
നാണയപ്പെരുപ്പവും രൂപയും വെല്ലുവിളി
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തിൽ നാണയപ്പെരുപ്പം ഉയരുന്നതും രൂപയുടെ മൂല്യത്തകർച്ച രൂക്ഷമാകുന്നതും റിസർവ് ബാങ്കിനെ അതിസമ്മർദ്ദത്തിലാക്കുന്നു. ഇറാൻ യുദ്ധം തുടങ്ങി 75 ദിവസം പിന്നിടുമ്പോഴും ക്രൂഡ് വില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുന്നതാണ് പ്രധാന വെല്ലുവിളി. ഇന്ധന വില സമ്മർദ്ദം കഴിഞ്ഞ മാസം ഇന്ത്യയുടെ നാണയപ്പെരുപ്പ സൂചിക കുത്തനെ ഉയർത്തി. മൊത്ത വില സൂചിക ഏപ്രിലിൽ മൂന്നര വർഷത്തെ ഉയർന്ന നിരക്കായ 8.3 ശതമാനത്തിലെത്തിലും ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ഒരു വർഷത്തെ ഉയർന്ന തലമായി3.48 ശതമാനത്തിലുമാണ്. പെട്രോൾ, ഡീസൽ എന്നിവയുടെ വില വർദ്ധിപ്പിക്കാതെ തന്നെ നാണപ്പപ്പെരുപ്പം ഉയരുന്നതാണ് വെല്ലുവിളി. നിലവിൽ ഇന്ധന ലഭ്യതയിൽ പേടിക്കാനില്ലെങ്കിലും യുദ്ധം നീണ്ടാൽ രാജ്യം കടുത്ത പ്രതിസന്ധിയിലായേക്കും.
ഇറക്കുമതി ചെലവ് കുത്തനെ ഉയരുന്നതും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും രാജ്യത്തെ വിദേശ നാണയ ശേഖരം ഇടിക്കുന്നതും ആശങ്ക ഉയർത്തുന്നു.
പലിശ ഉയർന്നേക്കും
ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ നാണയപ്പെരുപ്പം ഉയരുന്നതിനാൽ ജൂണിൽ നടക്കുന്ന റിസർവ് ബാങ്കിന്റെ ധന നയ അവലോകന യോഗത്തിൽ മുഖ്യ പലിശ നിരക്ക് കാൽ ശതമാനം കൂട്ടിയേക്കും. വിപണിയിലെ പണ ലഭ്യത കുറയ്ക്കാനാണ് റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്. രൂപയുടെ മൂല്യത്തകർച്ച പിടിച്ചുനിറുത്താനും ഇതോടെ സാഹചര്യമൊരുങ്ങും.
റെക്കാഡ് ഇടിവ് തുടർന്ന് രൂപ
വിദേശ നിക്ഷേപകരുടെ പിന്മാറ്റവും എണ്ണക്കമ്പനികളുടെ ഡോളർ ആവശ്യത്തിലെ വർദ്ധനയും ഇന്ത്യൻ രൂപയ്ക്ക് സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ഇന്നലെ ഡോളറിനെതിരെ രൂപ 20 പൈസ നഷ്‌ടവുമായി റെക്കാഡ് താഴ്ചയായ 95.86ൽ എത്തി. രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് രൂപയുടെ മൂല്യത്തകർച്ച കടുത്ത വെല്ലുവിളി സൃഷ്‌ടിക്കും.
മൊത്ത വില സൂചിക ഉയർന്നു
ഏപ്രിലിൽ ഇന്ത്യയുടെ മൊത്ത വില സൂചിക മൂന്ന് മാസത്തിനിടെയിലെ ഉയർന്ന തലമായ 8.3 ശതമാനമായി. ഇന്ധന വില സൂചികയിലെ വർദ്ധനയാണ് പ്രധാന വെല്ലുവിളി.
പെട്രോൾ, ഡീസൽ വില കൂടും
പൊതുമേഖല എണ്ണക്കമ്പനികളുടെ നഷ്ടം കുതിച്ചുയരുന്നതിനാൽ പെട്രോൾ, ഡീസൽ എന്നിവയുടെ വിലവർദ്ധന അനിവാര്യമാണെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. അടുത്ത ദിവസങ്ങളിൽ സർക്കാർ ഇക്കാര്യം പ്രഖ്യാപിച്ചേക്കും. യുദ്ധം അനന്തമായി നീളുന്നതിനാൽ ഇന്ധന വില വർദ്ധിപ്പിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |