
പത്തനംതിട്ട : നഗരത്തിലെ ടൗൺസ്ക്വയർ നശിപ്പിച്ചുവെന്ന് ആരോപിച്ച് എൽ.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചതിനെ തുടർന്ന് കൗൺസിൽ യോഗം ബഹളത്തിൽ കലാശിച്ചു. ആരോപണത്തെ എതിർത്ത് ഭരണപക്ഷം എഴുന്നേറ്റതോടെ വാക്കേറ്റമായി. എൽ.ഡി.എഫ് അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ചതോടെ യോഗം സ്തംഭിച്ചു. അജണ്ടകൾ പാസായതായി പ്രഖ്യാപിച്ച് അദ്ധ്യക്ഷനായിരുന്ന വൈസ് ചെയർമാൻ എ.സഗീർ യോഗം പിരിച്ചുവിട്ടു. കൗൺസിൽ യോഗത്തിൽ അബിൻ വർക്കി എം.എൽ.എയെ കൗൺസിലർ ജോൺസൺ അധിക്ഷേപിച്ചത് യു.ഡി.എഫ് അംഗങ്ങളെ രോഷാകുലരാക്കി.
ഇന്നലെ കൗൺസിൽ യോഗം ചേർന്നയുടൻ ചെയർപേഴ്സൺ ഹാജരാകാത്തതിനെ എൽ.ഡി.എഫ് ചോദ്യം ചെയ്തു. ചെയർപേഴ്സൺ ആരോഗ്യമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് പോയെന്ന് വൈസ് ചെയർമാർ അറിയിച്ചു.
യോഗം അജണ്ടയിലേക്ക് കടക്കുന്നതിന് മുൻപ് ടൗൺ സ്ക്വയറിൻെ മുൻവശത്തെ പടി പൊതുമരാമത്ത് പൊളിച്ചതിനെതിനെതിരെ എൽ.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധമുയർത്തി. നഗരസഭ എൽ.ഡി.എഫ് ഭരിച്ചപ്പോൾ നിർമിച്ച ടൗൺസ്ക്വയർ യു.ഡി.എഫ് വന്നപ്പോൾ നശിപ്പിച്ചുവെന്ന് അംഗങ്ങൾ ആരോപിച്ചു. നഗരസഭയുടെ അനുമതി കൂടാതെ പടി പൊളിച്ചത് ഭരണസമിതിയുടെ പിടിപ്പുകേട് കാരണമെന്ന് കൗൺസിലർ പി.കെ.അനീഷ് ആരോപിച്ചു. കെ.കെ.നായരുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നതിനോട് ചേർന്ന ഭാഗവും പൊളിച്ചു. ഫാത്തിമ ബീവി സ്മാരക ഗേറ്റിലൂടെ മാത്രമേ ഇനി ടൗൺസ്ക്വയറിൽ പ്രവേശിക്കാൻ കഴിയൂ.
ലോകകപ്പ് ഫുട്ബാൾ കാണിക്കാൻ ബിഗ് സ്ക്രീൻ വച്ചതിൽ എതിർപ്പില്ല. എം.എൽ.എ ഷോയാക്കി മാറ്റിയ പരിപാടിക്ക് എത്തിയവർ പുൽത്തകിടി നശിപ്പിച്ചുവെന്ന് എൽ.ഡി.എഫ് ആരോപിച്ചു. ഇതേതുടർന്നാണ് ജോൺസൺ എം.എൽ.എയ്ക്കെതിരെ അധിക്ഷേപവാക്കുകൾ പറഞ്ഞത്.
എന്നാൽ പടി പൊളിച്ചത് ഓട നിർമിക്കാനാണെന്നും പടി പുന:സ്ഥാപിക്കുമെന്നും വൈസ് ചെയർമാൻ പറഞ്ഞു.
ഇരുവിഭാഗവും പ്രകടനം നടത്തി
അബിൻ വർക്കി എം.എൽ.എയെ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ പ്രകടനമായി നഗരസഭ കവാടത്തിന് മുന്നിൽ പ്രതിഷേധിച്ചു. യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ടൗൺസ്ക്വയർ തകർത്തുവെന്ന് ആരോപിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ നഗരസഭയിൽ നിന്ന് നഗരത്തിലേക്ക് പ്രകടനം നടത്തി. മുൻ ചെയർമാൻ അഡ്വ.സക്കീർ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |