
പന്തളം: യുവതിയെ ആക്രമിച്ച് മാല പൊട്ടിച്ചുകടന്ന കേസിലെ പ്രതിയെ തിരുവനന്തപുരം പെരുമാതുറയിൽ നിന്ന് പൊലീസ് അറസ്റ്റുചെയ്തു. തിരുവല്ല വെണ്ണിക്കുളം സ്വദേശി ചെറുവള്ളിപ്പാറ വീട്ടിൽ പ്രവീൺ ദാമോദരൻ (29) ആണ് പന്തളം പൊലീസിന്റെ പിടിയിലായത്. ഹോം മെയ്ഡ് സാധനങ്ങൾ വിൽക്കുന്ന യുവതിയെ സാധനങ്ങൾ മുഴുവൻ വാങ്ങാമെന്ന് പ്രലോഭിച്ച് അടൂരിൽ നിന്ന് പ്രതിയുടെ സ്‌കൂട്ടറിൽ കയറ്റി പന്തളം പൊലീസ് സ്റ്റേഷൻ പരിധിയിലെ മാന്തുക പുഞ്ചയുടെ ഭാഗത്ത് എത്തിച്ച് ലൈംഗികമായി ആക്രമിക്കുകയും എതിർത്തപ്പോൾ അടിച്ചുവീഴ്ത്തി കഴുത്തിൽ ധരിച്ചിരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയുമായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 3.30 നാണ് സംഭവം. കവർന്നെടുത്ത സ്വർണം ഇരവിപേരൂരിലുള്ള സ്വകാര്യ ബാങ്കിൽ പണയംവച്ച ശേഷം ഇയാൾ ഒളിവിൽ പോയി. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന്റെ നിർദേശപ്രകാരം പന്തളം എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽപ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. നിരവധി നിരീക്ഷണകാമറകൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൃത്യത്തിന് ശേഷം തിരുവനന്തപുരം പെരുമാതുറയിൽ ഒളിവിൽ കഴിയുകയായിരുന്നു. പന്തളം എസ്.എച്ച്.ഒ സജീഷ് കുമാർ, നിസാർ മൊയ്തീൻ, വിഷ്ണു, ഷൈൻ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |