വിതുര: നിർത്തലാക്കിയ വിതുര- കാട്ടാക്കട- തിരുവനന്തപുരം-ആറ്റിങ്ങൽ ബസ് സർവീസ് പുനരാരംഭിച്ചു. മികച്ച കളക്ഷനുമായി ജനോപകാരപ്രദമായി സർവീസ് നടത്തിയിരുന്ന ബസ് ഇടക്കാലത്ത് മുന്നറിയിപ്പില്ലാതെ നിർത്തലാക്കിയിരുന്നു. വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും രാവിലെ 6.30ന് ആരംഭിച്ച് മലയടി, വിനോബാനികേതൻ, പറണ്ടോട്, കോട്ടക്കകം, ആര്യനാട്, കുറ്റിച്ചൽ, പൂവച്ചൽ, കാട്ടാക്കട, മലയിൻകീഴ്, തിരുമല ബേക്കറി, തിരുവനന്തപുരം മെഡിക്കൽകോളജ്, കഴക്കൂട്ടം, കണിയാപുരം വഴി 8.50ന് ആറ്റിങ്ങലിലെത്തുന്ന സർവീസായിരുന്നു. ഇടക്ക് ബസ് കേടായി വർക്ക്ഷോപ്പിൽ പണിക്ക് കയറ്റിയിരുന്നു. സ്പെയർപാർട്സുകളുടെ അഭാവം മൂലം നിശ്ചിതസമയത്ത് പണി നടത്തി ബസ് പുറത്തിറക്കുവാൻ സാധിച്ചിരുന്നില്ല. പകരം ഫാസ്റ്റ് ബസ് ഇല്ലാത്തതുമൂലം സർവീസ് നിലയ്ക്കുകയായിരുന്നു. മെഡിക്കൽ കോളേജിലേക്കും ആറ്റിങ്ങലിലേക്കും മറ്റും പോകേണ്ട ധാരാളം യാത്രക്കാർ ഈ സർവീസിനെയാണ് ആശ്രയിച്ചിരുന്നത്. സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാർ അനവധി തവണ പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ല.
ഫാസ്റ്റ് ബസുകളുടെ അഭാവം
യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് കെ.എസ്.ആർ.ടി.സി നടപടികൾ സ്വീകരിച്ചത്. അതേസമയം വിതുര ഡിപ്പോയിൽ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകളുടെ കുറവ് നിലനിൽക്കുകയാണ്. ഇത് മൂലം മിക്ക ദീർഘദൂരസർവീസുകൾ അയക്കുവാൻ കഴിയാത്ത സ്ഥിതിയാണ്. ഫാസ്റ്റ് ബസുകളുടെ അഭാവം മൂലം ചില റൂട്ടുകളിൽ ഓർഡിനറി ബസുകൾ അയക്കേണ്ട സ്ഥിതി വിശേഷമാണ് നിലവിൽ. കൂടുതൽ ബസുകൾ അനുവദിച്ച് യാത്രാപ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |