
കടമ്മനിട്ട : വീട്ടിലെ ലിഫ്റ്റിൽ കുടുങ്ങി മരിച്ച കടമ്മനിട്ട കല്ലേലി മുക്കിൽ അടയ്ക്കാവുങ്കൽ വീട്ടിൽ മാത്തുക്കുട്ടിയുടെ (75) വീട് കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ എ.എം.രാജേന്ദ്രൻ സന്ദർശിച്ചു. ലിഫ്റ്റ് എന്ന് വിളിക്കാമെങ്കിലും ആ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഉപകരണമല്ല മാത്തുക്കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡപ്രകാരമല്ല നിർമ്മിച്ചിരിക്കുന്നത്. സാധനങ്ങൾ മുകളിലേക്കും താഴേക്കും കൊണ്ട് പോകാൻ മാത്രമുപയോഗിക്കുന്ന ഉപകരണമാണ്.
റോഡ് നിരപ്പിൽ നിന്ന് ഉയർന്ന സ്ഥലത്താണ് മാത്തുക്കുട്ടിയുടെ വീട്. റോഡ് നിരപ്പിൽ നിർമ്മിച്ച കാർ ഷെഡിൽ നിന്ന് മുകളിൽ വീടിന്റെ മുറ്റത്ത് എത്താവുന്ന രീതിയിലാണ് ഉപകരണത്തിന്റെ നിർമാണം. വിദേശത്തുള്ള മക്കളാണ് നിർമ്മിച്ചത്. പ്രായാധിക്യത്തിന്റെ ശ്വാസം മുട്ടലുള്ള മാത്തുക്കുട്ടി ഇതിലൂടെയാണ് വീട്ടിലേക്ക് കയറിയിരുന്നത്.
ഉപകരണം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ അധികാരപരിധിയിൽ ഉൾപ്പെടുന്നതല്ല. ലിഫ്റ്റ് സ്ഥാപിക്കുമ്പോൾ വേണ്ട മാനുഫാക്ച്ചറിംഗ് ലൈസൻസ് അടക്കമുള്ള രേഖകൾ ഇത്തരം ഉപകരണങ്ങൾക്ക് നൽകാൻ കഴിയില്ല. ഫാക്‌ടറികളിലും നിർമ്മാണ മേഖലയിലുമാണ് ഇവ കൂടുതലായുള്ളത്. ഇത്തരത്തിലുള്ളവയിൽ കയറാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |