SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.18 AM IST

തിരുവനന്തപുരം -കന്യാകുമാരി റെയിൽപാത ഇരട്ടിപ്പിക്കൽ ഇഴഞ്ഞ് നീങ്ങുന്നു

1-puthanakad2-mannidichil

പാറശാല: റെയിൽവേ വികസനം രാജ്യമൊട്ടാകെ ത്വരിതഗതിയിൽ പുരോഗമിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം -കന്യാകുമാരി പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയാണെങ്കിലും പാറശാലയിൽ പണികൾ ഇഴഞ്ഞ് നീങ്ങുന്ന നിലയിലാണ്.

പാത ഇരട്ടിപ്പിക്കലിനായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാര തുക പലർക്കും ലഭിച്ചിട്ടില്ലെന്ന പരാതി നിലനിൽക്കുന്നതിന് പുറമെ ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന പ്രവർത്തനങ്ങളും പൂർത്തിയായിട്ടില്ല.പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നിലവിലെ പാതയോട് ചേർന്ന് താഴ്ന്ന പ്രദേശങ്ങളിൽ മണ്ണിട്ട് നികത്തുന്നതും ഉയർന്ന പ്രദേശങ്ങളിലെ മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളും മന്ദഗതിയിലാണെന്ന് മാത്രമല്ല ഭാഗികമായി നിലച്ചിരിക്കുകയാണ്.

പ്രവർത്തനങ്ങൾ പാതിവഴിയിൽ

പാറശാല പുത്തൻകടയിലും, ഇടിച്ചക്കപ്ലാമൂട്ടിലും, പരശുവയ്ക്കലിലും, കൊറ്റാമത്തും, അമരവിള എയ്തുകൊണ്ടാൻകാണിയിലും നിർമ്മിക്കേണ്ട മേൽപ്പാലങ്ങളുടെ പണികളും പാതി വഴിയിലാണ്. അതിഥി തൊഴിലാളികളിൽ പലരും നാട്ടിലെത്തിയതിനെ തുടർന്ന് മടങ്ങി വരാത്തതും ഇന്ധന ക്ഷാമവും, നിർമ്മാണത്തിനായുള്ള സാധന സാമഗ്രികളുടെ ലഭ്യതയിലെ കുറവ്, പ്രതികൂല കാലാവസ്ഥ എന്നിവയെല്ലാം നിർമ്മാണതടസങ്ങൾക്ക് കാരണമായി പറയുന്നുണ്ടെങ്കിലും പദ്ധതി നടത്തിപ്പിലെ അപാകതകളാണ് കാലതാമസത്തിനുള്ള കാരണമായി പ്രധാനമായും പറയുന്നത്.

മണ്ണിടിച്ചിൽ തുടരാൻ സാദ്ധ്യത

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴ ധനുവച്ചപുരത്തും സമീപ പ്രദേശങ്ങളിലും വ്യാപകമായി മണ്ണിടിച്ചിലിന് കാരണമായിട്ടുണ്ട്.മണ്ണിടിച്ചിൽ സമീപവാസികളായ നാട്ടുകാരെ ഭീഷണിയിലാക്കിയിട്ടുണ്ട്.കാലവർഷം കൂടുതൽ ശക്തിപ്പെടുന്നതോടെ പലഭാഗത്തും മണ്ണിടിച്ചിൽ തുടരാനാണ് സാദ്ധ്യത. മണ്ണിടിച്ചിൽ തുടർന്നാൽ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് കാലതാമസം ഉണ്ടാകുമെന്ന് മാത്രമല്ല നിരവധി കുടുംബങ്ങൾ അപകടഭീഷണി കാരണം മാറി താമസിക്കേണ്ടി വരും.

പ്രവർത്തനങ്ങൾ വേഗത്തിലാക്കണം

തിരുവനന്തപുരം -കന്യാകുമാരി റെയിൽപാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നടന്നുവരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ കൂടുതൽ ത്വരിതപ്പെടുത്തുന്നതോടോപ്പം മണ്ണിടിച്ചിൽ ഭീതി ഒഴിവാക്കുന്നതിനും അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് പാതക്ക് സമീപമുള്ള പ്രദേശവാസികളുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL