
പത്തനംതിട്ട : കഴിഞ്ഞ സർക്കാർ അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് ക്ഷേമനിധി ബോർഡിന് 20 കോടി രൂപ അനുവദിച്ചിട്ടും റിട്ട.ജീവനക്കാരുടെ പെൻഷൻ മുടങ്ങി. ഏഴ് മാസമായി പെൻഷൻ കിട്ടാതെ വലയുകയാണ് റിട്ട.അങ്കണവാടി വർക്കർമാരും സഹായികളും. അറുപത്തിരണ്ടാമത്തെ വയസിൽ വിരമിക്കുന്ന അങ്കണവാടി ജീവനക്കാർക്ക് മറ്റുജോലികൾക്കൊന്നും പോകാൻ സാധിക്കാത്തതിനാൽ പെൻഷൻ വലിയ ആശ്വാസമായിരുന്നു. ഇത് ലഭിക്കാതായതോടെ മരുന്ന് വാങ്ങാൻ പോലും ബുദ്ധിമുട്ടുകയാണ് പലരും.
ജീവനക്കാർ ജോലി ചെയ്ത കാലയളവിൽ ക്ഷേമനിധിയിൽ അടച്ച തുകയാണ് പെൻഷനായി ലഭിക്കുന്നത്.
പണമാണ് പ്രശ്നം
ബോർഡിന് സാമ്പത്തിക സ്വയംപര്യാപ്തതയില്ലാത്തതിനാൽ സർക്കാർ സഹായത്തോടെയാണ് വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത്. നിലവിൽ ഫണ്ടില്ലെന്നാണ് ക്ഷേമനിധി ബോർഡ് അധികൃതരുടെ വിശദീകരണം.
ലഭിക്കുന്ന പെൻഷൻ തുക
അങ്കണവാടി വർക്കർ : 2500
സഹായി : 1500
ജീവനക്കാരുടെ ആവശ്യങ്ങൾ
1. സർക്കാർ ഫണ്ടിൽ നിന്ന് പെൻഷൻ അനുവദിക്കുക.
2. പെൻഷൻ തുക വർദ്ധിപ്പിക്കുക.
3. പെൻഷൻ തുക ബഡ്ജറ്റിൽ ഉൾപ്പെടുത്തുക.
4. ഗ്രാറ്റുവിറ്റി വിതരണം ചെയ്യുക
ജോലി ചെയ്യാൻ പറ്റാത്തവരാണ് പെൻഷൻ വാങ്ങുന്നവരിലേറെയും.
വലിയ തുക ഒന്നുമില്ലെങ്കിലും അത്യാവശ്യകാര്യങ്ങൾക്ക് ഉപകാരപ്പെടുമായിരുന്നു. പ്രായമായത് കൊണ്ട് മറ്റുജോലികൾക്ക് പോകാൻ എല്ലാവർക്കും സാധിക്കില്ല.
പുഷ്പവല്ലി,
അങ്കണവാടി റിട്ട.ജീവനക്കാരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |