
ചിറയിൻകീഴ്: തീരം സംരക്ഷിക്കുന്നതിനായി മുതലപ്പൊഴി മുതൽ മുഞ്ഞമൂട് പാലം വരെയുള്ള ഭാഗങ്ങളിൽ,ഗ്രോയിംഗ് (ചെറുപുലിമുട്ടുകൾ) നിർമ്മാണം പുരോഗമിക്കുന്നു.
നിർമ്മാണം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ 50 മീറ്ററിലേറെ കര,തീരങ്ങളിൽ രൂപമെടുത്ത് തുടങ്ങി. മുതലപ്പൊഴി മുതൽ നെടുങ്കണ്ട വരെയുള്ള 12 കിലോമീറ്റർ തീരത്ത് ഏകദേശം 150 മീറ്റർ അകലത്തിൽ എൺപതോളം ചെറിയ പുലിമുട്ടുകൾ സ്ഥാപിച്ചാൽ തീരം സംരക്ഷിക്കാൻ കഴിയുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
ഇത്തരത്തിലൊരെണ്ണം മുതലപ്പൊഴിയിൽ താഴംപള്ളി ഭാഗത്ത്, പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചത് വിജയം കണ്ടിരുന്നു. ഫിഷറീസ് വകുപ്പ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മുതലപ്പൊഴിയുടെ വടക്കേഅറ്റത്ത് ഗ്രോയിംഗ് സ്ഥാപിച്ചത്.ഇവിടെ തീരം രൂപപ്പെടാൻ ആരംഭിച്ചതോടെയാണ് മറ്റിടങ്ങളിൽ ഗ്രോയിംഗുകൾ നിർമ്മിക്കുന്നത്.
ചിറയിൻകീഴ്, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തുകളിലായി 2649 വീടുകളാണ് കടലേറ്റ ഭീഷണി നേരിടുന്നത്. ഗ്രോയിംഗുകളുടെ നിർമ്മാണത്തോടെ ഇത്തരം ആശങ്കകൾക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്ന കണക്കുകൂട്ടലിലാണ് പ്രദേശവാസികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |