SignIn
Kerala Kaumudi Online
Monday, 25 May 2026 12.37 PM IST

ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ അവഗണനയിൽ, ആളനക്കമില്ല, അനാഥം

tour

പത്തനംതിട്ട : ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ലിസ്റ്റിൽ ജില്ലയിൽ ടൂറിസം കേന്ദ്രങ്ങൾ നിരവധിയുണ്ടെങ്കിലും സഞ്ചാരികൾ എത്തുന്നത് അപൂർവമായി മാത്രം. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതും പുതിയ പദ്ധതികൾ ഒരുക്കാത്തതുമാണ് സഞ്ചാരികളെ അകറ്റുന്നത്. അരുവിക്കുഴി, പെരുന്തേനരുവി, കവിയൂർ ഗുഹാക്ഷേത്രം, തിരുവല്ല ചന്തത്തോട് വാട്ടർ പാർക്ക്, ഗവി, മണ്ണടി സ്മാരകം എന്നീ പദ്ധതിയെല്ലാം നിലച്ചു. ഗവി ടൂറിസം പാക്കേജും മുടങ്ങി. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പുനരാരംഭിക്കുമെന്നാണ് ഡി.ടി.പി.സി അധികൃതർ പറയുന്നത്. വനംവകുപ്പിന്റെ അധീനതയിലുള്ള കോന്നി എക്കോ ടൂറിസവും ഗവിയുമാണ് ജില്ലയിൽ വരുമാനം നേടുന്ന വിനോദ സഞ്ചാരകേന്ദ്രങ്ങൾ. സത്രങ്ങൾ മാത്രമാണ് നിലവിൽ ഡി.ടി.പി.സിയുടെ ചുമതലയിൽ പ്രവർത്തിക്കുന്നത്. തിരുവല്ലയിലും പെരുന്തേനരുവിയിലുമാണ് സത്രങ്ങൾ ഉള്ളത്.
അടൂർ മണ്ണടി സ്മാരകത്തിലെ വിവിധ പദ്ധതികളും പൂർത്തിയായിട്ടില്ല. ഡി.ടി.പി.സിയുടെ കെട്ടിടങ്ങളും വിനോദ സഞ്ചാരകേന്ദ്രങ്ങളും സംരക്ഷിക്കാനും പദ്ധതികളില്ല.

സുരക്ഷയാണ് ഭീഷണി
ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സുരക്ഷിതമല്ലാത്തത് സഞ്ചാരികളെ അകറ്റുന്നു. വിനോദയാത്രയ്ക്ക് എത്തിയ നിരവധിയാളുകളുടെ ജീവൻ നഷ്ടമായിട്ടുണ്ട്. കോന്നി ആനക്കൂടിൽ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാല് വയസുകാരൻ മരിച്ചിട്ട് ഈമാസം പതിനെട്ടിന് ഒരു വർഷമാകുന്നു. സുരക്ഷാ സൗകര്യമൊരുക്കാത്തതും അശ്രദ്ധയും അപകടങ്ങൾക്ക് കാരണമാകുന്നു. പെരുന്തേനരുവിയിൽ പൊലിഞ്ഞത് നിരവധി യുവാക്കളുടെ ജീവനാണ്. സുരക്ഷാവേലി ഇല്ലാത്തത് അപകടത്തിന് കാരണമാകുന്നു. ഡാം വന്നതോടെ പെരുന്തേനരുവി വറ്റി. അരുവിക്കുഴിയും വറ്റി വരണ്ടു. ഫണ്ടുകൾ ലഭ്യമാകാത്തതും കാലതാമസമുണ്ടാകുന്നതും പദ്ധതിയുടെ നടത്തിപ്പിനെ ബാധിക്കുന്നു.

ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ

1. അരുവിക്കുഴി

2. കവിയൂർ ഗുഹാക്ഷേത്രം

3. ചന്തത്തോട് വാട്ടർ പാർക്ക്

4. ആനക്കൂട് , അടവി കുട്ടവഞ്ചി

5. മണ്ണടി വേലുത്തമ്പി ദളവ മ്യൂസിയം

6. പെരുന്തേനരുവി

7. ചുട്ടിപ്പാറ

8. മണ്ണീറ വെള്ളച്ചാട്ടം

സത്രങ്ങളുടെ നടത്തിപ്പ് മാത്രമാണ് നിലവിൽ നടക്കുന്നത്. ഗവി പാക്കേജ് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നടക്കും.

ഡി.ടി.പി.സി അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL