കോഴഞ്ചേരി: നിറുത്തിയിട്ട കാറിന്റെ ഡോർ അലക്ഷ്യമായി തുറക്കുന്നതിനിടെ തട്ടി വീണ സ്കൂട്ടർ യാത്രികൻ കെ.എസ്.ആർ.ടി.സി ബസിനടിയിൽപെട്ടു മരിച്ചു. പുന്നയ്ക്കാട് കുളത്തുങ്കൽ ബഥേലിൽ തോമസ് ഏബ്രഹാം (തോമസ്കുട്ടി - 59) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 4.10ന് കോഴഞ്ചേരി ടൗണിലുള്ള മുളമൂട്ടിൽ കണ്ണാശുപത്രിയുടെ മുമ്പിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ഇടതുഭാഗത്തെ ഡോർ തുറക്കുന്നതിനിടെ പിന്നിലൂടെ വന്ന സ്കൂട്ടറിൽ തട്ടുകയും തോമസ് ഏബ്രഹാം റോഡിലേക്കു തെറിച്ചുവീഴുകയുമായിരുന്നു. ഈ സമയം പത്തനംതിട്ടയ്ക്ക് പോകുകയായിരുന്ന തിരുവല്ല ഡിപ്പോയിലെ ബസിന്റെ അടിയിലേക്കാണ് വീണത്. ബസിന്റെ പിൻചക്രം തലയുടെ ഒരു ഭാഗത്ത് കയറിയിറങ്ങി. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോഴഞ്ചേരിയിൽ ആധാരം എഴുത്തുകാരനായി പ്രവർത്തിക്കുകയായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: ഷൈനി തോമസ് (ഹെൽത്ത് ഇൻസ്പെക്ടർ, അയിരൂർ - കാഞ്ഞീറ്റുകര). മക്കൾ: ഡോ.ഷാരോൺ, അലീന അന്ന തോമസ് (കാരിത്താസ് ആശുപത്രി, കോട്ടയം).
അപകടം വരുത്തിയത് കാറുകാരുടെ അശ്രദ്ധ
കോഴഞ്ചേരി : നഗരമദ്ധ്യത്തിൽ സ്കൂട്ടർ യാത്രക്കാരൻ കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട് മരിക്കാൻ കാരണമായ അപകടത്തിന് പിന്നിൽ കാർ യാത്രക്കാരുടെ അശ്രദ്ധ. നഗരത്തിലെ മുളമൂട്ടിൽ കണ്ണാശുപത്രിക്ക് സമീപം പാർക്ക് ചെയ്തിരുന്ന കാറിന്റെ മുൻവശത്തെ തുറന്ന ഡോറിൽ തട്ടി സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ബസിനിടയിലേക്ക് വീണ സ്കൂട്ടർ യാത്രക്കാരന്റെ തലയിലൂടെ പിൻചക്രങ്ങൾ കയറിയിറങ്ങി, തത്ക്ഷണം മരണം സംഭവിക്കുകയായിരുന്നു. ധരിച്ചിരുന്ന ഹെൽമറ്റ് പൂർണമായും തകർന്ന നിലയിലാണ്. ബസിൽ യാത്രചെയ്തവരും ഓടിക്കൂടിയവരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സമീപത്തെ ആശുപത്രിയുടെ ആംബുലൻസ് രക്ഷാപ്രവർത്തനത്തിന് ആദ്യം വിട്ടുനൽകാത്തത് നാട്ടുകാരുടെ എതിർപ്പിന് കാരണമായി.
ഇതേ ആംബുലൻസിൽ തന്നെയാണ് മൃതദേഹം ആശുപത്രിയിൽ എത്തിച്ചത്. തിരുവല്ലയിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്. നഗരത്തിൽ ഗതാഗത തടസവുമുണ്ടായി. അനധികൃത പാർക്കിംഗും വൺവേ നിർദേശങ്ങൾ പാലിക്കാതെയുള്ള ഗതാഗതവും അപകടത്തിന് കാരണമാകുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |