
വെഞ്ഞാറമൂട്: മണ്ഡല വേർതിരിവിനെത്തുടർന്ന് റോഡ് വികസനം പകുതിവഴിയിൽ നിലച്ചതോടെ വെഞ്ഞാറമൂട് പാകിസ്ഥാൻമുക്ക് - മുളയം - സമന്വയാ നഗറിൽ യാത്രാദുരിതം രൂക്ഷം. ഒരേ പ്രദേശത്തുകൂടി കടന്നുപോകുന്ന റോഡിന്റെ ഒരുഭാഗം മാത്രം നവീകരിക്കുകയും മറുഭാഗം തകർന്നു കിടക്കുകയും ചെയ്യുന്നതിനെതിരെ നാട്ടുകാരും യാത്രക്കാരും പ്രതിഷേധത്തിലാണ്.
തകർന്ന് തരിപ്പണമായി കിടന്ന റോഡിൽ വാമനപുരം മണ്ഡല പരിധിയിൽ വരുന്ന മുളയം പാലത്തിന്റെ 250 മീറ്ററോളം ഭാഗം സുധീർഷാ പാലോട് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയിരുന്നു. എന്നാൽ നെടുമങ്ങാട് മണ്ഡലത്തിൽപ്പെട്ട റോഡിന്റെ ഭാഗം ഇപ്പോഴും വലിയ കുഴികളും ചെളിയും നിറഞ്ഞ് കിടക്കുകയാണ്.
വെഞ്ഞാറമൂട് ഓവർബ്രിഡ്ജ് നിർമ്മാണം പുരോഗമിക്കുന്നതിനാൽ, തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സമന്വയാ നഗർ വഴിയാണ് വെഞ്ഞാറമൂട്ടിലേക്ക് പോകുന്നത്.എന്നാൽ റോഡിന്റെ ശോച്യാവസ്ഥ കാരണം ഭൂരിഭാഗം വാഹനങ്ങളും പിരപ്പൻകോട് - നാഗരുകുഴി റോഡ് വഴിയാണ് പോകുന്നത്. അതിനാൽ ഈ മേഖലയിൽ വൻ ഗതാഗതക്കുരുക്കാണ്.
റോഡ് നന്നാക്കാൻ നെടുമങ്ങാട് എം.എൽ.എയോ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.ജനപ്രതിനിധികളുടെ അവഗണന അവസാനിപ്പിച്ച് എത്രയും വേഗം മുളയം - സമന്വയാ നഗർ റോഡ് പൂർണമായി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
സമന്വയാ നഗർ മുതൽ മുളയം പാലം വരെയുള്ള ഭാഗം നെടുമങ്ങാട് മണ്ഡലത്തിലും,ബാക്കി വാമനപുരം മണ്ഡലത്തിലുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |