SignIn
Kerala Kaumudi Online
Monday, 22 June 2026 4.52 AM IST

കളിക്കളത്തിലും കമന്ററി ബോക്‌സിലും താരമാണ് ജോസ് വക്കീൽ !

photo-

മാള: ലോകകപ്പ് ഫുട്‌ബാൾ ആവേശം വീണ്ടും ഉയരുമ്പോൾ, അന്താരാഷ്ട്ര ഫുട്‌ബാൾ വേദികളിലും കായികരംഗത്തിന്റെ വിവിധ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച മാളയുടെ സ്വന്തം അഡ്വ. ജോസ് പി. ജോർജിനെ നെഞ്ചേറ്രുകയാണ് കായികപ്രേമികൾ. സ്‌കൂൾ മൈതാനത്തുനിന്ന് തുടങ്ങിയ അദ്ദേഹത്തിന്റെ കായികയാത്ര ദേശീയ - അന്തർദേശീയ മത്സരവേദികളിലും കമന്ററി ബോക്‌സിലും നിയമരംഗത്തും ഒരുപോലെ ശ്രദ്ധേയം.

മാള സെന്റ് ആന്റണീസ് ഹൈസ്‌കൂളിൽ ഇട്ടിക്കുരു മാസ്റ്ററുടെ ശിക്ഷണത്തിലാണ് തുടക്കം. സ്‌കൂൾ ചാമ്പ്യനായ അദ്ദേഹം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പഠിക്കുമ്പോൾ കാലിക്കറ്റ് സർവകലാശാലയുടെയും കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ടീമിന്റെയും താരമായി. ഒല്ലൂർ എ.ആർ.എൽ.സിക്കായി കളിക്കവേ അഖിലേന്ത്യാ നെഹ്‌റു ട്രോഫി ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർ പുരസ്‌കാരവും നേടിയിട്ടുണ്ട്. ബോപ്പാൽ സർവകലാശാല ടീം ക്യാപ്ടനായും മദ്ധ്യപ്രദേശ് സംസ്ഥാന ടീം അംഗമായും തിളങ്ങിയ അദ്ദേഹം, 1976ൽ കുവൈത്ത് ദേശീയ ടീമിനെതിരെ ഇന്ത്യൻ റെയിൽവേക്കായി ബൂട്ട് കെട്ടിയത് കരിയറിലെ പ്രധാന നാഴികക്കല്ലാണ്.

കളിക്കളത്തിലെ മികവിനൊപ്പം കമന്ററി രംഗത്തും തന്റേതായ സ്ഥാനം കണ്ടെത്തിയിരുന്നു. 1977 മുതൽ ആകാശവാണിയിലും പിന്നീട് ദൂരദർശനിലുമായി ഫുട്‌ബാൾ, വോളിബാൾ, ബാസ്‌കറ്റ്‌ബാൾ, അത്‌ലറ്റിക്‌സ്, വള്ളംകളി തുടങ്ങിയ മത്സരങ്ങൾക്ക് മലയാളത്തിലും ഇംഗ്ലീഷിലും നൽകിയ കമന്ററി ഹൃദ്യമായിരുന്നു. നെഹ്‌റു ഗോൾഡ് കപ്പ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഫുട്‌ബാൾ ടൂർണമെന്റുകളിലും ശബ്ദം കൊണ്ട് സാന്നിദ്ധ്യം അറിയിച്ചു.

പ്രായത്തെ വെല്ലുന്ന കായികവീര്യവുമായി 2010ൽ അമേരിക്കയിൽ നടന്ന വേൾഡ് മാസ്റ്റേഴ്‌സ് സ്‌പോർട്‌സ് മീറ്റിലും 2012ലെ ഏഷ്യൻ മാസ്റ്റേഴ്‌സ് ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. 76-ാം വയസിലും കേരള ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകവൃത്തി തുടരുന്ന അദ്ദേഹം നിയമ അദ്ധ്യാപകനായും ഗവേഷകനായും പ്രവർത്തിച്ചിട്ടുണ്ട്. വാസ്തുവിദ്യയും ആധുനിക നിർമ്മാണ നിയമങ്ങളും സംബന്ധിച്ച ഗവേഷണത്തിലൂടെ പി.എച്ച്.ഡിയും കരസ്ഥമാക്കി.

അദ്ധ്യാപകനായിരുന്ന പെരേപ്പാടൻ ജോർജിന്റെയും ഏലിയാമ്മയുടെയും മകനാണ്. ഡോ. ലൂസി ജോസഫാണ് ഭാര്യ. മക്കളായ അമൃത എലിസബത്തും ഐശ്വര്യ ആനും ഡോക്ടർമാരാണ്. കളിക്കാരൻ, കമന്റേറ്റർ, നിയമജ്ഞൻ, അദ്ധ്യാപകൻ, ഗവേഷകൻ എന്നീ നിലകളിൽ മാളയുടെ പേര് അന്താരാഷ്ട്ര വേദികളിലെത്തിച്ച അഡ്വ. ജോസ് പി. ജോർജ് ഇന്നും നാട്ടുകാരുടെ അഭിമാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL