
പത്തനംതിട്ട : വിശപ്പ് രഹിത തിരുവല്ലയാണ് തന്റെ സ്വപ്നമെന്ന് തിരുവല്ലയിലെ നിയുക്ത എം.എൽ.എ അഡ്വ.വർഗീസ് മാമ്മൻ പറഞ്ഞു.
പത്തനംതിട്ട പ്രസ് ക്ലബിൽ നടന്ന മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവല്ല പബ്ലിക്ക് സ്റ്റേഡിയം ഉന്നത നിലവാരത്തിലേക്ക് ഉയർത്തും. മല്ലപ്പള്ളിയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമുണ്ടാക്കും. തിരുവല്ല ബൈപാസിന് ചില ഭേദഗതി ആലോചനയിലാണ്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിലെ കെട്ടിടങ്ങൾ സാമ്പത്തികമായി പ്രയോജനപ്പെടുത്താൻ ആലോചിക്കുന്നു. കോർട്ട് കോപ്ലക്സ് പണിവേഗം പൂർത്തിയാക്കും. കൾച്ചറൽ സെന്ററും ലൈബ്രറിനിർമാണവും ആലോചനയിലാണ്. തിരുവല്ല - മല്ലപ്പള്ളി - ചേലക്കൊമ്പ് റോഡിന് പ്രഥമ പരിഗണന നൽകും. തിരുവല്ല, മല്ലപ്പള്ളി താലൂക്ക് ആശുപത്രി വികസനത്തിനും പരിഗണന നൽകുന്നു. തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളുടെ വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കും. വിദേശത്തുനിന്ന് എല്ലാവരും പണക്കാരായല്ല തിരികെയെത്തുന്നത് അതിനാൽ പ്രവാസി പുനരധിവാസ പദ്ധതികളാണ് മറ്റൊരു ലക്ഷ്യം. എല്ലാ ബസുകളും റെയിൽവേ സ്റ്റേഷൻ വഴി പോകുംവിധം ക്രമീകരിക്കും. വ്യവസായ ശാലകൾ പുനരുദ്ധരിക്കും.
കൂടുതൽ കർഷകരെ നെൽകൃഷിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നും അഡ്വ.വർഗീസ് മാമ്മൻ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ബിജുകുര്യൻ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ എസ്.ഷാജഹാൻ നന്ദി പറഞ്ഞു.
തിരുവല്ലയിലും മല്ലപ്പള്ളിയിലും
എം.എൽ.എ ഓഫീസുകൾ
തിരുവല്ലയ്ക്കൊപ്പം മല്ലപ്പള്ളിയിലും എം.എൽ.എ ഓഫീസ് തുറക്കുമെന്ന് വർഗീസ് മാമ്മൻ പറഞ്ഞു. കല്ലൂപ്പാറ നിയോജക മണ്ഡലം ഇല്ലാതായതോടെ മല്ലപ്പള്ളി താലൂക്ക് പരിധിയിൽ എം.എൽ.എയുടെ സാന്നിദ്ധ്യം ഉണ്ടാകുന്നില്ലെന്ന ആക്ഷേപം പരിഹരിക്കാനാണ് മല്ലപ്പള്ളിയിൽ ഓഫീസ് തുറക്കുന്നത്.
ടീം യു.ഡി.എഫ് വിജയം
തിരുവല്ലയിലെ വിജയം ടീം യു.ഡി.എഫിന്റേതാണെന്ന് വർഗീസ് മാമ്മൻ. ഭരണവിരുദ്ധ വികാരം ശക്തമായി പ്രതിഫലിച്ച മണ്ഡലമാണ് തിരുവല്ല. 20 വർഷം തിരുവല്ലയെ പ്രതിനിധീകരിച്ചയാൾ മൂന്നാം സ്ഥാനത്തായി. ശക്തമായ ത്രികോണ മത്സരമാണ് നടന്നത്.
പ്രധാനമന്ത്രി രണ്ടര മണിക്കൂർ ചെലവഴിച്ചാണ് തിരുവല്ലയിൽ പ്രചാരണം നടത്തിയത്.
എൽ.ഡി.എഫിന്റെ അടിത്തറ തിരുവല്ലയിൽ തകർന്നു. കുന്നന്താനം, നെടുമ്പ്രം എന്നിങ്ങനെ എൽ.ഡി.എഫിന്റെ സ്വാധീനമേഖലകളിൽ വോട്ട് ബി.ജെ.പിക്ക് മറിഞ്ഞുവെന്ന് വർഗീസ് മാമ്മൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |