SignIn
Kerala Kaumudi Online
Friday, 17 July 2026 3.34 AM IST

ലഹരിക്കെതിരെ കാക്കി കാർട്ടൂൺ

ollurci

തൃശൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരി ബോധവത്കരണ കാർട്ടൂണൊരുക്കി കുട്ടികളിലേക്കിറങ്ങുകയാണ് ഒല്ലൂർ സി.ഐ എം.എസ് ഫൈസൽ.തിങ്കളാഴ്ച മുതൽ വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികളിൽ ഈ കാക്കികാരൻ കാർട്ടൂണുകളൊരുക്കും. ലഹരി മനുഷ്യ ജീവനെ എങ്ങനെ കാർന്നു തിന്നുന്നുവെന്നതുൾപ്പെടെ കാർട്ടൂണുകളിൽ നിറയും. കുട്ടികൾക്ക് പ്രിയപ്പെട്ട സെലിബ്രിട്ടികളെയും രാഷ്ട്രീയ നേതാക്കളെയും വരച്ച് അതിലൂടെ ലഹരി ബോധവത്കരണ ആശയത്തിലേക്ക് കടക്കാനാണ് ഉദ്ദേശമെന്ന് ഫൈസൽ കേരളകൗമുദിയോട് പറഞ്ഞു. കാർട്ടൂണുകൾക്ക് കുട്ടികളെ പിടിച്ചിരുത്താനും അവരുടെ ശ്രദ്ധയാകർഷിക്കാനും സാധിക്കുമെന്നുള്ള തിരിച്ചറിവാണ് തന്റെ കാർട്ടൂൺ വരയിൽ ഫൈസലിനെ എത്തിച്ചത്. കണ്ണൂർ,പാനൂർ,ആലുവ ഈസ്റ്റ്,നെടുമ്പാശേരി,കാഞ്ഞിരപ്പള്ളി,കോട്ടയം ഈസ്റ്റ്,നിലമ്പൂർ,ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലെ ജനപ്രിയ സേവനങ്ങൾക്ക് ശേഷമാണ് ഫൈസൽ തൃശൂർ ജില്ലയിലെ ഒല്ലൂരിൽ ചുമതലയേൽക്കുന്നത്. പരേതരായ സൈനുദ്ദീൻ മൗലവി, ആസിയ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ നിഷ. മക്കൾ ആബിദ്, ഫാരിദ്, റെഹ്ദ.


ചെറുപ്പം തൊട്ട് കാർട്ടൂൺ പ്രേമം

ചെറുപ്പംതൊട്ട് കാർട്ടൂണുകളെ ഏറെ സ്‌നേഹിക്കുന്ന എറണാകുളം കോതമംഗലം നെല്ലിക്കുഴി സ്വദേശിയായ ഫൈസൽ പരാതികളുമായെത്തുന്നവർക്ക് വരെ കാർട്ടൂൺ വരച്ച് നൽകാറുണ്ട്. പ്രീഡിഗ്രി പഠനകാലത്ത് കാർട്ടൂൺ രചനയെ കൂടെക്കൂട്ടിയ ഇദ്ദേഹം രാഷ്ട്രീയക്കാരുൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെയെല്ലാം നിമിഷാർദ്ധനേരം കൊണ്ട് പേനാ തുമ്പുകളിൽ വിരിയിക്കും.

 മത്സരങ്ങളിൽ സജീവം

കോതമംഗലം എം.എ കേളേജിലെ ബിരുദ പഠനകാലത്തും തിരുവനന്തപുരം, എറണാകുളം ലാ കോളേജുകളിലെ നിയമ പഠനകാലത്തും കാർട്ടൂൺ മത്സരങ്ങളിലുൾപ്പെടെ ഫൈസൽ സജീവമായിരുന്നു.

സിവിൽ എക്‌സൈസ് ഓഫീസറായാണ് പാലക്കാട്ട് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് എസ്.ഐയായി കേരളാ പൊലീസിൽ. തലശ്ശേരിയിൽ ആദ്യ പോസ്റ്റിംഗ്. അവിടെ മുതലാണ് ജനങ്ങൾക്ക് കാക്കിക്കുള്ളിലെ കാർട്ടൂണിസ്റ്റിനെ മനസിലായി തുടങ്ങിയത്.

ലഹരിക്കെതിരെ കാർട്ടൂണിലൂടെ സംസാരിക്കുമ്പോൾ കുട്ടികളുടെ ശ്രദ്ധ കൂടുതൽ നേടാനാകും. നമ്മൾ പറയുന്നത് അവരുടെ മനസിൽ പതിയും
എം.എസ്. ഫൈസൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL