമയുള്ള രാഷ്ട്രീയചലനം പ്രകടമാണെന്നാണ് വിലയിരുത്തൽ. ഇടതിന്റെ ഉറച്ച വോട്ടുബാങ്കിൽ പോലും ചലനം ഉണ്ടാകുന്നുവെന്നതാണ് യു.ഡി.എഫ് ക്യാമ്പിന്റെ അവകാശവാദം.
2011ൽ മണ്ഡലം രൂപീകരിച്ചതിന് ശേഷമുള്ള മൂന്ന് തിരഞ്ഞെടുപ്പുകളിലും സി.പി.എം വൻഭൂരിപക്ഷത്തിൽ വിജയിച്ചു. 2011ൽ എ.കെ.ബാലൻ 25,756 വോട്ടുകൾക്കും, 2016ൽ 23,068 വോട്ടുകൾക്കും വിജയിച്ചപ്പോൾ, 2021ൽ പി.പി.സുമോദ് 24,531 വോട്ടുകൾക്ക് വിജയിച്ചിരുന്നു. ഇതിനുമുമ്പ് കുഴൽമന്ദം മണ്ഡലമായിരുന്ന കാലത്തും ഇടതുസ്ഥാനാർത്ഥികൾക്കായിരുന്നു വിജയപരമ്പര. തദ്ദേശതിരഞ്ഞെടുപ്പുകൾക്ക് ശേഷം മണ്ഡലത്തിൽ രാഷ്ട്രീയസമവാക്യങ്ങളിൽ മാറ്റം പ്രകടമായതായി വിലയിരുത്തപ്പെടുന്നു. വടക്കഞ്ചേരി, പുതുക്കോട്, കുത്തന്നൂർ പഞ്ചായത്തുകൾ യു.ഡി.എഫ് നിയന്ത്രണത്തിലായതും, മറ്റ് പഞ്ചായത്തുകളിൽ കടുത്ത മത്സരം നിലനിൽക്കുന്നതും യു.ഡി.എഫിന് ആത്മവിശ്വാസം നൽകുന്ന ഘടകങ്ങളാണ്. വികസനത്തിൽ മണ്ഡലം പിന്നാക്കമാണെന്നും കർഷക പ്രശ്‌നങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങളിലെ കുറവുകൾക്കും പരിഹാരം കാണാത്തതിൽ ഭരണത്തിനെതിരെ ജനരോഷം ഉയരുന്നുവെന്നാണ് യു.ഡി.എഫ് ആരോപണം. ഈ സാഹചര്യത്തിൽ മണ്ഡലത്തിനായി പ്രത്യേക പ്രകടനപത്രിക അവതരിപ്പിച്ചുകൊണ്ട് കെ.സി.സുബ്രഹ്മണ്യൻ പുതിയ പ്രതീക്ഷ ഉയർത്തുന്നുവെന്നാണ് പാർട്ടി വിലയിരുത്തൽ.
ത്രികോണ പോര്
വികസന നേട്ടങ്ങൾ മുന്നോട്ടുവെച്ച് സിറ്റിംഗ് എം.എൽ.എ പി.പി.സുമോദിന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് ശക്തമായ പ്രതിരോധം തീർക്കുകയാണ്. എൻ.ഡി.എ സ്ഥാനാർത്ഥി എം.സുരേഷ് ബാബുവും ത്രികോണ മത്സരത്തിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ പി.പി.സുമോദ് (എൽ.ഡി.എഫ്) 67,744 വോട്ടുകളും, കെ.എ.ഷീബ (യു.ഡി.എഫ്) 43,213 വോട്ടുകളും, കെ.പി.ജയപ്രകാശ് (ബി.ജെ.പി) 18,465 വോട്ടുകളും നേടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |