SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.10 AM IST

ജി​ല്ലയി​ലെ കരക്കൃഷി നശിച്ചു, ഓണവിളവെടുപ്പ് മടുപ്പാകും

krishi

പത്തനംതിട്ട : മഴ കിട്ടേണ്ടയിരുന്ന സമയത്ത് കത്തുന്ന ചൂട്. വെള്ളം കോരിയിട്ടും രക്ഷയില്ലാതെ കൃഷികൾ പാതിയിലേറെയും കരിഞ്ഞു. കാലംതെറ്റിവന്ന മഴ ബാക്കി വച്ചത് നേരാംവണ്ണം സംരക്ഷിച്ച് കൊണ്ടുവന്നപ്പോൾ പന്നികൾ കുത്തിയിളക്കി.

ഓണവിപണയിലേക്ക് ലോഡ് കണക്കിന് വിളവെത്തിച്ചിരുന്ന കർഷകർക്ക് ഇത്തവണ വറുതി​യുടെ ഓണമാണ്. ലോണെടുത്തും സ്വർണം പണയം വച്ചും കടംവാങ്ങിയും മണ്ണിൽ വിയർപ്പൊഴുക്കുന്ന പരമ്പരാഗത കർഷകർ ഇനി എന്തു ചെയ്യണം?. എല്ലാം കളഞ്ഞിട്ടു പോരാൻ മനസ് വരുന്നില്ല. കൃഷിയാണ് അവരുടെ ജീവിതം. പുലർച്ചെ ഉണർന്നാൽ കുന്താലിയും മൺകോരിയും തോളിൽ എടുത്തില്ലെങ്കിൽ അന്നത്തെ ദിവസം ശോകമാകും. ചട്ടക്കൂടുകൾക്കുളളിൽ നിന്ന് കൃഷി വകുപ്പ് കർഷകരെ സഹായിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് കാര്യമായ ഫലമുണ്ടാകുന്നുമില്ല.

സോമരാജനെ പോലെ

ഒരുപാടുപേർ

നാരങ്ങാനം ആലുങ്കൽ കണ്ണാറയിൽ സോമരാജന് ഈ മഴയിലും കാട്ടുപന്നി ആക്രമണത്തിലുമുണ്ടായ നഷ്ടം ഏകദേശം അൻപതിനായരം രൂപയോളം വരും. മികച്ച കർഷനുള്ള സംസ്ഥാന അവാർഡിന് കൃഷിഭവൻ മുഖേന ശുപാർശ ചെയ്യപ്പെട്ടയാളായിരുന്നു സോമരാജൻ. മാതൃകാ കർഷകനായ സോമരാജൻ ഓണവിപണി ലക്ഷ്യമിട്ട് പയറും പടവലവും വഴുതനയും കോവലും വെള്ളരിയും ചീരയും വാഴയും കൃഷി ചെയ്തത് മഴയിൽ പഴുത്തു നശിച്ചു. ജൂൺ ആദ്യവാരം വിത്തിട്ട പച്ചക്കറികൾക്ക് മഴ കിട്ടാതിരുന്നതിനാൽ വെള്ളംകോരി. വിളവിന് പൂവിട്ടപ്പോഴായിരുന്നു തോരാമഴയും വെള്ളക്കെട്ടും. തണ്ടുകൾ ചീഞ്ഞു. ഒരുവിധം സംരക്ഷിച്ചു നിറുത്തിയപ്പോൾ പന്നികൾ കൂട്ടത്തോടെ മേഞ്ഞു. മൂടുകൾ കുത്തിയളക്കി. ചേമ്പിനും ചേനയ്ക്കും ഇലകൾ മാത്രം. സ്വന്തമായ ഭൂമിയിലും പാട്ടത്തിനെടുത്ത ഭൂമിയിലുമായി നാല് ഏക്കറോളം കൃഷി ചെയ്യുന്നുണ്ട് സോമരാജൻ.

ജില്ലയിലെ കൃഷിനാശം

(ജൂലയ് 31 മുതൽ ആഗസ്റ്റ് ഒൻപത് വരെ)

ആകെ നഷ്ടം : 13. 40 കോടി

ബാധിച്ച കർഷകർ : 8023

സ്ഥലം : 427. 27 ഹെക്ടർ

നഷ്ടം ബ്ളോക്ക് അടിസ്ഥാനത്തിൽ

(കോടി കണക്കിൽ)

അടൂർ : 0.25

കോന്നി : 1.29

മല്ലപ്പള്ളി : 1.25

പന്തളം : 1.24

പത്തനംതിട്ട : 0.90

പുല്ലാട് : 4.12

റാന്നി : 1.23

തിരുവല്ല : 3.23

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL