വടക്കാഞ്ചേരി: വിവാദങ്ങളുടെ കൊടുമുടി കയറിയ വടക്കാഞ്ചേരി ചരൽപറമ്പ് ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമ്മാണം വീണ്ടും പ്രതീക്ഷയിൽ. നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ സബ് മിഷനുള്ള മറുപടിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, നിയമ പ്രശ്‌നങ്ങളിൽ ഇപ്പോഴും ആശങ്ക തുടരുകയാണ്. ഫ്‌ളാറ്റ് അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ഇതുവരെ എങ്ങുമെത്തിയിട്ടില്ല. അന്വേഷണം സ്തംഭിച്ച നിലയിലാണ്. ഇത് സംബന്ധിച്ച് അനുകൂല റിപ്പോർട്ടുകൾ ലഭിച്ചാൽ മാത്രമാണ് നിർമ്മാണവുമായി മുന്നോട്ടുപോകാൻ സാധിക്കൂ. യു.എ.ഇ ആസ്ഥാനമായ ജീവകാരുണ്യ സംഘടന റെഡ് ക്രസന്റ് ഭൂ ഭവന രഹിതർക്കായി ഫ്‌ളാറ്റ് നിർമ്മിക്കാൻ നൽകിയ 19 കോടി രൂപയിൽ നാലര കോടി രൂപയും കമ്മീഷനായി നൽകിയെന്നതാണ് പ്രധാന ആരോപണം. ചട്ടലംഘനങ്ങളും അഴിമതിയും വിദേശ രാജ്യങ്ങളുമായി കരാറിലേർപ്പെടുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകൾ അട്ടിമറിച്ചതായും ആരോപിച്ച് മുൻ എം.എൽ.എ അനിൽ അക്കര വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയതോടെയാണ് ഫ്‌ളാറ്റ് വിവാദത്തിലേക്ക് വഴിമാറിയത്.
തിരഞ്ഞെടുപ്പിലും ചർച്ച
സംസ്ഥാനത്ത് തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമ്മാണ വിവാദം കത്തിക്കയറും. എതാനും മാസങ്ങൾക്ക് ശേഷം നടക്കാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ലൈഫ് മിഷൻ ചർച്ചയായേക്കും. തിരഞ്ഞെടുപ്പിന് മുമ്പ് ഫ്‌ളാറ്റ് നിർമ്മാണത്തിന്റെ തടസങ്ങൾക്ക് നീക്കി തങ്ങൾക്ക് അനുകൂല ഘടകമാക്കാനുള്ള തയ്യാറെടുപ്പിലാണ് എൽ.ഡി.എഫ്. കഴിഞ്ഞ വർഷം യു.എ.ഇ വിദേശ വാണിജ്യ മന്ത്രി ഡോ. താനി അഹമ്മദ് അൽ സെയൂദിയുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തുകയും പദ്ധതി പൂർത്തീകരണത്തിന് സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
ആരോപണങ്ങളെല്ലാം വമ്പൻമാർക്കെതിരെ
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻമന്ത്രി എ.സി.മൊയ്തീൻ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, ലൈഫ്മിഷൻ മുൻ സി.ഇ.ഒ. യു.വി.ജോസ്, യു.എ.ഇ കോൺസുലേറ്റ് മുൻ ജനറൽ അറ്റാഷെ, സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സരിത് എന്നിവർക്കെതിരെയായിരുന്നു പരാതി. ലൈഫ്മിഷൻ സി.ഇ.ഒയായിരുന്ന യു.വി.ജോസിനെ സമ്മർദ്ദത്തിലാക്കിയാണ് ഫയലുകളിൽ ഒപ്പിടുവിച്ചതെന്നും ആരോപിച്ചിരുന്നു. കെട്ടിട നിർമ്മാണം ആരംഭിച്ച ശേഷമാണ് പൊതുമരാമത്ത് വകുപ്പ് ലൈഫ് മിഷന് എസ്റ്റിമേറ്റ് നൽകിയതെന്നാണ് ആരോപണം.
അന്വേഷണ വഴികൾ
ഫ്‌ളാറ്റിൽ പരിശോധന തുടർന്ന് യു.വി.ജോസ്, സന്തോഷ് ഈപ്പൻ, ലൈഫ് മിഷനിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് മൊഴിയെടുത്തു. വടക്കാഞ്ചേരി നഗരസഭ ഓഫീസിലെത്തി അന്നത്തെ ചെയർപേഴ്‌സൺ ശിവപ്രിയ സന്തോഷ് , സെക്രട്ടറി മുഹമ്മദ് അനസ് എന്നിവരുടെയും മൊഴിയെടുത്തു. ഫയലുകൾ പിടിച്ചെടുക്കൽ, ഫ്‌ളാറ്റിന്റെ ബലപരിശോധന എന്നിവ അതിവേഗത്തിലായിരുന്നു. ഇതിന്റെ റിപ്പോർട്ട് ഇന്നും കാണാമറയത്താണ്. ഇത് ലഭിക്കാതെ അന്വേഷണവുമായി മുന്നോട്ട് പോകാനാകില്ലെന്ന നിലപാടാണ് ഉദ്യോഗസ്ഥർക്കുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |