
പത്തനംതിട്ട : പുതിയ ഭരണസമിതി നിലവിൽ വന്നതോടെ കുമ്പഴയിലുള്ള സോണൽ ഓഫീസിനെ പത്തനംതിട്ട നഗരസഭ കൈവിട്ടു. ആവശ്യത്തിന് ജീവനക്കാരില്ലാതെ അടച്ചുപൂട്ടൽ ഭീഷണിയിലാണ് കേന്ദ്രം. ഒൻപത് ജീവനക്കാരുണ്ടായിരുന്ന സോണൽ ഓഫീസിൽ നിലവിൽ രണ്ടുപേർ മാത്രമാണുള്ളത്. നഗരസഭയുടെ എല്ലാ സേവനങ്ങളും പത്തനംതിട്ടയുടെ ഉപനഗരമായ കുമ്പഴയിൽ വേഗത്തിൽ ലഭ്യമാക്കാനാണ് സോണൽ ഓഫീസ് തുറന്നത്. നഗരസഭാ സെക്രട്ടറിയുടെ ചുമതലകൂടി നിർവഹിക്കാൻ കഴിയുന്ന സൂപ്രണ്ടിന്റെ ചുമതലയിലാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. നഗരത്തിലെ 11 വാർഡുകളുടെ ആവശ്യങ്ങൾ സോണൽ ഓഫീസ് നിർവഹിച്ചിരുന്നു. കൂടാതെ നഗരത്തിലെ മുതിർന്ന പൗരന്മാർ, അംഗപരിമിതർ എന്നിവർക്ക് സേവനങ്ങൾക്കായി വേഗത്തിൽ ആശ്രയിക്കാൻ കഴിയുന്ന ഓഫീസ് ആയിരുന്നു കുമ്പഴയിലേത്. കുമ്പഴ നഗരത്തിന്റെ ഭാവി വികസനത്തിനായി ഭരണനിർവഹണത്തിലെ വികേന്ദ്രീകരണമാണ് സോണൽ ഓഫീസ് സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യം വെച്ചത്.
ജീവനക്കാരെ കുറച്ചു
പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്തതോടെ ജീവനക്കാരുടെ എണ്ണം കുറച്ചതാണ് പ്രതിസന്ധിക്ക് കാരണം. ഇപ്പോൾ രണ്ട് ഉദ്യോഗസ്ഥർ മാത്രമാണ് സോണൽ ഓഫീസിലുള്ളത്. സമയബന്ധിതമായി സേവനം ലഭ്യമാകുന്നില്ല എന്ന പൊതുജനങ്ങളുടെ പരാതി വ്യാപകമായിരിക്കുകയാണ്. സോണൽ ഒാഫീസിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. 2024 നവംബർ ഒന്നിന് സോണൽ ഓഫീസ് തുടങ്ങിയത്. ടാക്സ് ആവശ്യങ്ങൾക്ക് കൂടുതൽ ആളുകൾ സമീപിക്കുന്നത് സോണൽ ഓഫീസിനെയാണ്.
മുമ്പുണ്ടായിരുന്ന ജീവനക്കാർ
റവന്യൂ ഇൻസ്‌പെക്ടർ, ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ബിൽ കളക്ടർ, ക്ലാർക്ക്, ക്യാഷ്യർ, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, ശുചീകരണ തൊഴിലാളികൾ.
നിലവിലുള്ള ജീവനക്കാർ
ബിൽ കളക്ടർ, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്
കുമ്പഴ സോണലിലെ വാർഡുകൾ
കുലശേഖരപതി, അറബിക് കോളേജ്, കുമ്പഴ നോർത്ത്, മൈലാടുംപാറ താഴം, മൈലാടുംപാറ, പ്ലാവേലി, കുമ്പഴ ഈസ്റ്റ് , കുമ്പഴ സൗത്ത് , കുമ്പഴ വെസ്റ്റ്, ചുട്ടിപ്പാറ ഈസ്റ്റ് , കണ്ണങ്കര
കുമ്പഴ സോണൽ ഓഫീസ് നല്ല രീതിയിൽ പ്രവർത്തിയ്ക്കുന്നുണ്ട്. നഗരസഭയി അക്കൗണ്ടന്റ് ഇല്ലാത്തതിനാൽ അക്കൗണ്ടന്റിനെ മാത്രം ഓഫീസിലേക്ക് തിരിച്ച് വിളിച്ചിരുന്നു. പുതിയ ഭരണ സമിതിക്ക് സോണൽ ഓഫീസ് അടച്ച് പൂട്ടണമെന്ന് തീരുമാനമില്ല.
സിന്ധു അനിൽ
പത്തനംതിട്ട നഗരസഭ അദ്ധ്യക്ഷ
ഘട്ടംഘട്ടമായി സോണൽ ഓഫീസ് അടച്ചുപൂട്ടാനാണ് ഭരണസമിതി ലക്ഷ്യം വയ്ക്കുന്നത്. കുമ്പഴ മേഖലയിലെ ജനപ്രതിനിധികൾ ഈ നീക്കത്തിനെതിരായി കക്ഷി രാഷ്ട്രീയ ഭേദമന്യേ നിലപാട് സ്വീകരിക്കണം. അല്ലാത്തപക്ഷം ജനകീയ സമരത്തിന് നേതൃത്വം നൽകേണ്ടിവരും.
നഗരസഭ മുൻ അദ്ധ്യക്ഷൻ
അഡ്വ.ടി.സക്കീർ ഹുസൈൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |