ഇംഫാൽ: മണിപ്പൂരിൽ എം.എൽ.എയുടെ വീട്ടിൽ ബോംബ് സ്‌ഫോടനം. എം.എൽ.എയും സർക്കാർ വക്താവുമായ സപാം രഞ്ജൻ സിംഗിന്റെ ഇംഫാൽ വെസ്റ്റിലെ കൊന്തൗജം മായൈ ലെയ്‌കൈയിലെ വീട്ടിലാണ് ഇന്നലെ പുലർച്ചെ ഒന്നരയോടെ സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് എംഎൽഎ അറിയിച്ചു.
പുലർച്ചെ വലിയ ശബ്ദം കേട്ടതോടെ വീട്ടിൽ പരിഭ്രാന്തി പടർന്നതായി സപാം രഞ്ജൻ സിംഗ് പറഞ്ഞു. സംഭവത്തിന് മുമ്പ് യാതൊരു ഭീഷണിയും ലഭിച്ചിരുന്നില്ലെന്നും ആരുമായും വ്യക്തിവൈരാഗ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'മുൻകൂട്ടി യാതൊരു ഭീഷണിയും ഉണ്ടായിരുന്നില്ല. എനിക്ക് ആരുമായും ശത്രുതയില്ല. സംഭവംആശങ്കാജനകമാണ്' എം.എൽ.എ പറഞ്ഞു.
ജനവാസം ഏറെയുള്ള കൊന്തൗജം മായൈ ലെയ്‌കൈ പ്രദേശത്താണ് സ്‌ഫോടനം നടന്നത്. തിരക്കേറിയ മേഖലയായതിനാൽ സ്‌ഫോടനം ഉണ്ടായതിനെ തുടർന്ന് സാധാരണക്കാരുടെ സുരക്ഷയെക്കുറിച്ചും ആശങ്ക ഉയർത്തിയിട്ടുണ്ട്. മണിപ്പൂരിൽ ബോംബാക്രമണങ്ങളും മറ്റ് അക്രമപ്രവർത്തനങ്ങളും നടത്തുന്നതിന്റെ ലക്ഷ്യം എന്താണെന്ന് സപാം രഞ്ജൻ സിംഗ് ചോദിച്ചു. 'ഇത്തരം പ്രവർത്തനങ്ങളിലൂടെ മണിപ്പൂരിന് എന്താണ് ലഭിക്കുന്നത്? എന്താണ് ഇതിന്റെ ലക്ഷ്യം? ഒരു കാരണവുമില്ലാതെ ബോംബാക്രമണങ്ങളും മറ്റും നടത്തുന്നതുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാകുന്നത്?'-അദ്ദേഹം ചോദിച്ചു.
ഇത്തരം സംഭവങ്ങൾക്ക് യാതൊരു ലക്ഷ്യങ്ങളുമില്ലെന്നും സാധാരണക്കാർക്കിടയിൽ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുകയാണെന്നും എംഎൽഎ പറഞ്ഞു. എംഎൽഎമാരുൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും ജനവാസകേന്ദ്രങ്ങളിലെ സാധാരണക്കാരുടെയും സുരക്ഷ സംബന്ധിച്ചും സംഭവത്തോടെ ആശങ്ക ഉയർന്നിട്ടുണ്ട്. സ്‌ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഉപയോഗിച്ച സ്‌ഫോടകവസ്തു ഏതാണെന്നും എത്രത്തോളം നാശനഷ്ടമുണ്ടായെന്നും ആക്രമണത്തിന് പിന്നിൽ ആരാണെന്നും ലക്ഷ്യമെന്താണെന്നും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അന്വേഷണം തുടരുകയാണ്.
A bomb exploded early yesterday morning at the Imphal West residence of Manipur MLA and government spokesperson Sapam Ranjan Singh. No injuries were reported in the incident. The MLA expressed shock, stating no prior threats or personal enmity existed. The explosion in the densely populated area has raised concerns about public safety and the motives behind such attacks in Manipur.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |