
ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നു
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം ഇന്ധന പ്രതിസന്ധി രൂക്ഷമാക്കുന്നതിനാല്‍ കടുത്ത ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കാന്‍ പൊതുമേഖല സ്ഥാപനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. വിദേശ, ആഭ്യന്തര യാത്രകള്‍ ചുരുക്കുന്നതു മുതല്‍ വൈദ്യുതി വാഹനങ്ങളിലേക്ക്(ഇ.വി) ഘട്ടംഘട്ടമായി മാറുന്നതിനും ശ്രമിക്കണമെന്ന് പൊതുമേഖല ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയോട് ആവശ്യപ്പെട്ടു. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ(എസ്.ബി.ഐ), എല്‍.ഐ.സി. ബാങ്ക് ഒഫ് ബേറാഡ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും അവയിലെ ജീവനക്കാര്‍ക്കുമാണ് ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയത്. ക്രൂഡോയില്‍ വില ഉയര്‍ന്ന തലത്തില്‍ തുടരുന്നതിനാല്‍ ഇന്ത്യയുടെ വിദേശ നാണയ ശേഖരം സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം. യുദ്ധ സാഹചര്യം കണക്കിലെടുത്ത് ഇന്ധന ഉപയോഗം കുറയ്ക്കാനും ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങല്‍ ഒഴിവാക്കാനും വിദേശ യാത്ര ഉപേക്ഷിക്കാനും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അഹ്വാനത്തിന് പിന്നാലെയാണ് ധനകാര്യ സേവന വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
പ്രധാന നിര്‍ദേശങ്ങള്‍
1. നേരിട്ടുള്ള പങ്കാളിത്തം അത്യാവശ്യമില്ലാത്ത എല്ലാ യോഗങ്ങളും അവലോകനങ്ങളും ചര്‍ച്ചകളും ഓണ്‍ലൈനാക്കണം
2.പൊതുമേഖല സ്ഥാപനങ്ങളുടെ ചെയര്‍മാന്‍മാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിദേശ യാത്ര ഒഴിവാക്കണം
3. വിദേശ രാജ്യങ്ങളിലെ സ്ഥാപനങ്ങളുമായി നടത്തുന്ന ഇടപാടുകള്‍ പരമാവധി വെര്‍ച്വല്‍ മോഡില്‍ തുടരണം
4. വാടകയ്ക്ക് എടുക്കുന്നവ ഉള്‍പ്പെടയുള്ള പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഘട്ടംഘട്ടമായി ഇ.വികളായി മാറ്റണം
റെക്കാഡ് തകര്‍ച്ച തുടര്‍ന്ന് രൂപ
ആഗോള വിപണിയില്‍ ബോണ്ടുകളുടെ മൂല്യത്തിലെ കുതിപ്പും ഉയരുന്ന ക്രൂഡോയില്‍ വിലയും ഇന്ത്യന്‍ രൂപയുടെ തകര്‍ച്ച രൂക്ഷമാക്കുന്നു. പൊതുമേഖല എണ്ണക്കമ്പനികളും വിദേശ ധനകാര്യ സ്ഥാപനങ്ങളും വലിയ തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതോടെ രൂപയുടെ മൂല്യം ഇന്നലെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന തലമായ 96.34ല്‍ വ്യാപാരം പൂര്‍ത്തിയാക്കി. ഏഴ് ദിവസത്തിനിടെ രൂപയുടെ മൂല്യത്തില്‍ രണ്ട് ശതമാനം ഇടിവുണ്ടായി.
രൂപ@96.35
ക്രൂഡോയില്‍ വില - 108 ഡോളറില്‍
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |