
കൊച്ചി: നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി അഭ്യന്തര മൊത്തം ഉത്പാദനത്തിന്റെ(ജി.ഡി.പി) 2.3 ശതമാനമായി ഉയരുമെന്ന് പ്രമുഖ വിദേശ ഗവേഷണ ഏജൻസിയായ എച്ച്.എസ്.ബി.സിയുടെ പഠന റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കറന്റ് അക്കൗണ്ട് കമ്മി ജി.ഡി.പിയുടെ 0.9 ശതമാനമായിരുന്നു. ബാലൻസ് ഒഫ് പേയ്മെന്റിലെ കമ്മി 6,500 കോടി ഡോളറാകുമെന്നും അവർ പറയുന്നു. മുൻവർഷമിത് 3,500 കോടി ഡോളറായിരുന്നു. ശരാശരി ക്രൂഡോയിൽ വില 96 ഡോളറാകുമെന്നാണ് എച്ച്.എസ്.ബി,സിയുടെ വിലയിരുത്തൽ.
നടപ്പുവർഷം രാജ്യത്തെ ഓഹരി വിപണിയിൽ നിന്ന് വിദേശ ധനകാര്യ സ്ഥാപനങ്ങൾ 2.16 ലക്ഷം കോടി രൂപ പിൻവലിച്ചതും കറന്റ് അക്കൗണ്ട് കമ്മി ഉയരാൻ ഇടയാക്കും.
ക്രൂഡ് വില നിർണായകം
നാല് മാസമായി ആഗോള ക്രൂഡോയിൽ വില ബാരലിന് ഡോളറിന് മുകളിലാണ്. ഏപ്രിലിൽ ഇന്ത്യയുടെ ഇറക്കുമതി ബിൽ 7190 കോടി ഡോളറായി കുത്തനെ ഉയർന്നിരുന്നു. ഇറക്കുമതി ചെലവിലെ വർദ്ധനയ്ക്ക് ആനുപാതികമായി കയറ്റുമതി വളർച്ച നേടാത്തതിനാൽ ഏപ്രിലിൽ രാജ്യത്തെ വ്യാപാര കമ്മി 2,840 കോടി ഡോളറായി ഉയർന്നിരുന്നു. മുൻവർഷം ഇതേ കാലയളവിൽ വ്യാപാര കമ്മി 2,700 കോടി ഡോളറായിരുന്നു. ക്രൂഡോയിൽ, സ്വർണം എന്നിവയുടെ ഇറക്കുമതി കുത്തനെ കൂടിയതാണ് സ്ഥിതി ആശങ്കാജനകമാക്കുന്നത്.
ഏപ്രിലിലെ മൊത്തം ഉത്പന്ന ഇറക്കുമതി
7,194 കോടി ഡോളർ
സ്വർണ ഇറക്കുമതി 81.7 ശതമാനം ഉയർന്ന് 563 കോടി ഡോളറായി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |