
ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നു
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം ഇന്ധന പ്രതിസന്ധി രൂക്ഷമാക്കുന്നതിനാൽ കടുത്ത ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിക്കാൻ പൊതുമേഖല സ്ഥാപനങ്ങളോട് കേന്ദ്ര സർക്കാർ നിർദേശിച്ചു. വിദേശ, ആഭ്യന്തര യാത്രകൾ ചുരുക്കുന്നതു മുതൽ വൈദ്യുതി വാഹനങ്ങളിലേക്ക്(ഇ.വി) ഘട്ടംഘട്ടമായി മാറുന്നതിനും ശ്രമിക്കണമെന്ന് പൊതുമേഖല ബാങ്കുകൾ, ഇൻഷ്വറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയോട് ആവശ്യപ്പെട്ടു. സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ(എസ്.ബി.ഐ), എൽ.ഐ.സി. ബാങ്ക് ഒഫ് ബേറാഡ തുടങ്ങിയ സ്ഥാപനങ്ങൾക്കും അവയിലെ ജീവനക്കാർക്കുമാണ് ഇതു സംബന്ധിച്ച ഉത്തരവ് നൽകിയത്. ക്രൂഡോയിൽ വില ഉയർന്ന തലത്തിൽ തുടരുന്നതിനാൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം. യുദ്ധ സാഹചര്യം കണക്കിലെടുത്ത് ഇന്ധന ഉപയോഗം കുറയ്ക്കാനും ഒരു വർഷത്തേക്ക് സ്വർണം വാങ്ങൽ ഒഴിവാക്കാനും വിദേശ യാത്ര ഉപേക്ഷിക്കാനും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അഹ്വാനത്തിന് പിന്നാലെയാണ് ധനകാര്യ സേവന വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
പ്രധാന നിർദേശങ്ങൾ
1. നേരിട്ടുള്ള പങ്കാളിത്തം അത്യാവശ്യമില്ലാത്ത എല്ലാ യോഗങ്ങളും അവലോകനങ്ങളും ചർച്ചകളും ഓൺലൈനാക്കണം
2.പൊതുമേഖല സ്ഥാപനങ്ങളുടെ ചെയർമാൻമാർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ വിദേശ യാത്ര ഒഴിവാക്കണം
3. വിദേശ രാജ്യങ്ങളിലെ സ്ഥാപനങ്ങളുമായി നടത്തുന്ന ഇടപാടുകൾ പരമാവധി വെർച്വൽ മോഡിൽ തുടരണം
4. വാടകയ്ക്ക് എടുക്കുന്നവ ഉൾപ്പെടയുള്ള പെട്രോൾ, ഡീസൽ വാഹനങ്ങൾ ഘട്ടംഘട്ടമായി ഇ.വികളായി മാറ്റണം
റെക്കാഡ് തകർച്ച തുടർന്ന് രൂപ
ആഗോള വിപണിയിൽ ബോണ്ടുകളുടെ മൂല്യത്തിലെ കുതിപ്പും ഉയരുന്ന ക്രൂഡോയിൽ വിലയും ഇന്ത്യൻ രൂപയുടെ തകർച്ച രൂക്ഷമാക്കുന്നു. പൊതുമേഖല എണ്ണക്കമ്പനികളും വിദേശ ധനകാര്യ സ്ഥാപനങ്ങളും വലിയ തോതിൽ ഡോളർ വാങ്ങിക്കൂട്ടിയതോടെ രൂപയുടെ മൂല്യം ഇന്നലെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന തലമായ 96.34ൽ വ്യാപാരം പൂർത്തിയാക്കി. ഏഴ് ദിവസത്തിനിടെ രൂപയുടെ മൂല്യത്തിൽ രണ്ട് ശതമാനം ഇടിവുണ്ടായി.
രൂപ@96.35
ക്രൂഡോയിൽ വില
108 ഡോളറിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |