
ശംഖുംമുഖം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ ടയറിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 9.10ന് 139 യാത്രക്കാരുമായി ശ്രീലങ്കയിൽ നിന്നെത്തിയ ശ്രീലങ്കൻ എയർലൈൻസിന്റെ യു.എൽ 161ാം നമ്പർ വിമാനത്തിലാണിത്. റൺവേയിലൂടെ ഓടുന്ന സമയത്ത് വിമാനത്തിന്റെ ടയർ ഭാഗത്ത് പുക ഉയരുന്നതുകണ്ട് വിമാനത്താവളത്തിലെ പാന്തർ ഉൾപ്പെടെയുള്ള ഫയർ യൂണിറ്റുകൾ കുതിച്ചെത്തി. വിമാനം നിന്നതോടെ ജലപീരങ്കികൾ ഉപയോഗിച്ച് പുക കെടുത്തി. റൺവേയിൽ വച്ചുതന്നെ യാത്രക്കാരെ സുരക്ഷിതമായി ഉടൻ പുറത്തിറക്കി.
വിമാനത്തിന്റെ ഹൈഡ്രോളിക് മെക്കാനിസം സ്ഥിതി ചെയ്യുന്ന ഭാഗത്ത് ഓയിൽ ചോർച്ച ഉണ്ടായതാണ് കാരണം. വിമാനത്തിന്റെ ഇടതുഭാഗത്തു നിന്ന് ഓയിൽ ടയറിലേക്ക് ഒഴുകിയിറങ്ങി. ലാൻഡ് ചെയ്യാനായി വിമാനം റൺവേയിലേക്ക് കടന്ന സമയത്ത് ടയറുകൾ റൺവേയിൽ ഉരസിയപ്പോഴാണ് പുക ഉയർന്നത്. തകരാർ പരിഹരിച്ച് പുതിയ ഓയിൽ നിറച്ച് ഉച്ചയ്ക്ക് 12.30ഓടെ അടുത്ത യാത്രക്കാരുമായി വിമാനം ശ്രീലങ്കയിലേക്ക് മടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |