
കൊച്ചി: ദക്ഷിണ കൊറിയന്‍ ഓഹരികളിലെ കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തിന്റെ പ്രകമ്പനത്തില്‍ ആഗോള വിപണികള്‍ ഇന്നലെ തകര്‍ന്നടിഞ്ഞു. എ.ഐ മേഖലയുടെ സ്ഥിരത സംബന്ധിച്ച ആശങ്കകള്‍ ശക്തമായതോടെയാണ് റെക്കാഡ് ഉയരത്തില്‍ നിന്ന് കൊറിയയിലെ മുഖ്യ ഓഹരി സൂചികയായ കോസ്പി പത്ത് ശതമാനത്തിലധികം ഇടിഞ്ഞത്. നിക്ഷേപകര്‍ വില്‍പ്പന ശക്തമാക്കിയതോടെ 20 മിനിട്ട് ദക്ഷിണ കൊറിയയിലെ എക്സ്‌ചേഞ്ച് വ്യാപാരം നിറുത്തി. ലോകത്തിലെ മുന്‍നിര ചിപ്പ് നിര്‍മ്മാതാക്കളായ എസ്.കെ ഹൈനിക്‌സ്, സാംസംഗ് ഇലക്ട്രോണിക്സ് എന്നിവയുടെ ഓഹരി വില 12 ശതമാനത്തിലധികം ഇടിഞ്ഞു.
ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 200 ശതമാനത്തിലധികം വരുമാനം നല്‍കിയ ഈ കമ്പനികളുടെ മൂല്യം സംബന്ധിച്ച ആശങ്കകളാണ് തിരിച്ചടിയായത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ദീര്‍ഘകാലം ഉയര്‍ന്ന തലത്തില്‍ നിലനിറുത്തുമെന്ന ആശങ്കയും ഡോളറിന്റെ കുതിപ്പും പ്രതികൂലമായി. സ്വര്‍ണം, വെള്ളി, ക്രൂഡോയില്‍ വിലയും മൂക്കുകുത്തി. അമേരിക്ക മുതല്‍ യൂറോപ്പ് വരെയുള്ള പ്രധാന ഓഹരി വിപണികളും കനത്ത സമ്മര്‍ദ്ദത്തിലായി.
എ.ഐ ആവേശമൊഴിയുന്നു
രണ്ട് വര്‍ഷമായി നിര്‍മ്മിത ബുദ്ധി (എ.ഐ) വിപ്ലവത്തിന്റെ പ്രതീക്ഷകളില്‍ കുതിച്ചുയര്‍ന്നിരുന്ന ടെക്നോളജി ഓഹരികളിലാണ് വിലയിടിവ് രൂക്ഷമായത്. എ.ഐ ഡാറ്റ സെന്ററുകളിലും ചിപ്പ് നിര്‍മ്മാണത്തിലും കമ്പനികള്‍ നടത്തുന്ന ഭീമമായ നിക്ഷേപങ്ങള്‍ക്ക് ആനുപാതികമായ വരുമാന വളര്‍ച്ച ലഭിക്കില്ലെന്ന ആശങ്കയാണ് നിക്ഷേപ വിശ്വാസത്തെ ബാധിച്ചത്.
സ്വര്‍ണ വില മൂക്കുകുത്തി
അമേരിക്കയില്‍ നാണയപ്പെരുപ്പ ഭീഷണി ശക്തമായതിനാല്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് മുഖ്യ പലിശ അടുത്ത ദിവസം ഉയര്‍ത്തുമെന്ന പ്രവചനങ്ങള്‍ സ്വര്‍ണ വിലയില്‍ കനത്ത ഇടിവുണ്ടാക്കി. പലിശ ഉയരുമെന്ന പ്രതീക്ഷയില്‍ ഡോളറും യു.എസ് ബോണ്ടുകളും കരുത്താര്‍ജിച്ചു. പലിശ ലഭിക്കാത്ത സ്വര്‍ണത്തിന് പകരം ഉയര്‍ന്ന വരുമാനം നല്‍കുന്ന ബോണ്ടുകളിലേക്ക് നിക്ഷേപകര്‍ നീങ്ങിയതാണ് തിരിച്ചടിയായത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 75 ഡോളര്‍ ഇടിഞ്ഞ് 4,117 ഡോളറിലെത്തി. കേരളത്തില്‍ ഇന്നലെ രണ്ട് തവണയായി പവന്‍ വില 2,480 രൂപ കുറഞ്ഞ് 1,06,040 രൂപയിലെത്തി.
ക്രൂഡില്‍ വിലയിടിവ് തുടരുന്നു
ഇറാനെതിരെ അമേരിക്ക ഉപരോധം പിന്‍വലിച്ചതോടെ രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില വീണ്ടും ഇടിഞ്ഞു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 77 ഡോളറിലെത്തി. അമേരിക്കയിലെ ഡബ്ള്യു.ടി.ഐ ക്രൂഡ് വില ബാരലിന് 70 ഡോളറിലേക്ക് താഴ്ന്നു. ആഗോള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്കയും എണ്ണ വിലയെ ബാധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |