SignIn
Kerala Kaumudi Online
Monday, 25 May 2026 12.48 PM IST

പശു വളർത്തലിന് വിട ? നാടൻപാലിന് ക്ഷാമം

c

പത്തനംതിട്ട: പശു വളർത്തലിൽ നിന്ന് പലരും പിന്തിരിഞ്ഞതോടെ ജില്ലയിൽ പാൽ ഉല്പാദനം ഗണ്യമായി കുറയുന്നു. ക്ഷീര സംഘങ്ങൾ കുറഞ്ഞുവരികയാണെന്നാണ് ക്ഷീര വികസന വകുപ്പിന്റെ കണക്ക്.

ജില്ലയിൽ 198 ക്ഷീര സംഘങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ 183 എണ്ണം അപ്‌കോസിന് ( ആനന്ദ് പാറ്റേൺ കോ- ഓപ്പറേറ്റീവ് )കീഴിലും 15 എണ്ണം അപ്‌കോസിന് പുറത്തുമാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇപ്പോൾ ക്ഷീര സംഘങ്ങൾ 173 ആയി കുറഞ്ഞതായാണ് സംസ്ഥാന ഡയറി ഡെവലപ്‌മെന്റ് വകുപ്പിന്റെ കണക്ക്.

2023 ഏപ്രിലിൽ ജില്ലയിൽ ക്ഷീരസംഘങ്ങൾ വഴി 1539105 ലിറ്റർ പാൽ അളന്നിരുന്നു. 2024 മാർച്ച് 31ലെ കണക്കുകൾ പ്രകാരം ഇത് 1212630 ലിറ്ററായി കുറഞ്ഞു. 326475 ലിറ്റർ പാലിന്റെ കുറവാണ് ഒരു വർഷം ക്ഷീര സംഘങ്ങളിൽ അളന്ന പാലിൽ ഉണ്ടായിരിക്കുന്നത്. ജില്ലയിൽ ആവശ്യമായ പാൽ അനുബന്ധ ഉല്പന്നങ്ങളുടെ നാലിൽ ഒരുഭാഗമാണ് ക്ഷീരോല്പാദക സഹകരണ സംഘങ്ങളിൽ അളക്കുന്നത്. 40000 ലിറ്റർ പാൽ സഹകരണ സംഘങ്ങളിൽ അളക്കുകയാണെങ്കിൽ 29000 ലിറ്റർ മിൽമയിലേക്കും ബാക്കി പ്രാദേശികമായും വിതരണം ചെയ്യും. ബുദ്ധിമുട്ടുകളേറെ സഹിച്ചാണ് ക്ഷീര കർഷകർ പശുവിനെ വളർത്തുന്നത്. പക്ഷേ പുതുതലമുറയ്ക്ക് പശുവളർത്തലിനോട് താത്പര്യം തീരെയില്ല.

മുമ്പ് പശുവിനെ പറമ്പിൽ ഇറക്കി കെട്ടിയാൽ വൈകുന്നേരമായിരുന്നു അഴിച്ചുമാറ്റിയിരുന്നത്. പറമ്പിലെ പുല്ല് പശു തിന്നുമായിരുന്നു. ഇന്ന് പറമ്പുകളിൽ കാടുവളർന്ന് പന്നികൾ പെറ്റുപെരുകുകയാണ്. വൈക്കോലാണ് ഇപ്പോൾ പശുവിന് നൽകുന്നത്. പുല്ല് പറിച്ചെടുത്ത് നൽകാൻ ആർക്കും വയ്യ.

വിലക്കയറ്റം, അദ്ധ്വാനഭാരവും

അദ്ധ്വാനത്തിന് ആനുപാതികമായി ലാഭം ലഭിക്കുന്നില്ലെന്നാണ് ക്ഷീരകർഷകരുടെ പരാതി. പശുക്കളെ വളർത്താൻ ബുദ്ധിമുട്ടേറെയാണ്. കാലിത്തീറ്റയടക്കമുള്ള സാധനങ്ങൾക്ക് വില കൂടി. ഇത് കാരണം ക്ഷീരസംഘങ്ങളിലും മിൽമയിലും പാൽ കുറയുകയാണ്. ഇത് പാൽ ഉല്പന്നങ്ങളുടെ വില വർദ്ധിക്കാനും കാരണമാകുന്നുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള പാൽ ആണ് ഇപ്പോൾ കൂടുതൽ വിറ്റഴിയുന്നത്. കവർ പാലുകൾ കൂടുതൽ മികച്ച പായ്ക്കിംഗിൽ കേടുകൂടാതെ ദിവസങ്ങളോളം ഉപയോഗിക്കാൻ സാധിക്കുന്നതിനാൽ പശുവിനെ വളർത്തി മെനക്കെടാൻ ആരും തയ്യാറാകാത്ത സ്ഥിതിയാണ്. സർക്കാർ തലത്തിൽ നിരവധി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെങ്കിലും ക്ഷീര കർഷകരുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്.

ജില്ലയിലെ ക്ഷീര കർഷകർ - 14486

ക്ഷീര സംഘങ്ങൾ- 173

----------------


പശുവിനെ വളർത്തി പാൽ ശേഖരിച്ച് സംഘങ്ങളിൽ നൽകുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നുണ്ട്.

ക്ഷീര വികസന വകുപ്പ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL