
പത്തനംതിട്ട : തിരുവല്ല - കുമ്പഴ സംസ്ഥാന പാതയിലെ നെല്ലിക്കാല ജംഗ്ഷൻ കടക്കണമെങ്കിൽ ഏറെപാടുപെടും. ഗതാഗതക്കുരുക്കിനൊപ്പം അപകട ഭീഷണിയും ഏറെയാണ്. ജംഗ്ഷനിലെ വീതിക്കുറവാണ് പ്രധാന പ്രശ്നം. വീതി കുറഞ്ഞ റോഡിന്റെ ഇരുവശവും നടപ്പാത നിർമ്മിച്ചതോടെയാണ് ജംഗ്ഷൻ കുപ്പിക്കഴുത്തുപോലെയായത്.
ജംഗ്ഷനിലുള്ള സർക്കാർ എൽ.പി സ്‌കൂളിന്റെ ഗേറ്റും കവാടവും റോഡ് വികസനത്തിന് അനുകൂലമായ തരത്തിൽ ഉള്ളിലേക്ക് നീക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ മുമ്പ് നിർമ്മിച്ച മതിൽ റോഡ് വലിയ തടസമാണ്. സ്‌കൂളിന്റെ മതിൽ പൊളിച്ചുനീക്കിയാൽ മാത്രമേ റോഡിന് വീതി കൂട്ടാനാകൂ. പ്രശ്നം ഉന്നയിച്ച് നാട്ടുകാർ എം.എൽ.എയ്ക്കും മറ്റു ജനപ്രതിനിധികൾക്കും നിവേദനങ്ങൾ നൽകിയിട്ടും നടപടിയുണ്ടായില്ല. റോഡ് വീതികൂട്ടുമെന്ന് ഉറപ്പ് നൽകുന്നവർക്കുമാത്രമേ വോട്ട് ഉള്ളുവെന്ന ഉറച്ചനിലപാടിലാണ് പ്രദേശവാസികൾ.
ടി.കെ റോഡിൽ പലയിടത്തും അപകടങ്ങൾ കുറയ്ക്കാൻ നവീകരണവും ഓട നിർമ്മാണവും അറ്റകുറ്റപ്പണികളും നടക്കുന്നുണ്ടെങ്കിലും നെല്ലിക്കാലയിൽ മാത്രം യാതൊരു നടപടിയുമില്ല.
സർക്കാർ സ്‌കൂളുകളുടെ സമീപം നടപ്പാത നിർമ്മിക്കാനുള്ള നിർദ്ദേശത്തിന്റെ ഭാഗമായാണ് കവലയിൽ നടപ്പാത നിർമ്മിച്ചതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വാദം. അതേസമയം സ്ഥലം ഏറ്റെടുത്ത് നിർമ്മാണം നടത്താത്തതിന് കാരണം വ്യക്തമല്ല.
സഹകരിക്കാതെ വിദ്യാഭ്യാസ വകുപ്പ്
നെല്ലിക്കാല ഗവ.എൽ.പി സ്കൂൾ കെട്ടിടത്തിന്റെ മതിൽ ഇറക്കി നിർമ്മിച്ച് റോഡിലെ വീതിക്കുറവിന് പരിഹാരമൊരുക്കാൻ നീക്കങ്ങൾ നടന്നിരുന്നു. ഇതിനായി ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചതുമാണ്. എന്നാൽ ഭൂമി വിട്ടുനൽകുന്നതിൽ വിദ്യാഭ്യാസവകുപ്പ് കാട്ടിയ നിസഹകരണം തടസമാകുകയായിരുന്നു.
സ്കൂളിലേക്ക് വിദ്യാർത്ഥികൾ എത്തുന്നത് അപകടഭീതിയോടെയാണ്. വിദ്യാഭ്യാസ വകുപ്പ് അടിയന്തര ഇടപെടൽ നടത്തണം.
ബെന്നി കുഴിക്കാല
മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
അപകടഭീതിയോടെയാണ് കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കുന്നത്. നടപ്പാതയിലും നിർമിതി ഉള്ളതിനാൽ റോഡിലിറങ്ങിവേണം സഞ്ചരിക്കാൻ. ഇത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകും. വർഷങ്ങളായി നിരവധി പരാതികൾ നൽകിയിട്ടും നടപടിയില്ല. റോഡിന് വീതികൂട്ടി അപകടരഹിതമാക്കുമെന്ന് ഉറപ്പ് നൽകുന്നവർക്ക് മാത്രമേ ഇക്കുറി വോട്ടുള്ളു.
മാത്യു ഈപ്പൻ, പ്രദേശവാസി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |