തിരുവല്ല : മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും കുറഞ്ഞെങ്കിലും അഞ്ചാംദിനവും അപ്പർകുട്ടനാട്ടിലെ വെള്ളക്കെട്ട് ഒഴിയുന്നില്ല. തിരുവല്ലയിൽ ക്യാമ്പുകളുടെ എണ്ണം 100 ആയി. വെള്ളം ഇറങ്ങിയതിനെ തുടർന്ന് മന്നംകരച്ചിറ ഗവ.യു.പി.എസ്, നല്ലൂർസ്ഥാനം എൻ.എസ്.എസ് കരയോഗമന്ദിരം എന്നീ ക്യാമ്പുകൾ അടച്ചു. അതേസമയം ഇന്നലെയും പടിഞ്ഞാറൻ മേഖലകളിൽ പുതിയ ക്യാമ്പുകൾ തുടങ്ങി. നിലവിൽ 2,503 കുടുംബങ്ങളിലെ 7,950 പേർ വിവിധ ക്യാമ്പുകളിലായി കഴിയുകയാണ്. 3,601 പുരുഷന്മാരും 3396 സ്ത്രീകളും 953 കുട്ടികളും 17 ഭിന്നശേഷിക്കാരും ഏഴ് ഗർഭിണികളുമാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളത്. 2018ലെ പ്രളയത്തിന് ശേഷം ഇപ്പോഴത്തെ വെള്ളപ്പൊക്കത്തിലാണ് ഇത്രയധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പിൽ കഴിയേണ്ടി വരുന്നത്. മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസമായെങ്കിലും മണിമല, പമ്പാ നദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജനങ്ങളിൽ ആശങ്ക ഒഴിഞ്ഞിട്ടില്ല. ഇന്ന് ഓറഞ്ച് അലെർട്ട് നൽകിയിട്ടുള്ളതിനാൽ വീണ്ടും ജലനിരപ്പ് ഉയരുമോ എന്ന ഭീതിയും ഉയർന്നിട്ടുണ്ട്.
ഗതാഗതം പുനസ്ഥാപിച്ചു
തിരുവല്ല താലൂക്കിന്റെ വിവിധ മേഖലകളിൽ പ്രധാന റോഡുകളിൽ നിന്ന് വെള്ളം ഇറങ്ങിയതോടെ ഗതാഗതം സുഗമമായി. എം.സി റോഡിൽ കുറ്റൂരിനും തിരുമൂലപുരത്തിനും ഇടയിൽ ഉണ്ടായിരുന്ന വെള്ളം ഇന്നലെ പൂർണ്ണമായും ഒഴിവായി. എം.സി റോഡിലെ വെള്ളക്കെട്ടിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ പോയ നിരവധി വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളും ബമ്പറും മറ്റു പാർട്സുകളുമൊക്കെ നഷ്ടപ്പെട്ടിരുന്നു. ഇന്നലെ വെള്ളം ഇറങ്ങിയതോടെ അതെല്ലാം ആളുകൾ ശേഖരിച്ച് റോഡരുകിൽ കൂട്ടിയിട്ടിട്ടുണ്ട്. തിരുവല്ല - അമ്പലപ്പുഴ റോഡിലും തിരുവല്ല - പത്തനംതിട്ട റൂട്ടിലും ജലനിരപ്പ് താഴ്ന്നതോടെ യാത്രാക്ലേശം ഒഴിവായി. അതേസമയം ഗ്രാമീണ മേഖലകളിലെ റോഡുകളെല്ലാം ഇപ്പോഴും വെള്ളത്തിലാണ്. ഇതുകാരണം വെള്ളം കയറാത്ത വീടുകളിലെ ആളുകൾക്കും പുറത്തിറങ്ങി യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |