തൃശൂർ: തൃപ്രയാർ കിഴക്കെനട പൈനൂരിൽ വാഹനം തടഞ്ഞുനിറുത്തി 16 ലക്ഷം രൂപ കവർച്ച ചെയ്ത സംഭവത്തിൽ മുഖ്യസൂത്രധാരൻ പൊലീസ് പിടിയിൽ. കയ്പമംഗലം സ്വദേശി സി.ബി. ശർമയാണ് പിടിയിലായത്. മറ്റ് പ്രതികളെയും തിരിച്ചറിഞ്ഞു. കേസിൽ മൊത്തം 11 പ്രതികളുണ്ടെന്നാണ് സൂചന.
പണം തട്ടിയ രഞ്ജിത്ത് ഉൾപ്പെടെ ഒളിവിലാണ്. എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഡോളറാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് രഞ്ജിത്ത് എന്ന ഏജന്റ് പട്ടാമ്പിയിലുള്ള സംഘത്തെ തൃപ്രയാറിലേക്ക് വിളിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന രഞ്ജിത്ത് സി.സി.ടി.വി ക്യാമറകളില്ലാത്ത പൈനൂർ ആമലത്ത് കുളങ്ങര ക്ഷേത്രത്തിന് സമീപം വാഹനം നിറുത്താൻ ആവശ്യപ്പെട്ടു.
തുടർന്ന് പിന്നാലെയെത്തിയ വ്യാജ നമ്പർ പ്ലേറ്റുള്ള സിൽവർ ഇന്നോവ കാറിലെത്തിയ ആറംഗ സംഘം മുളകുപൊടി സ്‌പ്രേ ചെയ്ത് ആക്രമണം നടത്തി പണം കവരുകയുമായിരുന്നു. കവർച്ചാ സംഘത്തിനോടൊപ്പം രഞ്ജിത്തും രക്ഷപെട്ടു. രക്ഷപ്പെടാൻ ഉപയോഗിച്ച കാർ വലപ്പാട് പൂക്കോട്ടൂർ ക്ഷേത്രപരിസരത്ത് നിന്ന് കണ്ടെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |