
ഓസ്‌ലോ: 'ഇവിടെ ദിവസവും എത്ര വാർത്തകൾ വരുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ? അജ്ഞാതമായ ചില എൻ.ജി.ഒകളുടെ വ്യാജ റിപ്പോർട്ടുകൾ വായിച്ചുമാത്രം ഇന്ത്യയെ വിലയിരുത്താൻ വരരുത്"-യൂറോപ്പ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയില്ലെന്ന ആരോപണത്തിൽ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (വെസ്റ്റ്) സിബി ജോർജ് ചുട്ടമറുപടി നൽകി. നോർവേയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഇന്ത്യക്കും മോദിക്കുമെതിരെ ഉയർന്ന ആരോപണങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകിയത്. ഇന്ത്യയിലെ ജനാധിപത്യ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും എന്തിന് വിശ്വസിക്കണം എന്ന മാദ്ധ്യമപ്രവർത്തകയുടെ ചോദ്യത്തിന്, ഇന്ത്യയുടെ പാരമ്പര്യവും ചരിത്രവും വ്യക്തമാക്കിക്കൊണ്ട് സിബി മറുപടി നൽകി.
'ഒന്നും അറിയാതെ ഇന്ത്യയെ വിലയിരുത്തരുത്. ഇവിടെ ദിവസവും എത്ര വലിയ വാർത്തകളാണ് പുറത്തുവരുന്നതെന്ന് നിങ്ങൾക്ക് അറിയാമോ? ഓരോ ദിവസവും വൈകിട്ട് എത്ര ബ്രേക്കിംഗ് ന്യൂസുകളാണ് ഇന്ത്യയിലുണ്ടാകുന്നത്?
ഇംഗ്ലീഷ്, ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിലായി കുറഞ്ഞത് 200 ടി.വി ചാനലുകളെങ്കിലുമുണ്ട്. ആ വലിയ ക്യാൻവാസിനെക്കുറിച്ച് ഇവിടെയുള്ളവർക്ക് ധാരണയില്ല. എവിടെയോ ഉള്ള, അറിവില്ലാത്ത ചില എൻ.ജി.ഒകൾ എഴുതിപ്പിടിപ്പിക്കുന്ന വ്യാജ റിപ്പോർട്ടുകൾ മാത്രം വായിച്ചാണ് പലരും ചോദ്യങ്ങളുന്നയിച്ച് പരിഹസിക്കാൻ ശ്രമിക്കുന്നത്. ഇന്ത്യൻ ഭരണഘടന രാജ്യത്തെ ഓരോ പൗരനും മൗലികാവകാശങ്ങൾ ഉറപ്പുനൽകുന്നു. അവ ലംഘിക്കപ്പെട്ടാൽ ശക്തമായ നിയമവ്യവസ്ഥ ഇവിടെയുണ്ട്.
പാശ്ചാത്യ രാജ്യങ്ങൾ സ്ത്രീകൾക്ക് വോട്ടവകാശം നൽകാൻ മടിച്ച കാലത്ത്, സ്വാതന്ത്ര്യം കിട്ടിയ നിമിഷം മുതൽ ഇന്ത്യ അത് നടപ്പിലാക്കി. പല വികസിത രാജ്യങ്ങളും ഇന്ത്യ വോട്ടവകാശം നൽകി ദശാബ്ദങ്ങൾക്ക് ശേഷമാണ് സ്ത്രീകൾക്ക് വോട്ടവകാശം നൽകിയത്.
ജനങ്ങളുടെ അവകാശങ്ങളും മൗലികാവകാശങ്ങളും കൃത്യമായി ഉറപ്പുനൽകുന്ന ശക്തമായ ഭരണഘടനയാണ് ഇവിടെയുള്ളത്. ഞങ്ങൾ സമത്വത്തിലും യഥാർത്ഥ മനുഷ്യാവകാശങ്ങളിലും വിശ്വസിക്കുന്നു. മനുഷ്യാവകാശങ്ങളുടെ ഏറ്റവും മികച്ച ഉദാഹരണം സർക്കാരിനെ മാറ്റാനുള്ള അവകാശം, വോട്ടവകാശമാണ്. അതാണ് ഇവിടെ സംഭവിക്കുന്നത്. ഞങ്ങൾ അതിൽ അഭിമാനിക്കുന്നു-അദ്ദേഹം പറഞ്ഞു.
കോട്ടയം പാലാ സ്വദേശിയാണ് സിബി ജോർജ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |