SignIn
Kerala Kaumudi Online
Saturday, 16 May 2026 4.58 AM IST

വൈദ്യുതി വാതിൽപ്പടിയിലേക്ക് കടത്തിവിട്ട് കൊല്ലാൻ ശ്രമം; കുട്ടിക്ക് ഷോക്കേറ്റു

uuuu

  • അയൽക്കാരൻ കസ്റ്റഡിയിൽ

നെയ്യാറ്റിൻകര: മീറ്ററിൽ നിന്നും വീടിന്റെ വാതിൽപ്പടിയിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താൻ ശ്രമം. ഷോക്കേറ്റ വീട്ടുടമയുടെ മകൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. വാതിലിൽ ഘടിപ്പിച്ച വയറിന്റെ ഭാഗം കണ്ടെത്തിയതിനെ തുടർന്ന് അയൽക്കാരൻ പൊലീസ് കസ്റ്റഡിയിൽ. നെയ്യാറ്റിൻകര മഞ്ചവിളാകം നുളഞ്ഞോടത്ത് ഗ്രേസ് വില്ലയിൽ രമ്യയുടെ മകൻ അലനാണ് (13) ഷോക്കേറ്റത്. രമ്യയും അവരുടെ രണ്ട് മക്കളും മാത്രം താമസിക്കുന്ന വീട്ടിലായിരുന്നു കൊലപാതകശ്രമം.

ഇന്നലെ രാവിലെ രമ്യയുടെ മൂത്തമകൻ അലൻ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോഴായിരുന്നു ഷോക്കേറ്റത്. വൈദ്യുത മീറ്ററിലെ ഫ്യൂസ് സ്വിച്ചിൽ നിന്നും വയർ ഘടിപ്പിച്ച് വീടിന്റെ മുൻവശത്തെ വാതിലിലെ ലോക്ക് ഹാൻഡിലിൽ ചുറ്റിവച്ചിരിക്കുന്ന നിലയിലായിരുന്നു. താക്കോൽ കൊണ്ട് തുറക്കാൻ ശ്രമിച്ചപ്പോൾ ഷോക്കേറ്റിരുന്നില്ല. വാതിലിലെ പിടിയിൽ തൊട്ടപ്പോഴാണ് ഷോക്കടിച്ചത്.

രക്ഷപ്പെട്ട കുട്ടി മറ്റൊരു വാതിലിലൂടെ പുറത്തിറങ്ങി നോക്കിയപ്പോഴാണ് വൈദ്യുത മീറ്ററിൽ നിന്നും കറണ്ട് കടത്തിവിട്ടത് കണ്ടത്. തുടർന്ന് നാട്ടുകാരെയും രമ്യയുടെ സഹോദരനെയും വിവരമറിയിച്ചു. ഇവർ അറിയിച്ചതിനെ തുടർന്ന് മാരായമുട്ടം പൊലീസ് സ്ഥലത്തെത്തി പരിശോധിച്ച ശേഷമാണ് വയർ ഇളക്കിമാറ്റിയത്. സ്ഥലം ഫോറൻസിക് ഉദ്യോഗസ്ഥർ ഇന്നെത്തി പരിശോധിക്കും. സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും ദൂരക്കൂടുതലായതിനാൽ ദൃശ്യങ്ങൾ വ്യക്തമല്ല. തയ്യൽ തൊഴിലാളിയായ രമ്യ വ്യാഴാഴ്ച പുലർച്ചെ ഒന്ന് വരെ ജോലിയിലായിരുന്നു. ശേഷമാണ് ഉറങ്ങാൻ പോയത്. പിന്നീടാണ് കൈപ്പിടിയിലേക്ക് വൈദ്യുതി വയർ ഘടിപ്പിച്ചതെന്ന് കരുതുന്നു. രമ്യയുടെ പിതാവ് വാർദ്ധക്യസഹജമായ അസുഖം ബാധിച്ച് ചികിത്സയിലാണ്. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

ഭർത്താവും നിരീക്ഷണത്തിൽ


തിരുനെൽവേലിയിൽ കൂലിപ്പണിക്കാരനായ ഭർത്താവുമായി എട്ട് വർഷമായി രമ്യ അകന്നു കഴിയുകയാണ്. നേരത്തെ ഇവരൊരുമിച്ച് ഈ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് ഇയാൾ തിരുനെൽവേലിയിലേക്ക് പോയി. നാല് വർഷം മുൻപ് രമ്യയുടെ സഹോദരന്റെ വിവാഹച്ചടങ്ങിൽ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. നിലവിൽ നിയമപരമായി ബന്ധം വേർപെടുത്തിയിട്ടില്ല. രമ്യയുടെ ഭർത്താവിന്റെ ഫോൺ ലൊക്കേഷനും ആരുമായി ബന്ധപ്പെട്ടുവെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവദിവസം രാത്രി പതിനൊന്ന് വരെ ഇദ്ദേഹത്തിന്റെ ഫോൺ ലൈവായിരുന്നു.

വൈദ്യുതി മീറ്ററിൽ നിന്നും വാതിലിന്റെ കൈപ്പിടിയിലേക്ക് വൈദ്യുതി കടത്തിവിട്ട നിലയിൽ

മഞ്ചവിളാകത്തെ വീട്ടിലെ വൈദ്യുതമീറ്ററിൽ നിന്നും മുൻ വാതിലിലേക്ക് കറണ്ട് കടത്തിവിട്ടത് പൊലീസ് എത്തി പരിശോധിക്കുന്നു.
ഷോക്കേറ്റ അലൻ ആശുപത്രിയിൽ ചികിത്സയിൽ.

വീട്ടിലെ വീട്ടമ്മയായ രമ്യ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL