
കൊച്ചി: ഹോർമുസ് ഇടനാഴിയിൽ ചരക്കുഗതാഗതം വീണ്ടും താറുമാറായതോടെ ലോക വിപണികൾ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ക്രൂഡോയിൽ വില ബാരലിന് 103 ഡോളറലേക്ക് കുതിച്ചുയർന്നതിന് പിന്നാലെ ഓഹരി, സ്വർണം, രൂപ എന്നിവ തിരിച്ചടി നേരിട്ടു. ദക്ഷിണ കൊറിയയിലെ കോസ്‌പി, ജപ്പാനിലെ നിക്കി, ഷാംങ്ങ്ഹായി കോമ്പോസിറ്റ് എന്നിവ ഒരു ശതമാനത്തിനടുത്ത് ഇടിഞ്ഞു. ആഗോള മേഖലയുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരി സൂചികകളും മൂക്കുകുത്തി. സെൻസെക്‌സ് 852.49 പോയിന്റ് കുറഞ്ഞ് 77,664ൽ അവസാനിച്ചു. നിഫ്‌റ്റി 205.05 പോയിന്റ് ഇടിഞ്ഞ്
24,173.05ൽ എത്തി. വാഹന മേഖലയിലെ ഓഹരികളാണ് ഇന്നലെ കനത്ത നഷ്‌ടം നേരിട്ടത്. ബാങ്കിംഗ്, ധനകാര്യ മേഖലയിലെ ഓഹരികളിലും വിൽപ്പന സമ്മർദ്ദം രൂക്ഷമായി. രൂപയുടെ മൂല്യത്തകർച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പിന്മാറ്റവും നിക്ഷേപകർക്ക് വെല്ലുവിളി സൃഷ്‌ടിച്ചു. സമാധാന ചർച്ചകൾ സംബന്ധിച്ച അനിശ്ചിതത്വങ്ങളേറിയതോടെ ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളറിന് കരുത്തേറി. യു.എസ് ബോണ്ടുകളുടെ മൂല്യവും ഉയർന്നതിനാൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ സ്വർണം, ഓഹരി എന്നിവയിൽ നിന്നും വലിയ തോതിൽ പണം പിൻവലിച്ചു.
രൂപയ്ക്ക് കനത്ത ഇടിവ്
ക്രൂഡോയിൽ വില കുതിച്ചുയർന്നതും ഓഹരി വിപണിയിൽ നിന്ന് വിദേശ ധനകാര്യ സ്ഥാപനങ്ങൾ പണം പിൻവലിച്ചതും രൂപയുടെ മൂല്യത്തകർച്ച രൂക്ഷമാക്കി. വിദേശ നാണയ വ്യാപാരത്തിൽ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതോടെ ഊഹക്കച്ചവടക്കാർ വിപണിയിൽ പിടിമുറുക്കുകയാണ്. ഡോളറിനെതിരെ ഇന്നലെ രൂപ 33 പൈസ നഷ്‌ടവുമായി 94.11ലേക്ക് താഴ്ന്നു. ഒരു മാസത്തിനിടെയിൽ രണ്ടാം തവണയാണ് രൂപയുടെ മൂല്യം 94 കടന്ന് മൂക്കുകുത്തുന്നത്.
സ്വർണ വിലയും താഴേക്ക്
ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതും യു.എസ് ബാേണ്ടുകളുടെ മൂല്യം ഉയർന്നതും സ്വർണത്തിന് തിരിച്ചടിയായി. രാജ്യാന്തര വിപണിയിൽ
സ്വർണ വില ഇന്നലെ ഔൺസിന് 4,730 ഡോളറിലേക്ക് താഴ്ന്നു. കേരളത്തിൽ പവൻ വില 880 രൂപ കുറഞ്ഞ് 1,12,600 രൂപയിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |