നെയ്യാറ്റിൻകര: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിന് ശേഷം നടത്തിയ ശസ്ത്രക്രിയയിലെ പിഴവിനെ തുടർന്ന് ഭാര്യ രോഗിയായെന്ന് യുവാവിന്റെ ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് മണലൂർ മേലേത്തട്ട് പുത്തൻവീട്ടിൽ അനുദാസാണ് ആരോഗ്യവകുപ്പ് മന്ത്രിക്കും വകുപ്പ് ഡയറക്ടർക്കും പരാതി നൽകിയത്.
അനുദാസിന്റെ പരാതി ഇങ്ങനെ: പഴയകടയിലുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്ന ഭാര്യ സജിതയെ (29) ജനുവരി 28നാണ് പ്രസവത്തിനായി പ്രവേശിപ്പിച്ചത്. ഫെബ്രുവരി 6ന് പ്രസവിച്ചതിന് പിന്നാലെ പ്രസവം നിറുത്തുന്ന ട്യൂബക്ടമി ശസ്ത്രക്രിയ നടത്തി. ഇതിനുശേഷം ഒരാഴ്ച കഴിഞ്ഞിട്ടും വേദന മാറാത്തതിനെ തുടർന്നുള്ള പരിശോധനയിൽ ശസ്ത്രക്രിയയിലെ പിഴവുകാരണം അണുബാധയുണ്ടായെന്ന് കണ്ടെത്തുകയായിരുന്നു.
ഓപ്പറേഷൻ കഴിഞ്ഞുള്ള തുന്നലിന്റെ ഒരംശം മാറ്റാത്തത് കാരണം അത് പഴുത്തു. കഠിനമായ വേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ഉൾപ്പെടെ പലയിടത്തുമായി ചികിത്സതേടി. ഒടുവിൽ ഇക്കഴിഞ്ഞ ജൂൺ 10ന് എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ച് കീഹോൾ വഴി പഴുപ്പ് പുറത്തെടുക്കുകയായിരുന്നു. തുടർചികിത്സ കാരണം ഭാര്യ നിത്യരോഗിയായി മാറി,തൊഴിലെടുക്കാൻ കഴിയാത്ത സാഹചര്യമാണെന്നും താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവിന് കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |