കൊച്ചി: ഓണം നാട്ടിലാഘോഷിക്കുന്നതിനായി കാത്തിരിക്കുന്നവരാണ് എല്ലാ മലയാളികളും. എന്നാൽ ടിക്കറ്റിന്റെ നിരക്ക് കുത്തനെ കൂട്ടി പ്രവാസികൾക്ക് ഇരുട്ടടി നൽകുകയാണ് വിമാനക്കമ്പനികൾ. ഓണാവധിക്ക് ശേഷം കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികൾ ടിക്കറ്റിനായി നൽകേണ്ടി വരുന്നത് വലിയ തുകയാണ്. ഓണാവധി കഴിഞ്ഞുള്ള ഓഗസ്റ്റ് അവസാനവാരത്തിലെ ടിക്കറ്റ് നിരക്കാണ് കമ്പനികൾ കുത്തനെ ഉയർത്തിയിരിക്കുന്നത്.
ഓണക്കാലത്ത് നാട്ടിലെത്താനും തിരികെപോകാനും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യാത്ത പ്രവാസികൾക്ക് വലിയ തുക ചെലവഴിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ആവശ്യക്കാർ വർദ്ധിച്ചതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് പല മടങ്ങായി ഉയർത്തിയതായാണ് റിപ്പോർട്ട്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകളിലാണ് നിരക്ക് വർദ്ധന ഏറ്റവും കൂടുതൽ പ്രകടമായിരിക്കുന്നത്. സാധാരണ നിരക്കിനെ അപേക്ഷിച്ച് ടിക്കറ്റ് നിരക്ക് 10 മുതൽ 15 മടങ്ങ് വരെ ഉയർന്നതായാണ് റിപ്പോർട്ട്.
പെട്ടെന്നുള്ള നിരക്ക് വർദ്ധനവിൽ സംസ്ഥാന സർക്കാരും കേരളത്തിലെ എംപിമാരും ഇടപെടണമെന്നാണ് എയർ ട്രാവൽ ഏജൻസികൾ ആവശ്യപ്പെടുന്നത്. ഓണം കഴിഞ്ഞ് തിരികെ പോകേണ്ട പ്രവാസികൾക്കും വിദ്യാർത്ഥികൾക്കും നിരക്ക് വർദ്ധന വലിയ സാമ്പത്തിക ബാദ്ധ്യതയാണ് സൃഷ്ടിക്കുന്നത്. വിമാന കമ്പനികൾ ഉത്സവകാലത്തെ യാത്രക്കാരുടെ തിരക്ക് മുതലെടുത്ത് നിരക്ക് വർദ്ധിപ്പിക്കുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. 12000 രൂപ മുതൽ 22,000 രൂപ വരെ ടിക്കറ്റ് നിരക്കിൽ നാട്ടിലെത്തിയ പ്രവാസികൾക്ക് തിരികെ ജോലിക്കായി ഗൾഫിൽ എത്തണമെങ്കിൽ 80,000 മുതൽ 1,40,000 രൂപ വരെ മുടക്കേണ്ട അവസ്ഥയാണുള്ളത്.
Air ticket prices for Malayali expatriates returning to Gulf countries post-Onam have surged dramatically. Airlines are reportedly hiking fares 10 to 15 times, with some tickets now reaching up to 1.4 lakh rupees. This significant increase, attributed to festival demand, is burdening NRIs. Air travel agencies are calling for immediate government intervention.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |