
പത്തനംതിട്ട : ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് നാട്. കഴിഞ്ഞദിവസം ആറൻമുള പഞ്ചായത്തിലെ എഴിയ്ക്കാട് ഉന്നതിയിലെ പത്ത് വയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ജില്ലയിലെ ആദ്യ കേസാണിത്. ഇവിടെ രണ്ട് വാർഡുകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആയിരം കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണിത്. കുഞ്ഞുകുട്ടികളും പ്രായമായവരും ഏറെയുള്ള പ്രദേശമാണിത്. രോഗം സ്ഥിരീകരിച്ച കുട്ടിയെക്കൂടാതെ വയറിളക്ക രോഗമുള്ള രണ്ട് കുട്ടികൾ ചികിത്സയിലാണ്. ഈ കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. രോഗം സ്ഥിരീകരിച്ച കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുകയും ചെയ്തു. എരുമക്കാടുള്ള രണ്ട് കുട്ടികൾക്കും വയറിളക്ക രോഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ് വിദ്യാർത്ഥികൾ.
ഷിഗെല്ല
ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതു മൂലം ഉണ്ടാക്കുന്ന അണുബാധയാണ് ഷിഗെല്ല രോഗം. വയറിളക്കം, ഛർദി എന്നിവയാണ് പ്രധാന ലക്ഷണം. കുടലിന്റെ ആവരണത്തെ ബാക്ടീരിയ ബാധിക്കുകയും അവിടെ തകരാർ സൃഷ്ടിക്കുകയും ചെയ്യുന്നു.
രോഗാണുക്കൾ അടങ്ങിയ മലിനജലം കുടിക്കുന്നതിലൂടെയും മലിനജലത്തിൽ തയ്യാറാക്കുന്ന ആഹാരം കഴിക്കുന്നതിലൂടെയുമാണ് രോഗം പകരുന്നത്. രോഗിയുടെ വിസർജ്യത്തിൽ നിന്നുള്ള ബാക്ടീരിയ മറ്റൊരാളുടെ ഉള്ളിൽ എത്തുമ്പോഴും വ്യക്തിശുചിത്വം പാലിക്കാത്തതു മൂലവും രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും തുറസായ സ്ഥലങ്ങളിലെ വിസർജനം മൂലം ഈച്ചകളും മറ്റും വഴി ബാക്ടീരിയ ഭക്ഷണത്തിലും കുടിവെള്ളത്തിലും എത്തുമ്പോഴും അണുബാധ ഉണ്ടാകാം.
ശ്രദ്ധിക്കേണ്ടത്
1.ആഹാരം പാകം ചെയ്യുന്നതിന് മുമ്പും ഭക്ഷണം കഴിക്കുന്നതിനു മുമ്പും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
2. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കണം. ഭക്ഷണം എപ്പോഴും അടച്ച് സൂക്ഷിക്കണം.
3. പഴകിയതും തുറന്നുവച്ചതുമായ ഭക്ഷണപദാർത്ഥങ്ങൾ കർശനമായും ഒഴിവാക്കണം.
4. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകി മാത്രം ഉപയോഗിക്കണം.
5. രോഗലക്ഷണങ്ങൾ ഉള്ളവരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം.
6. രോഗികൾക്ക് പ്രത്യേക ശുചിമറിസൗകര്യങ്ങൾ ഏർപ്പെടുത്താൻ ശ്രദ്ധിക്കണം.
7. കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ സുരക്ഷിതമായി സംസ്‌കരിക്കണം.
10 വയസുകാരിയുടെ നില മെച്ചപ്പെട്ടു
ജില്ലയിൽ ഷിഗല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത വേണം. രോഗം സ്ഥിരീകരിച്ചയുടൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രോഗനിരീക്ഷണവും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കി. വയറിളക്കം, ഛർദി തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ളവർ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സതേടണം.
ഡോ.എൽ.അനിതകുമാരി,
ജില്ലാമെഡിക്കൽ ഓഫീസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |