SignIn
Kerala Kaumudi Online
Friday, 10 July 2026 4.20 AM IST

കൊല്ലങ്കോട് സ്റ്റേഷനിൽ മെമുവിന്റെ പ്ലാറ്റ്ഫോം മാറലിൽ വലഞ്ഞ് യാത്രക്കാർ

kollangode
കൊല്ലങ്കോട് റെയിൽവേ സ്റ്റേഷൻ.

കൊല്ലങ്കോട്: പാലക്കാട്-പൊള്ളാച്ചി റെയിൽവേ ലൈനിലെ കൊല്ലങ്കോട് സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ മൂലം ഭിന്നശേഷിക്കാരും രോഗികളും മുതിർന്ന പൗരന്മാരും ദുരിതത്തിലാകുന്നു. എറണാകുളം-പൊള്ളാച്ചി മെമു ട്രെയിനിന്റെ സർവീസ് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നും രണ്ടാം നമ്പറിലേക്ക് മാറ്റിയതാണ് യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയത്. നിലവിൽ ട്രെയിൻ ഇറങ്ങുന്നവർക്ക് റെയിൽവേ ലൈൻ മുറിച്ചുകടന്ന് സ്റ്റേഷന് പുറത്തേക്ക് പോകാനോ, തിരിച്ച് ട്രെയിനിൽ കയറാനോ സാധിക്കാത്ത അവസ്ഥയാണ്. ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവരും രോഗികളും നടന്ന് മേൽപ്പാലം കയറിയിറങ്ങിയാണ് സ്റ്റേഷനിലെത്തുന്നത്. ഇത് ഇവരെ കടുത്ത ശാരീരിക ബുദ്ധിമുട്ടുകളിലേക്ക് തള്ളിവിടുന്നു.

 റാംപ് സംവിധാനം തകർന്നു
സ്റ്റേഷന്റെ കിഴക്കേ അറ്റത്താണ് ഭിന്നശേഷിക്കാരെ വീൽചെയറിൽ പ്ലാറ്റ്‌ഫോമുകളിലേക്ക് കൊണ്ടുപോകാനും തിരിച്ചുവരാനുമുള്ള റാംപ് സംവിധാനമുള്ളത്. എന്നാൽ മാസങ്ങൾക്ക് മുൻപ് അറ്റകുറ്റപ്പണിക്കായി ഇവിടെയുണ്ടായിരുന്ന സിമന്റ് സ്ലാബുകൾ ഇളക്കി മാറ്റിയതോടെ റാംപ് ഉപയോഗിക്കാൻ സാധിക്കാതെയായി. മാസങ്ങൾ കഴിഞ്ഞിട്ടും സ്ലാബുകൾ പുനഃസ്ഥാപിക്കാൻ റെയിൽവേ അധികൃതർ തയ്യാറായിട്ടില്ല. ഇതോടെ അവശരായവർക്കും രോഗികൾക്കും വീൽചെയർ വഴി രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് എത്തിച്ചേരാൻ കഴിയാത്ത സ്ഥിതിയാണ്.
 മെമു ഒന്നിലേക്ക് മാറ്റണം
അടിയന്തരമായി മെമു സർവീസ് ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് തന്നെ മാറ്റണമെന്നാണ് ഭിന്നശേഷിക്കാരും സീനിയർ സിറ്റിസൺസ് ഫോറവും ആവശ്യപ്പെടുന്നത്. അതുവരെ താൽക്കാലികമായെങ്കിലും വീൽചെയറുകൾ കടന്നുപോകാൻ തക്കവണ്ണം റാംപിന്റെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കണം. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യാത്രക്കാർ മുന്നറിയിപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL